കോഴിക്കോട്: 'പേരിനൊപ്പം ജാതിപ്പേര് ചേർക്കാൻ താൽപര്യമില്ലാത്തയാളാണ് ഞാൻ. പാർവ്വതി എന്ന് മാത്രമാണ് എന്റെ പേര്, പാർവ്വതി മേനോൻ എന്ന് അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കണം. കാസ്റ്റിന്റെ ഒരു വാലും പേരിനൊപ്പം കൊണ്ടു നടക്കാൻ ആഗ്രഹിക്കുന്നില്ല'- നിലയ്ക്കാത്ത കരഘോഷമായിരുന്നു നടി പാർവതിയുടെ ഈ വാക്കുകൾക്കുള്ള മറുപടി.

ജാതിക്കും മതത്തിനും അതീതമായി കാഞ്ചനമാലയുടെ പ്രണയത്തിന് അഭ്രപാളിയിൽ ജീവൻ നൽകിയ പാർവതി സ്വജീവിതത്തിലും ജാതി-മത ചിന്തകൾക്ക് അതീതയാണെന്നു താനെന്ന് ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു. കോഴിക്കോട് ബാർ അസോസിയേഷൻ ഹാളിൽ നടന്ന പരിപാടിയിലാണ് പാർവതി തന്റെ പേരിനൊപ്പം ജാതിപ്പേരു ചേർക്കരുതെന്ന് ഏവരോടും അഭ്യർത്ഥിച്ചത്.

കഴിഞ്ഞ പത്തുവർഷമായി തെറ്റായ പേരിലാണ് താൻ അറിയപ്പെട്ടത്. പാർവതി എന്നാണ് തന്റെ പേര്. എന്നാൽ പലരും പാർവതി മേനോൻ എന്നാണ് വിളിക്കുന്നത്. ജാതിപ്പേരിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല.

ഇക്കാര്യം മാദ്ധ്യമങ്ങളും സിനിമാ പ്രവർത്തകരും മനസ്സിലാക്കണം. ഇവരുടെയെല്ലാം സഹായം ഇക്കാര്യത്തിൽ തനിക്ക് വേണമെന്നും പാർവതി പറഞ്ഞു. എന്നു നിന്റെ മൊയ്തീനുശേഷം ദുൽഖർ നായകനായ ചാർലി എന്ന ചിത്രമാണു പാർവതിയുടേതായി റിലീസിന് ഒരുങ്ങുന്നത്. ചിത്രം 24ന് തിയറ്ററുകളിലെത്തും.