കോതമംഗലം: നരകതുല്യമായ യാതനകൾക്കിടയിലും പ്രശസ്തയായ മകളുടെ സ്‌നേഹ-പരിലാളനങ്ങളും സംരക്ഷണവും സ്വപ്നം കണ്ടിരുന്ന കോതമംഗലം ചേലാട് പഴങ്ങര നെല്ലിക്കാട്ടിൽ വർക്കിയുടെ (75) ജീവിത യാത്രക്ക് അന്ത്യമായി. എഴുന്നേറ്റ് നിൽക്കാൻ പോലും പ്രാപ്തിയില്ലാതെ ഉറ്റവരുടെയും നല്ലമനസുള്ളവരുടെയും കാരുണ്യത്തിൽ ജീവിതം തള്ളി നീക്കിയിരുന്ന വർക്കി ഇന്നലെ വൈകിട്ടാണ് ഒരിക്കലും ഉണരാത്ത നിദ്രയിൽ അഭയം തേടിയത്. ഇന്ന് ഉച്ചയോടെ മൃതദ്ദേഹം കീരംപാറ സെന്റ് ജോസഫ് പള്ളിസെമിത്തേരിയിൽ സംസ്‌കരിക്കും. നടി ലിസിയുടെ പിതാവാണ് അന്തരിച്ച വർക്കി.

അപ്പച്ചാ എന്നുവിളിച്ച് മകൾ ലിസ്സി തന്റെ അരികിലെത്തുമെന്ന പ്രതീക്ഷ അവസാന നിമിഷങ്ങളിലും വർക്കി കാത്തുസൂക്ഷിച്ചിരുന്നെന്നാണ് സഹോദരൻ ബാബുവിന്റെ വെളിപ്പെടുത്തൽ. നടിയും പ്രമുഖ സംവിധായകൻ പ്രിയദർശന്റെ മുൻ ഭാര്യയുമായ ലിസി തന്റെ മകളാണെന്ന് സ്ഥാപിക്കാൻ നിയമനടപടികളുമായി വർക്കി രംഗത്തിറങ്ങിയിട്ട് വർഷങ്ങളായിരുന്നു. ഇത് സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങൾ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. കേസ് നടപടികളെത്തുടർന്ന് ആകെ ലിസ്സിയിൽ നിന്നും ഒരു ലക്ഷത്തിൽപ്പരം രൂപ ലഭിച്ചതൊഴിച്ചാൽ ജേഷ്ഠന് കാര്യമായ പ്രയോജനം ഉണ്ടായില്ലെന്നാണ് ബാബുവിന്റെ സ്ഥരീകരണം.

ഏതാനും വർഷങ്ങളായി പൂക്കാട്ടുപടിക്കടുത്ത് കങ്ങരപ്പടിയിലെ ബാബുവിന്റെ വീട്ടിലായിരുന്നു വർക്കിയുടെ താമസം. ഒരു വർഷത്തിലേറെയായി വർക്കി തീർത്തും അവശനായിരുന്നു. പത്ത് വർഷം മുമ്പ് കെട്ടിടത്തിന് മുകളിൽ നിന്നും വീണതിനെത്തുടർന്ന് കാൽ ഒടിഞ്ഞിരുന്നു. അടുത്ത കാലത്തായി ഈ കാലിന് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യആശുപത്രിയൽ കാണിച്ചപ്പോൾ ഓപ്പറേഷൻ നടത്തണമെന്നായിരുന്നു ഡോക്ടർമാരുടെ നിർദ്ദേശം. തുടർന്ന് ഓപ്പറേഷനടക്കമുള്ള വിദഗ്ധ ചികത്സ ലഭ്യമാക്കിയെങ്കിലും വർക്കി കട്ടിലിൽ നിന്നും എഴുന്നേറ്റില്ല. അന്ന് ലിസി അടക്കം ആരും സഹായിച്ചിരുന്നില്ല. സഹോദരനായ തനിക്ക് ഈ ഇനത്തിൽ നല്ലൊരു തുക ചെലവായിട്ടുണ്ടെന്നും സഹോദരൻ പറയുന്നു. ഇതിന്റെ ബില്ലുകളും രസീതുകളും സൂക്ഷിച്ചിട്ടുണ്ടെന്നും ബാബു മറുനാടനോട് വ്യക്തമാക്കി. അവശതയായ വേളയിലാണ് അദ്ദേഹം മകൾ ചെലവിന് നൽകണമെന്നാവശ്യപ്പെട്ട് നിയമനടപടിയിലേക്ക് നീങ്ങിയത്.

