ന്യൂഡൽഹി: ബോളിവുഡ് സൂപ്പർ ഹിറ്റ് ചിത്രം ക്വീനിന്റെ സംവിധായകൻ വികാസ് ബാൽ വീണ്ടും ലൈംഗികാരോപണ കുരുക്കിൽ. സിനിമയിൽ നായികയായി വേഷമിട്ട കങ്കണ റാണാവത്തിന് പിന്നാലെ സഹനടിയായ നയനി ദീക്ഷിതും വികാസിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. സിനിമയുടെ ഷൂട്ടിങ് സമയത്ത് വികാസ് തന്നോട് പലതവണ മോശമായി പെരുമാറിയെന്നും ലൈംഗികമായി സമീപിച്ചെന്നും നയനി ദീക്ഷിത് വെളിപ്പെടുത്തി.

ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ടൂ സ്റ്റാർ ഹോട്ടലാണ് ബാൽ നയനിക്ക് നൽകിയത്. അത് വേണ്ടെന്ന് പറഞ്ഞപ്പോൾ വികാസിന്റെ മുറിയിലേക്ക് തന്നെ ക്ഷണിക്കുകയും അന്ന് രാത്രി ഒന്നിച്ചുറങ്ങാമെന്ന് പറയുകയും ചെയ്തു. എന്നാൽ ക്ഷണം നിരസിച്ച നയനിയോട് പിറ്റേന്ന് ഷൂട്ടിങ് സൈറ്റിൽ വച്ച് കണ്ടപ്പോൾ പ്രതികാര ബുദ്ധിയോടെ പെരുമാറുകയും ചെയ്തു. തന്നോട് വളരെ മോശമായി പെരുമാറിയ വികാസ് ബാലിനോട് കൊല്ലുമെന്ന് പറയേണ്ടി വന്നു എന്നും നയനി ദീക്ഷിത്ത് വെളിപ്പെടുത്തുന്നു.ഷൂട്ടിങ് സൈറ്റിലെ മറ്റ് പെൺകുട്ടികളോടും ഇയാൾ ഇതേപോലെ പെരുമാറിയതായി തനിക്ക് അറിയാമെന്നും നയനി ദീക്ഷിത്ത് പറയുന്നു.

വസ്ത്രാലങ്കാര വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഒരു പെൺകുട്ടിയെ ഇയാൾ സ്ഥിരമായി ശല്യം ചെയ്തിരുന്നു. വികാസ് ബാലിനെതിരെ അണിയറ പ്രവർത്തകരിലൊരാളായ പെൺകുട്ടി രംഗത്ത് വന്നിരുന്നു. അതിന് ശേഷമാണ് കങ്കണ റാണാവത്തും നയനി ദീക്ഷിത്തും ലൈംഗികാരോപണവുമായി എത്തുന്നത്. പല സ്ത്രീകളും ഇയാൾക്കെതിരെ ആരോപണം നടത്തിയിരുന്നെങ്കിലും ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല. വികാസ് ബാൽ കൂടി അംഗമായ 'ഫാന്റം ഫിലിംസ്' ബാലിനെതിരെയുള്ള ലൈംഗിക ആരോപണങ്ങളെ തുടർന്ന് പ്രവർത്തനം അവസാനിപ്പിച്ചിരുന്നു.

ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപ് ഫാന്റെ ഫിലിംസിൽ അംഗമായിരുന്നു. ഈ കമ്പനി അവസാനിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്നായിരുന്നു നയനി ദീക്ഷിത്തിന്റെ പ്രതികരണം. വികാസ് ബാലിന്റെ അടുത്ത ചിത്രമായ സൂപ്പർ 30 ൽ നായകൻ ഹൃത്വിക് റോഷൻ ബാലിനെ എതിർത്ത് പ്രതികരിച്ചിരുന്നു, എന്നാൽ തനിക്കെതിരെ നടന്ന ലൈംഗിക ആരോപണങ്ങളെക്കുറിച്ച് വികാസ് ബാൽ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.