- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുകെയിലെ കിടിലൻ തണുപ്പിൽ തണുത്തു വിറച്ചു നടി ലെന; നതാലിയ സംവിധാനം ചെയ്യുന്ന സിനിമയുടെ ബിർമിങ്ഹാം ലൊക്കേഷനിൽ നിന്നും നടി പങ്കിടുന്ന വിശേഷങ്ങൾക്ക് കാതോർത്തു ആരാധകർ; ഒരു ദിവസം മുഴുവൻ കയ്യിൽ ടാറ്റൂ ചെയ്തു യുകെ വരവ് ആഘോഷമാക്കി താരം
ലണ്ടൻ: അടുത്ത രണ്ടാഴ്ച രാവും പകലും ഒരേവിധം മൈനസ് താപനിലയിൽ നീങ്ങുന്ന കാഴ്ചയാണ് ബ്രിട്ടനിൽ. വർഷങ്ങളായി യുകെയിൽ ജീവിക്കുന്ന മലയാളികൾ പോലും കിടുകിടാ വിറച്ചു മനസാ ശപിച്ചു കഴിയുന്ന കാലം. ഇതിനിടയിൽ എങ്ങാനും കൊടും ചൂടിൽ വെന്തുരുകുന്ന കേരളത്തിൽ നിന്ന് ആരെങ്കിലും ഈ തണുപ്പിലേക്ക് എത്തിയാലുള്ള അവസ്ഥ എന്തായിരിക്കും. ഒരുപക്ഷെ ആദ്യ ഒന്നോ രണ്ടോ ദിവസം അടിപൊളിയെന്നൊക്കെ പറഞ്ഞു തണുപ്പിൽ രസം കണ്ടെത്തുമായിരിക്കും. എന്നാൽ പിന്നീടങ്ങോട്ട് പരിചയമില്ലാത്ത കാലാവസ്ഥയിൽ കുടുങ്ങി പോവുക തന്നെ ചെയ്യും. എന്നാൽ താൻ ഇതിലൊന്നും അത്ര കുലുങ്ങില്ല എന്ന ഭാവമാണ് ഇപ്പോൾ യുകെയിൽ എത്തിയിരിക്കുന്ന മലയാള സിനിമയിലെ പ്രധാന താരങ്ങളിൽ ഒരാളായ ലെന പങ്കുവയ്ക്കുന്ന അനുഭവം.
ബ്രിട്ടനിലെ തണുത്തുറഞ്ഞ ദിനങ്ങൾ താൻ ശരിക്കും ആസ്വദിക്കുകയാണെന്നും നടി പറയുന്നു. യുകെയിലെ മലയാളിയും നടനും എംഎൽഎയുമായ മുകേഷിന്റെ സഹോദരിയുടെ മകളുമായ നതാലിയ ശ്യാം സംവിധാനം ചെയുന്ന ഫുട് പ്രിന്റ്സ് ഓൺ വാട്ടർ എന്ന സിനിമയുടെ ഭാഗമായാണ് ലെനയും മറ്റു ചില പ്രധാന താരങ്ങളും ഇപ്പോൾ യുകെയിൽ എത്തിയിരിക്കുന്നത്. നതാലിയയുടെ സഹോദരിയായ കവൻട്രി മലയാളി നിത ശ്യാം എഴുതിയ കഥയിൽ നിന്നുമാണ് ഈ സിനിമ പിറക്കുന്നത് എന്ന വിശേഷം കൂടിയാകുമ്പോൾ ഇത് പൂർണമായും ഒരു യുകെ മലയാളി സിനിമ കൂടിയായി മാറുകയാണ്.
ചിത്രീകരണത്തിന്റെ ഇടവേളകളിൽ ലഭിക്കുന്ന അവസരമൊക്കെ ബ്രിട്ടീഷ് ജീവിതത്തിന്റെ താളങ്ങൾ കണ്ടെത്താനുള്ള അവസരം താൻ നഷ്ടപ്പെടുത്തുന്നില്ല എന്നാണ് ലെന സോഷ്യൽ മീഡിയ കുറിപ്പുകളിൽ വക്തമാക്കുന്നത്. ഏതാനും ദിവസം മുൻപ് എട്ടു മണിക്കൂർ സമയമെടുത്ത് കൈയിൽ വരച്ചു ചേർത്ത വലിയ ടാറ്റൂവും നടി ആരാധകർക്കായി ഫോട്ടോയിട്ട് പോസ്റ്റ് ചെയ്തിരുന്നു. തികച്ചും അവിചാരിതമായി യുകെയിൽ എത്തിയപ്പോൾ ക്രിസ്മസ് കാലവും പുതുവത്സരവും ആയി എന്നതും അധിക നേട്ടമായി കാണുകയാണ് യാത്രകളെ എന്നും ആസ്വദിക്കുന്ന ലെന.
