ചെന്നൈ: ടിവി ചാനലുകളിലെ കൗൺസിലിങ് പരിപാടികൾ പലപ്പോഴും വിവാദത്തിലാകാറുണ്ട്. ഇപ്പോഴിതാ ഒരു ചാനലിലെ പരിപാടി അവതാരകയായ നടിക്കെതിരെ മറ്റൊരു താരം രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നു.

നടി രഞ്ജിനിയാണു തമിഴിൽ സൺ ടിവിയിൽ 'നിജങ്കൾ' എന്ന പരിപാടിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. പരിപാടിയുടെ അവതാരകയായ ഖുശ്‌ബുവിനെയും രൂക്ഷമായി രഞ്ജിനി വിമർശിക്കുന്നു.

പരിപാടിയിൽ നടന്ന അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിലാണു കൗൺസിലിങ് ടെലിവിഷൻ പ്രോഗ്രാമുകളുടെ പൊള്ളത്തരങ്ങൾക്കെതിരെ രഞ്ജിനിയുടെ വിമർശനം. പരാതിയുമായി എത്തുന്ന വ്യക്തികളുടെ സ്വകാര്യതയെയും ആത്മാഭിമാനത്തെയും വകവയ്ക്കാത്ത രീതിയിലുള്ളതാണ് ഇത്തരം പരിപാടികൾ. ഇത്തരത്തലുള്ള പരിപാടികളുടെ അവതാരകരായി എത്തുന്ന പല നടിമാരും പ്രശ്ന പരിഹാരത്തിനും ഉപദേശങ്ങൾക്കും കൗൺസിലിംഗിനും യോഗ്യരല്ലെന്നും രഞ്ജിനി കുറ്റപ്പെടുത്തി.

പ്രോഗ്രാമിനിടെ പരാതിക്കാരന്റെ ഷർട്ടിൽ കുത്തിപ്പിടിച്ച് അലറുകയും അധിക്ഷേപിക്കുകയും ചെയ്തിരുന്നു. ഇതോടെയാണു രഞ്ജിനി കടുത്ത വിമർശനവുമായി എത്തിയത്. ദരിദ്രരായ മനുഷ്യരുടെ സ്വകാര്യജീവിതം കണ്ണീരും നാടകവും കലർത്തി റേറ്റിംഗിനായി ഉപയോഗിക്കുന്നുവെന്ന വിമർശനം പല തവണ ഉയർന്നിരുന്നു. ഇതിനിടെയാണ് അവതാരകയായ ഖുഷ്ബു പങ്കെടുത്തയാളെ കയ്യേറ്റം ചെയ്തതും.

ഇതിനു പിന്നാലെ രഞ്ജിനി ഫേസ്‌ബുക്കിൽ വിയോജനക്കുറിപ്പു പോസ്റ്റ് ചെയ്യുകയായിരുന്നു. 'കൗൺസിലിങ് എന്ന വ്യാജേന വിവിധ ഭാഷാ ചാനലുകളിൽ സംപ്രേഷണം ചെയ്യുന്ന പരിപാടികൾ ലജ്ജാകരമാണ്. ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത് സൺ ടിവിയിൽ സംപ്രേഷണം ചെയ്തുവരുന്ന നിജങ്കൾ എന്ന പരിപാടിയിൽ നിന്നുള്ള ക്ലിപുകൾ ആണ്. അവതാരകയായ നടി ഖുശ്‌ബു പരിപാടിയിൽ പങ്കെടുത്തയാളുടെ ഷർട്ടിൽ കുത്തിപ്പിടിച്ച് ഉറക്കെ ആക്രോശിക്കുകയാണ്. ഇതാണോ കൗൺസിലിങ്? ഇത് ഭീഷണിയും ആക്രമണവും ലിംഗവിവേചനവും അധിക്ഷേപവും അവഹേളനവും ചൂഷണവുമൊക്കെയാണ്. ആളുകൾ ദയവായി ഇത്തരം പരിപാടികളിൽ ബലിയാടാകരുത്. നിങ്ങളുടെ കുടുംബത്തെ പൊതുസമക്ഷം തരംതാഴ്‌ത്താനും പരിഹസിക്കാനുമാണ് ഇത്തരം പ്രോഗ്രാമുകൾ ശ്രമിക്കുന്നത്. ഇവയൊന്നും നിങ്ങളെ സഹായിക്കുന്നതല്ല. ഇതിലൂടെ ചാനലുകൾ പണമുണ്ടാക്കുന്നു. ഈ പരിപാടിയെ അഭയം പ്രാപിക്കുന്ന പാവപ്പെട്ടവർക്ക് കൗൺസിലിങ് നൽകാൻ യോഗ്യതയുള്ളവരല്ല ഈ പരിപാടികൾ അവതരിപ്പിക്കുന്ന ചില നടികൾ. ഇത്തരം പ്രശ്നങ്ങൾ വരുമ്പോൾ കൗൺസിലിങ് സംഘടനകളെയും സന്നദ്ധ സംഘടനകളെയും സമീപിക്കുകയാണ് വേണ്ടത്. അവിടെ കൗൺസിലിങ് സൗജന്യമാണ്. കോടതിയിൽ പോകും മുമ്പ് ഇത്തരം സംവിധാനങ്ങളിലേക്കാണ് പോകേണ്ടത് അല്ലാതെ ചാനൽ പരിപാടികളിലേക്ക് അല്ല. കേസിൽപ്പെട്ട് കോടതിയിലെത്തും മുമ്പ് ഈ പ്രശ്നത്തിൽ ഖുശ്‌ബു ഈ മനുഷ്യനോട് ക്ഷമ ചോദിക്കുമെന്നാണ് എന്റെ പ്രതീക്ഷ'യെന്നും രഞ്ജിനി കുറിച്ചു.