ബംഗളൂരു: ചലച്ചിത്രതാരം രമ്യ കർണാടത്തിലെ കോൺഗ്രസ് മന്ത്രിസഭയുടെ ഭാഗമാകുമെന്നു റിപ്പോർട്ടുകൾ. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രത്യേക താൽപര്യപ്രകാരമാണു രമ്യ മന്ത്രിസഭയിൽ എത്തുന്നത്.

മുൻ പാർലമെന്റ് അംഗം കൂടിയാണ് ഈ കന്നഡ നടി. മന്ത്രിസഭാ പുനഃസംഘടന നടത്തിയപ്പോൾ മുഖ്യമന്ത്രി സിദ്ധരാമയ്യ ഒരു സീറ്റ് ഒഴിച്ചിട്ടിരുന്നു. ഈ മന്ത്രിസ്ഥാനം രമ്യയ്ക്ക് ലഭിക്കാൻ സാധ്യതയുണ്ടെന്ന തരത്തിലാണ് കർണാടകത്തിലെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

രമ്യയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ രാഹുൽ ഗാന്ധി സിദ്ധരാമയ്യക്ക് നിർദ്ദേശം നൽകിയതായി റിപ്പോർട്ടുകളിൽ പറയുന്നു. വൊക്കലിംഗ സമുദായ നേതാവും നടനുമായ അംബരീഷിന്റെ തട്ടകമായ മാണ്ഡ്യയിൽ നിന്നും രമ്യ നേരത്തെ ലോക്സഭയെ പ്രതിനിധീകരിച്ചിരുന്നു. 2014 ലോക്സഭ തെരഞ്ഞെടുപ്പിൽ രമ്യ മാണ്ഡ്യയിൽ നിന്നും തോൽക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം പാർട്ടി പ്രവർത്തനത്തിൽ അത്ര സജീവമായിരുന്നില്ല.

അംബരീഷും രമ്യയും തമ്മിൽ അത്ര അടുപ്പത്തിലല്ലെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനിടെ സിദ്ധരാമയ്യയുടെ മന്ത്രിസഭാ പുനഃസംഘടനയിൽ പ്രതിഷേധിച്ച് അംബരീഷ് എംഎൽഎ സ്ഥാനം രാജിവച്ചിരുന്നു. രാഹുൽ ഗാന്ധിയുമായി രമ്യയ്ക്കുള്ള അടുപ്പമാണ് അംബരീഷിനെ പുറത്താക്കുന്നതിലേക്ക് എത്തിയതെന്നും കന്നഡ മാദ്ധ്യമങ്ങൾ എഴുതുന്നു.

കഴിഞ്ഞ ദിവസമാണ് സിദ്ധരാമയ്യ മോശം പ്രതിച്ഛായയുടെ പേരിൽ 14 മന്ത്രിമാരെ ഒഴിവാക്കി 13 പുതുമുഖങ്ങളെ മന്ത്രിമാരാക്കിയത്. ഒമ്പതുപേർക്ക് കാബിനറ്റ് പദവിയും നാലുപേർക്ക് സഹമന്ത്രി സ്ഥാനവും നൽകിയാണ് മന്ത്രിസഭയിലുൾപ്പെടുത്തിയത്.