ഇതിനിടയിൽ കഴിഞ്ഞ ആഴ്ച ബിർമിങ്ഹാം ഉൾപ്പെടെയുള്ള പ്രദേശത്തു വിരുന്നെത്തിയ മഞ്ഞുവീഴ്ചയും സിനിമ സംഘത്തിൽ പലർക്കും ആദ്യാനുഭവമായി. ആവേശം ഒട്ടും ചോരാതെ ഈ ചിത്രങ്ങൾ ഒക്കെ ലെന ഉൾപ്പെടെയുള്ളവർ സോഷ്യൽ മീഡിയ പേജുകൾ വഴി ആരാധകരിൽ എത്തിക്കുകയാണ്. കഴിഞ്ഞ വര്ഷം മലേഷ്യയിൽ നിർമ്മിച്ച കാതരം കൊണ്ടെൻ എന്ന തമിഴ് ചിത്രത്തിൽ പൊലീസ് ഓഫിസറായി മികച്ച വേഷമാണ് ലെനയ്ക്ക് ലഭിച്ചിരുന്നത്. സിനിമക്കായുള്ള ഓരോ വിദേശ യാത്രയും താരം എത്ര നന്നായി ആസ്വദിക്കുന്നു എന്നതും അവരുടെ അനുഭവക്കുറിപ്പുകളിൽ വക്തമാണ്.
യുകെയിലെ തന്നെ പ്രമുഖ ടാറ്റൂ ആർട്ടിസ്റ്റായ ടോണി ഇവാന്സിന്റെ ബിർമിൻഹാമിലെ ഓപ്യുലാന്റ് ഇങ്ക് എന്ന സ്ഥാപനത്തിൽ നിന്നുമാണ് ലെന കയ്യിൽ ടാറ്റൂ വരച്ചു ചേർത്തിരിക്കുന്നത് . ഒരു പക്ഷെ ലണ്ടൻ യാത്രയുടെ ഓർമ്മയ്ക്ക് ഇതുകൂടി ഇരിക്കട്ടെ എന്നാകാം ലെന കരുതിയത് . കാരണം നേരത്തെ ഉണ്ടായിരുന്ന ടാറ്റൂവിനു ഒപ്പമാണ് പുതിയത് കൂട്ടിച്ചേർത്തിരിക്കുന്നത് . കഴിഞ്ഞ വര്ഷം കോവിഡ് മൂലം ഒന്നും നടക്കില്ലെന്നു കരുതിയിരുന്നപ്പോഴാണ് വര്ഷാവസാനത്തിൽ ലണ്ടൻ സിനിമയുടെ വിളി എത്തുന്നത് . ഒട്ടും സമയം കളയാതെ ക്ഷണം സ്വീകരിക്കുക ആയിരുന്നു ലെന . സിനിമയിൽ അഭിനയിക്കുന്നതൊനൊപ്പം ലണ്ടൻ ഡയറീസ് എന്ന പേരിൽ യുകെ യാത്രയുടെ വിശേഷങ്ങൾ എല്ലാം വ്ലോഗ് ആയി ആരാധകർക്ക് എത്തിക്കുകയാണ് ലെനയിപ്പോൾ .
