ഡബ്ല്യുസിസി ഉന്നയിച്ച ചോദ്യങ്ങളെ അഭിമുഖീകരിക്കാതെ ശ്രദ്ധമാറ്റാൻ അമ്മ ശ്രമിക്കുന്നെന്ന് നടി പാർവതി. എഎംഎംഎ പ്രതീക്ഷയില്ല ഭിന്നതയാണെന്നും എന്താണ് നിലപാടെന്ന് മനസിലാകുന്നില്ലെന്നും പാർവതി പറയുന്നു. എഎംഎംഎ അംഗങ്ങളായ താനടക്കമുള്ളവർ ചെയ്ത തെറ്റ് എന്തെന്ന് വ്യക്തമാക്കിയാലേ മാപ്പുപറയാനാകുവെന്നും പാർവതി വ്യക്തമാക്കി. കെപിഎസി ലളിതയുടെ നിലപാട് വേദനിപ്പിച്ചെന്നും പാർവതി പറഞ്ഞു.

അമ്മയിലെ അംഗം ആക്രമിക്കപ്പെട്ടതിനെ തുടർന്ന് ആ സംഘടനയിലെ അംഗമെന്ന നിലയിലുള്ള അവകാശം വച്ചാണ് ചില കാര്യങ്ങൾ ചോദിച്ചത്. കുറ്റാരോപിതൻ സംഘടനയിലുണ്ടോ ഇല്ലയോ? എന്ന ലളിതമായ ചോദ്യമാണ് പ്രധാനം. എന്നാൽ അതിന് ഉത്തരം പറയാതെ ശ്രദ്ധതിരിച്ചുവിടാനാണ് ശ്രമം.

മോഹൻലാലിനെയോ മമ്മൂട്ടിയെയോ പറിച്ചെറിയാനോ അകറ്റിനിർത്താനോ ആരും ശ്രമിച്ചിട്ടില്ല. സുരക്ഷിതമായ ജോലിക്ക് എങ്ങനെ നിയമം നടപ്പാക്കാം എന്നാണ് ചർച്ച നടന്നത്. അമ്മ ചാരിറ്റബിൾ സംഘടന മാത്രമല്ല, അംഗങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യതയുമുണ്ട്.സംഘടനയിൽ തിരിച്ചെടുക്കേണ്ടതിനായി മാപ്പുപറയേണ്ടത് എന്തിനാണെന്ന് എഎംഎംഎ വ്യക്തമാക്കണം. സ്ത്രീപീഡനം എല്ലാമേഖലയിലുമുണ്ടെന്ന കെ.പി.എ.എസി ലളിതയുടെ പ്രസ്താവന മുറിവേൽപിക്കുന്നതാണ്.

മുതിർന്നയാളിൽ നിന്ന് ഇത്തരം പ്രതികരണം പാടില്ലായിരുന്നു ഡബ്ല്യുസിസിക്കെതിരായ സൈബർ ആക്രമണങ്ങളെ അമ്മ സെക്രട്ടറി സിദ്ദിഖ് പിന്തുണച്ചത് തെറ്റണെന്നും പാർവതി പ്രതികരിച്ചു. ഐസിസി രൂപീകരിക്കാനുള്ള ആഷിഖ് അബുവിന്റെ തീരുമാനം പുരോഗമനപരമാണെന്നും അമ്മയിൽ നിന്ന് ഇത്തരം പുരോഗനപരമായ കാര്യങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നും പാർവതി പറഞ്ഞു.