ബാംഗ്ലൂർ: നടുറോഡിൽ ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച ശേഷം കാർ നിർത്താതെ രക്ഷപെടാൻ തുനിഞ്ഞ സിനിമാ നടി രഞ്ജിത കുടുങ്ങി. രോഷാകുലരായ നാട്ടുകാർ നടിയെ പിന്തുടർന്ന് പിടിച്ച് ചില്ലു തകർത്താണ് രോഷം പ്രകടിപ്പിച്ചത്. പലർക്കും നടിയാണ് വാഹനത്തിൽ ഉള്ളതെന്ന് വ്യക്തമായിരുന്നില്ല. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ബെംഗളൂരുവിലെ നിലമംഗല റോഡിലാണ് നടിയുടെ കാർ അപകടമുണ്ടാക്കിയത്. സംഭവത്തിൽ യാത്രക്കാരായ നാരായൺ ഡൗഡ,ലക്ഷികാന്ത് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന രജ്ഞിത ഇപ്പോൾ സന്യാസി നിത്യാനന്ദ സ്വാമിയുടെ ബെംഗളൂരുവിലെ ആശ്രമത്തിലെ അന്തേവാസിയാണ്. സ്വാമി നിത്യാനന്ദയുടെ പ്രധാന ശിഷ്യ കൂടിയാണ് രഞ്ജിത. ആശ്രമത്തിലേക്ക് പോകും വഴിയാണ് രഞ്ജിതയുടെ ഫോർഡ് കാർ ബൈക്ക് യാത്രികരെ ഇടിച്ചിടുന്നത്. നാല് പേരും നടിക്കൊപ്പം ഉണ്ടായിരുന്നു.

ഇടിച്ചതിനുശേഷം നിർത്താതെ പോയ കാറിനെ നാട്ടുകാർ പിന്നാലെ ചെന്നാണ് പിടികൂടിയത്. ഇതിന് ശേഷമാണ് കാറിനുള്ളിൽ രജ്ഞിതയാണെന്ന് നാട്ടുകാർ തിരിച്ചറിയുന്നത്. അക്രമാസക്തരായ നാട്ടുകാർ വാഹനത്തിന്റെ ചില്ലുകൾ തല്ലിത്തകർത്തു. തുടർന്ന് സ്ഥിതി വഷളായപ്പോൾ മറ്റ് സന്യാസിമാരെത്തി രഞ്ജിതയെ രക്ഷപ്പെടുത്തുകയായിരുന്നു.

മറ്റൊരു വാഹനത്തിൽ കയറ്റിയാണ് രഞ്ജിതയെ രക്ഷപെടുത്തിയത്. അപകടമുണ്ടാക്കിയ നടിക്കെതിരെ അധിക്ഷേപ വാക്കുകളുമായി നാട്ടുകാരും രംഗത്തെത്തിയിരുന്നു. അടുത്തിടെയാണ് രഞ്ജിത താൻ സന്യാസം സ്വീകരിക്കുന്നതായി അറിയിച്ചത്. ബാംഗ്ലൂരിനടുത്ത് ബിഡദിയിലെ നിത്യനന്ദ ധ്യാനപീഠം ആശ്രമത്തിൽ നടന്ന ചടങ്ങിൽ നിന്ന് സ്വാമി നിത്യാനന്ദയിൽ നിന്ന് തന്നെയാണ് രഞ്ജിത സന്ന്യാസ ദീക്ഷ സ്വീകരിച്ചത്.

വിവാദ സ്വാമി നിത്യാനന്ദയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് രഞ്ജിത സന്യാസം സ്വീകരിച്ചത്. ഇതിനുശേഷം ഇവർ മാ ആനന്ദമയി എന്ന പേര് സ്വീകരിച്ചു. സ്വാമി നിത്യാനന്ദയും നടി രഞ്ജിതയും ഉൾപ്പെട്ട വിവാദ ലൈംഗിക ദൃശ്യങ്ങൾ ഉൾപ്പെട്ട സി.ഡി. 2010 മാർച്ച് രണ്ടിനാണ് സ്വകാര്യ ചാനൽ പുറത്തുവിട്ടത്. ഇതേത്തുടർന്നുള്ള കേസ് തുടരുന്നതിനിടയിലാണ് രഞ്ജിത സന്ന്യാസം സ്വീകരിച്ചത്.