കൊച്ചി:ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൻ പീഡിപ്പിച്ചുവെന്ന് പരാതി നൽകിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി ജോർജ് എംഎൽഎയ്‌ക്കെതിരെ സമൂഹ മാധ്യമത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. ഇതിനിടെ പിസി ജോർജിന്റെ വിട്ടിലേക്ക് സെല്ലോ ടേപ്പ് അയയ്ച്ച് കൊടുത്തും പ്രതിഷേധം നടന്നിരുന്നു. റിമൂവ് പി.സി ജോർജ് എന്ന ഹാഷ്ടാഗും വായ മൂടെടാ പി.സി എന്ന ഹാഷ്ടാഗുമാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലാകുന്നത്. ഇതോടെയാണ് നടി പാർവ്വതിയും ക്യാമ്പയിനിൽ പങ്കെടുത്ത് പ്രതിഷേധം അറിയിച്ചത്.

'ഈ ക്യാമ്പയിനെ കുറിച്ചോർത്ത് അഭിമാനിക്കുന്നു. ഇയാളുടെ വൃത്തികെട്ട വാക്കുകൾ കൊണ്ടുള്ള ചർദ്ദി അവസാനിപ്പിക്കുക. നമ്മുടെ കന്യാസ്ത്രീയുടെ പോരാട്ട വീര്യത്തിന് സല്യൂട്ട്' എന്നും പാർവ്വതി സമൂഹ മാധ്യമത്തിൽ കുറിച്ചു. 'വായ്മൂടൽ ക്യാമ്പയിൻ', 'വായ മൂടെടാ പി.സി', 'പോട്ടി മൗത്ത് പി.സി' എന്നീ ഹാഷ് ടാഗുകളോടെ പാർവതി കുറിച്ചത്

സംഭവത്തിൽ ജോർജിനെതിരെ ബോളിവുഡ് താരങ്ങളടക്കം പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇരയെ ഭയപ്പെടുത്താനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതെന്നും വിഷയത്തിൽ വനിതാ കമ്മീഷൻ ഇടപെടണമെന്നും ബോളിവുഡ് താരം രവീണ ടണ്ടൻ അഭിപ്രായപ്പെട്ടു. മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും ധ്രുവീകരണം സമൂഹത്തെ മലിനമാക്കുന്നതായും ഇത് ഛർദിക്കാൻ ഇട വരുത്തുന്നുവെന്നും നടി സ്വര ഭാസ്‌കർ ട്വീറ്റ് ചെയ്തു.

ജോർജിനെതിരേ നിയമ നടപടിക്കൊരുങ്ങി ദേശീയ വനിതാ കമ്മീഷൻ രംഗത്ത് വന്നിട്ടുണ്ട്. ഈ മാസം 20 ന് ജോർജ് നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് സമൻസ് അയച്ചിരിക്കുകയാണ്. കോട്ടയത്ത് വച്ചാണ് എംഎ‍ൽഎ കന്യാസ്ത്രീയെ അധിക്ഷേപിച്ച് സംസാരിച്ചത്.

പാർവതിയുടെ ട്വിറ്റർ പോസ്റ്റ്