നടിയെ അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് മലയാള സിനിമയിൽ ശക്തമായ പൊട്ടിത്തെറി ഉണ്ടായിരിക്കുന്ന സമയമാണിത്. താര സംഘടനയായ അമ്മയും മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഇപ്പോഴും ശക്തമായി തുടരുകയാണ് ഇതിനിടയിലാണ് തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന് പറഞ്ഞ് നടി പാർവ്വതി രംഗത്തെത്തിയത്.

താര സംഘടനയായ എഎംഎംഎയിലെ പുരുഷാധിപത്യത്തിനെതിരായ പോരാട്ടത്തിൽ നിന്നും ഒരടി പോലും പിന്നോട്ട് പോകാൻ ഒരുക്കമല്ലെന്ന് നടി വ്യക്തമാക്കി. ഇപ്പോൾ സിനിമാ ലോകത്ത് വൻ പ്രശ്‌നങ്ങളാണ് തിളച്ച് മറിയുന്നത്. ഇതിന് പിന്നാലെ എന്തുതന്നെ സംഭവിച്ചാലും തന്റെ നിലപാടിൽ നിന്നും ഒട്ടും മാറില്ലെന്ന് പാർവ്വതി ഉറപ്പിച്ച് പറയുന്നു. ഒരു അഭിമുഖത്തിലാണ് പാർവ്വതി ഇക്കാര്യം വ്യക്തമാക്കിയത്.

തങ്ങളുടെ ശക്തമായ നിലപാടുകളുടെ പേരിൽ ഡബ്യുസിസിയിലെ അംഗങ്ങൾക്ക് അവസരങ്ങൾ നഷ്ടമാവുന്നുണ്ടെന്ന് പാർവതി പറഞ്ഞു. മീ റ്റു അനുഭവങ്ങൾ തുറന്നു പറയുന്ന ബോളിവുഡ് നടികൾക്ക് അവസരങ്ങൾ നഷ്ടമാവുന്നില്ല, എന്നാൽ മലയാളത്തിൽ പ്രതികരിക്കുന്ന നടിയുടെ അവസരങ്ങൾ നിഷേധിക്കുകയാണെന്നും പാർവ്വതി കൂട്ടിച്ചേർത്തു.

'ബോളിവുഡിൽ സ്ത്രീകൾ അവരുടെ അനുഭവങ്ങൾ തുറന്നു പറഞ്ഞ് മുന്നോട്ട് വരുന്നുണ്ട്. അസൂയ തോന്നുന്നു. കാരണം അവർക്ക് തുറന്നു പറച്ചിലിലൂടെ അവസരങ്ങൾ നഷ്ടമാവുന്നില്ല. നിങ്ങളുടെ ജോലി നഷ്ടപ്പെടില്ലെന്ന ഉറപ്പ് ബോളിവുഡിൽ നിന്ന് ലഭിക്കുന്നു. എന്നാൽ കേരളത്തിലെ അവസ്ഥ വ്യത്യസ്തമാണ്. ഡബ്യുസിസി അംഗങ്ങളായ ഞങ്ങൾക്ക് എല്ലാവർക്കും അവസരങ്ങൾ നിഷേധിക്കപ്പെടുകയാണ്. ഞങ്ങളോട് സംസാരിക്കുന്നതിൽ നിന്നു പോലും മറ്റുള്ളവർക്ക് വിലക്കുണ്ട്.

കേരളം പുരോഗമനാശയങ്ങൾ ഉയർത്തിപ്പിടിക്കുന്ന സംസ്ഥാനമാണ് എന്നുള്ളത് കടലാസ്സിൽ മാത്രമുള്ള കാര്യമാണ്. ഏറ്റവും മോശമായ കാര്യം ഇവിടുത്തെ താരാരാധനയാണ്. ഫാൻസ് അസോസിയോഷനുകൾ ഗുണ്ടാ സംഘങ്ങളായി മാറി കൊണ്ടിരിക്കുകയാണ്. എതിർത്ത് സംസാരിച്ചാൽ എന്തും സംഭവിക്കാം. ഞങ്ങളും ഞങ്ങളുടെ വീട്ടുകാരും ഭയന്നാണ് കഴിയുന്നത്. ചിലപ്പോൾ അവർ നമ്മുടെ വീട് വരെ അഗ്‌നിക്കിരയാക്കപ്പെട്ടെന്നു വരാം-പാർവതി പറഞ്ഞു.

തനിക്ക് ഇപ്പോൾ ആകെ ഒരു അവസരമാണ് ലഭിച്ചിട്ടുള്ളതെന്നും പാർവതി മറ്റൊരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കഴിഞ്ഞ നാലു വർഷത്തിനിടയ്ക്ക് എന്റെ സിനിമകൾ എല്ലാം തന്നെ ഹിറ്റായിരുന്നു ആ എനിക്കാണ് ഇപ്പോൾ ഒരു സിനിമാ ഓഫർ മാത്രം ലഭിച്ചിരിക്കുന്നത്. എന്റെ അമ്മ പറയുന്നുണ്ട് ഞാൻ എം.ബി.എ പഠിച്ചാൽ മതിയായിരുന്നുവെന്ന്-പാർവതി പറഞ്ഞു.