വർക്കി മൂന്ന് ദശാബ്ദത്തോളം ലിസിയുടെ അമ്മ ഏല്യമ്മയുമായി ദാമ്പത്യബന്ധത്തിലായിരുന്നു എന്നാണ് കുടുംമ്പാംഗങ്ങൾ പുറത്തുവിട്ടിട്ടുള്ളവിവരം. പിന്നീട് ഇവർ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്ന് വർക്കി ചേലാട് പഴങ്ങരയിൽ ചെറിയ വീടുവാങ്ങി മാറിതാസം ആരംഭിച്ചിരുന്നു. ഈ സമയം ഇയാൾക്കൊപ്പം കൊച്ചി സ്വദേശിനിയായ വിക്‌ടോറിയും ഉണ്ടായിരുന്നു. അടുത്ത കാലത്ത് രോഗബാധ കലശലായതോടെ ഇവർ സ്ഥലം വിട്ടു. പിന്നീട് ബാബുവെത്തി വർക്കിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പരിചരിച്ചു വരികയായിരുന്നു.

ഇതിനെത്തുടർന്ന് നടക്കാൻ പാടുപെട്ടിരുന്ന വർക്കിക്ക് സഹോദരൻ ബാബുവിന്റെ വീട്ടിൽ പണവും പ്രശസ്തിയുമുള്ള മകൾ തന്നേക്കാണാൻ വരുമെന്ന പിതാവല്ലെന്ന് തള്ളിപ്പറഞ്ഞ കോതമംഗലം പഴങ്ങര സ്വദേശി വർക്കിയെ കൂട്ടിക്കൊണ്ടുപോകുന്നതിന് നടി ലിസി നാട്ടിലെത്തിയിരുന്നതായി വെളിപ്പെടുത്തൽ.

വർക്കി താമസിക്കുന്ന പഴങ്ങരയിലെ കൊച്ചുവീട്ടിൽ വർഷങ്ങൾക്കു മുമ്പ് ലിസി എത്തിയിരുന്നെന്നും ഏറെ നേരം പണിപെട്ട് അന്വാഷിച്ചിട്ടും വർക്കിയെ കണ്ടെത്താനാവാതെ ലിസി മടങ്ങുകയായിരുന്നെന്നുമാണ് നാട്ടുകാർ നൽകുന്ന സൂചന. താറാവുകൂട്ടവുമായി പാടശേഖരങ്ങൾ തോറും കറങ്ങിയിരുന്ന വർക്കി ലിസി വന്നുപോയി ഏതാനും ദിവസങ്ങൾക്കു ശേഷമാണ് നാട്ടിലെത്തിയതെന്ന് അയൽവാസികൾ പറയുന്നു. പഴങ്ങര നെല്ലിക്കാട്ട് വി ഡി വർക്കി , മകളും സംവിധായകൻ പ്രിയദർശന്റെ ഭാര്യയുമായ ലിസി തനിക്ക് ജീവനാംശം നൽകുന്നില്ലെന്ന് കാണിച്ച് മുവാറ്റുപുഴ ആർ. ഡി. ഒ മുമ്പാകെ ഹർജി സമർപ്പിക്കുകയും മാസം 5500 രൂപ വീതം ചെലവിന് നൽകാൻ ആർ. ഡി. ഒ ഉത്തരവാകുകയും ചെയ്തിരുന്നു.

ഇതു സംബന്ധിച്ച് ആർ. ഡി. ഒ ഓഫീസിൽ നിന്നും ലിസിയുടെ ചെന്നൈ അഡ്രസിൽ അറിയിപ്പ് നൽകിയിരുന്നെങ്കിലും ലിസി ആദ്യം തിരിഞ്ഞു നോക്കിയില്ല. ഇതേ തുടർന്ന് വർക്കി അടുത്തിടെ ജില്ലാ കളക്ടർ പി. ഐ ഷെയ്ക്ക് പരീതിന് പരാതി സമർപ്പിക്കുകയും ഇതു പ്രകാരം ജീവനാംശം 10000 രൂപയായി ഉയർത്തുകയും ലിസിക്ക് കളക്ടർ നോട്ടീസയക്കുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തകളോട് പ്രതികരിക്കവെയാണ് വർക്കിയെ അറിയില്ലെന്ന വാദവുമായി ലിസി രംഗത്തുവന്നത്. ഒടുവിൽ കോടതി നടപടികൾ നേരിടേണ്ടി വരുമെന്ന ഘട്ടത്തിലാണ് ലിസി വർക്കിക്ക് ചെലവിന് കൊടുക്കാൻ തയ്യാറായത്.