ബംഗളൂരു: ചലച്ചിത്ര നടി പ്രേമ വിവാഹമോചനത്തിനൊരുങ്ങുന്നു. സോഫ്റ്റ്‌വെയർ എൻജിനിയർ ജീവൻ അപ്പാച്ചുവുമായുള്ള പത്തുവർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കാൻ പ്രേമ കോടതിയെ സമീപിച്ചെന്നു ഗോസിപ്പു കോളങ്ങൾ കുറിക്കുന്നു.

ദീർഘനാളായി ഇരുവരും പിരിഞ്ഞു താമസിക്കുകയാണെന്നും ബുധനാഴ്ചയാണ് ഇരുവരും വിവാഹമോചന ഹർജി സമർപ്പിച്ചുവെന്നുമാണു റിപ്പോർട്ടുകൾ പുറത്തുവന്നത്.

കുടക് സ്വദേശിയാണു പ്രേമ. അപ്പാച്ചുവുമായുള്ള നടിയുടെ വിവാഹം 2006ലായിരുന്നു. സവ്യസാചി എന്ന കന്നഡ സിനിമയിലൂടെയാണ് ഇവർ അഭിനയരംഗത്ത് എത്തിയത്. മോഹൻലാൽ നായകനായ ദ പ്രിൻസ് എന്ന ചിത്രത്തിലൂടെ മലയാളത്തിൽ എത്തിയ പ്രേമ ജയറാമിനൊപ്പം ദൈവത്തിന്റെ മകനിലും അഭിനയിച്ചു.

മോഹൻ ബാബു, കൃഷ്ണ, രവി ചന്ദ്രൻ, സായി കുമാർ, രമേഷ് അരവിന്ദ് എന്നിവരുടെ നായികയായി വേഷമിട്ടിട്ടുണ്ട്. 39 വയസുള്ള താരം 75ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മികച്ച നടിക്കുള്ള കർണാടക സംസ്ഥാന അവാർഡും പ്രേമയ്ക്കു ലഭിച്ചിരുന്നു.