ന്യൂഡൽഹി: വംശനാശം സംഭവിച്ച കൃഷ്ണ മൃഗത്തെ വേട്ടയാടി കൊന്ന കേസിൽ അഞ്ച് വർഷത്തെ തടവ് ശിക്ഷ വിധിച്ച ബോളിവുഡ് നടൻ സൽമാൻ ഖാന് ഇന്നും ജാമ്യം ലഭിച്ചില്ല. സൽമാൻ ഖാൻ സമർപ്പിച്ച ജാമ്യഹർജി പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റിവെച്ചു. ജാമ്യാപേക്ഷ മാറ്റിവെച്ചതോടെ രണ്ടാം ദിനവും താരത്തിന് ജയിലിൽ തന്നെ കഴിയേണ്ടി വരും.

സൽമാന്റെ സഹോദരിമാരായ അൽവീര, അർപിത, 20 വർഷമായി കൂടെയുള്ള അംഗരക്ഷകൻ ഷേര തുടങ്ങിയവർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ കോടതിയിൽ എത്തിയിരുന്നു. താരത്തിന്റെ സഹോദരങ്ങളായ അർബാസ് ഖാൻ, സൊഹെയ്ൽ ഖാൻ തുടങ്ങിയവരും രാജസ്ഥാനിൽ എത്തിയിട്ടുണ്ട്.

നാളെ രാവിലെ കേസ് ജോധ്പൂർ സെഷൻസ് കോടതി പരിഗണനക്കെടുക്കും. ഇതിനിടെ, സൽമാന്റെ ശിക്ഷയിൽ വിവാദ പ്രതികരണവുമായി പാക്കിസ്ഥാൻ രംഗത്തെത്തി. 'അദ്ദേഹം മുസ്‌ലിം ആയതിനാലാണു ശിക്ഷ കിട്ടിയത്' എന്നായിരുന്നു പാക്ക് വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫിന്റെ അഭിപ്രായപ്രകടനം. ഇതിനിടെ, സൽമാനു വേണ്ടി കോടതിയിൽ ഹാജരാകരുതെന്ന് ആവശ്യപ്പെട്ട് രാത്രിയിൽ തനിക്കു ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായി താരത്തിന്റെ അഭിഭാഷകൻ മഹേഷ് ബോറ മാധ്യമങ്ങളോടു വെളിപ്പെടുത്തി.

ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചതിന് പിന്നാലെ സൽമാൻ ഖാന്റെ ഉറ്റസുഹൃത്തും ബോളിവുഡ് നടിയുമായ പ്രീതി സിന്റ ജോധ്പൂർ ജയിലിലെത്തി സൽമാനെ കണ്ടു. ജയിലിലെത്തിയ താരം സൽമാനുമായി ഏതാനും മിനുട്ടുകൾ സംസാരിച്ച ശേഷമാണ് പുറത്തിറങ്ങിയത്.

കൃഷ്ണമൃഗത്തെ വേട്ടയാടിക്കൊന്ന കേസിൽ നടൻ സൽമാൻ ഖാന് അഞ്ച് വർഷം തടവും പതിനായിരം രൂപ പിഴയുമായിരുന്നു കഴിഞ്ഞ ദിവസം കോടതി വിധിച്ചത്. 106ാം നമ്പർ തടവുകാരനാണ് സൽമാൻഖാൻ. പീഡനകേസിൽ അറസ്റ്റിലായ ആശാറാം ബാപ്പുവും ദുരഭിമാനക്കൊലയുടെ പേരിൽ മുസ്ലിം യുവാവിനെ വെട്ടി വീഴ്‌ത്തിയ ശേഷം കത്തിച്ചു കൊന്ന ശംഭുലാലുമാണ് സൽമാന്റെ സഹതടവുകാർ.

മെഡിക്കൽ ചെക്കപ്പിന് ശേഷമായിരുന്നു സൽമാനെ ജയിലിൽ പ്രവേശിപ്പിച്ചത്. ജയിലിൽ പ്രത്യേകമായി ഒരു സൗകര്യവും സൽമാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ജോധ്പൂർ ഡി.ഐ.ജി വിക്രം സിങ് പറഞ്ഞു. ജയിലിനുള്ളിൽ വെച്ച് സഹതടവുകാർക്കൊപ്പം തന്നെയാണ് ആദ്യദിവസം ഭക്ഷണം നൽകിയത്. എന്നാൽ ഭക്ഷണം കഴിക്കാതെ സഹതടവുകാരനായ ആശാറാം ബാപ്പുവിന് കൈമാറുകയായിരുന്നു സൽമാൻ.