വര്ഷങ്ങളായി ബിർമിൻഹാമിൽ താമസിക്കുന്ന യുകെ മലയാളികൾക്ക് പോലും അറിയാത്ത നഗര വിശേഷങ്ങളാണ് ഇപ്പോൾ ലെന പങ്കിടുന്നത് . തന്നിലെ സഞ്ചാരിയുടെ കൗതുകം ഉണർന്നത് അതേ ആവേശത്തിൽ തന്നെയാണ് താരം പങ്കുവയ്ക്കാൻ ഓൺലൈനിൽ എത്തുന്നതും . ആയിരം വ്യാപാരങ്ങളുടെ നഗരം , ലോകത്തിന്റെ വർക് ഷോപ് എന്നൊക്കെ അറിയപ്പെടുന്ന ബിർമിൻഹാമിൽ ചരിത്രത്തിനു വലിയ സ്ഥാനം ഉണ്ടെങ്കിലും അതിന്റെ തിരുശേഷിപ്പുകൾ നഗരത്തിൽ അധികം കാണാൻ ഇല്ലാത്ത സങ്കടവും ലെനയ്ക്കുണ്ട് . വ്യാപാര നഗരം എന്ന വിശേഷണം മാറ്റി ടൂറിസ്റ് ഡെസ്റ്റിനേഷൻ ആയതോടെ ബിര്മിന്ഹം തിങ്ക് ടാങ്ക് , കാഡ്ബറി വേൾഡ് , സോളോ ഹൗസ് , മ്യുസിയം ആൻഡ് ആര്ട്ട് ഗാലറി , ആസ്റ്റൺ ഹാൾ എന്നിവയൊക്കെ കാണാൻ ഏതു സഞ്ചരിക്കും ആവതു കാരണമാണ് എന്ന് ലെന പറയുന്നു . ബൊട്ടാണിക്കൽ ഗാർഡൻ , ഗ്ലാസ് ഹൗസ് , നേച്ചർ സെന്റർ , കാനൻ ഹിൽ പാർക്ക് , ലക്കി ഹിൽസ്, സട്ടൻ പാർക്ക് എന്നിവയൊക്കെയും അധിക ആകർഷണം ആണെന്നും നടി സൂചന നൽകുന്നു . ചുരുങ്ങിയ ദിവസങ്ങളിൽ ഇവിടെയൊക്കെ കറങ്ങിയ സൂചനയും നടിയുടെ വാക്കുകളിൽ നിറയുന്നുണ്ട് . ഡാൻസ് ബാറുകളുടെയും ക്ളബുകളുടെയും സാന്നിധ്യവും വ്ലോഗിൽ എടുത്തു പറയുന്നു .
പൊലീസ് പിന്നാലെ കൂടുന്നതിനിടയിൽ നഷ്ടമായ മകളെ തിരയുന്ന മലയാളിയായ ഒരു അനധികൃത കുടിയേറ്റക്കാരന്റെ കഥ കൂടിയാണ് ഈ സിനിമ പറയുന്നത് . നതാലിയയുടെയും നിതയുടെയും അമ്മയും എഴുത്തുകാരിയും യുകെ മലയാളിയുമായ ജയശ്രീ യിൽ നിന്നും കേട്ടറിഞ്ഞ ആദ്യകാല കുടിയേറ്റ മലയാളികളുടെ ദുരിതവും പ്രയാസവും ഒക്കെ സിനിമയിൽ നിറയാൻ ഇടയുള്ളതിനാൽ ലോക പ്രവാസി മലയാളികൾക്ക് തന്നെ പിടയ്ക്കുന്ന നെഞ്ചകവുമായി കണ്ടിരിക്കാൻ ഉള്ള ഒട്ടേറെ മുഹൂർത്തങ്ങൾ നതാലിയയുടെ ഫ്രയിമിൽ ഉണ്ടാകുമെന്ന പ്രതീക്ഷയും ഈ സിനിമക്കായുള്ള കാത്തിരിപ്പിനു കാരണം കൂടിയാണ് .
സ്ത്രീ സംവിധായികയുടെ സിനിമയിൽ തീർച്ചയായും സ്ത്രീകൾ തന്നെ മുഖ്യ കഥാപാത്രം ആകുന്നു എന്ന സൂചനാ കൂടിയാണ് ലെനയുടെ സാന്നിധ്യം തെളിയിക്കുന്നത് . ഒരു സ്ത്രീ പക്ഷ സിനിമയെന്ന സൂചനയും ചിത്രത്തിന്റെ അണിയറ വിശേഷങ്ങൾ നൽകുന്നുണ്ട് . രണ്ടാം കോവിഡിന്റേയും ലോക് ഡൗണിന്റെയും ഒക്കെ പ്രയാസങ്ങൾ താണ്ടിയാണ് സിനിമ അവസാന ഘട്ട ഷൂട്ടിലേക്കു പുരോഗമിക്കുന്നത് . കഴിഞ്ഞ ഏതാനും മാസമായി ഛായാഗ്രാഹകനും സംവിധായകനുമായ അളകപ്പന്റെ നേതൃവത്വത്തിൽ ബിർമിങ്ഹാം അടക്കമുള്ള പ്രദേശങ്ങൾ കേന്ദ്രമാക്കിയാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത് .