- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാവകാശം നൽകാനാവില്ല; അടിയന്തിരമായി ഹാജരാകണമെന്ന് പൊലീസ്; ബിസിനസ് ആവശ്യങ്ങൾക്കുള്ള യാത്രയിലെന്ന് വിജയ് ബാബു; മെയ് 19 ന് ഹാജാരാകാമെന്നും ഇ-മെയിൽ വഴി പ്രതികരണം; പ്രതീക്ഷ മുൻകൂർ ജാമ്യാപേക്ഷയിൽ; കുരുക്ക് മുറുക്കി അന്വേഷണ സംഘം
കൊച്ചി: യുവനടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അന്വേഷണം തുടരുന്നതിനിടെ മെയ് 19ന് ഹാജരാകാമെന്ന് നടനും നിർമ്മാതാവുമായ വിജയ് ബാബു കൊച്ചി സിറ്റി പൊലീസിനെ അറിയിച്ചു. ഹാജരാകാൻ സാവകാശം വേണമെന്നാണ് വിജയ് ബാബുവിന്റെ ആവശ്യം. ബിസിനസ് ആവശ്യങ്ങൾക്കായുള്ള യാത്രയിലാണ് താനെന്നും അദ്ദേഹം പൊലീസിനോട് വ്യക്തമാക്കി.
ഹൈക്കോടതിയിൽ വിജയ് ബാബു സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ മെയ് 18നാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ജാമ്യാപേക്ഷയിൽ പ്രതീക്ഷ അർപ്പിച്ചാണ് വിജയ് ബാബുവിന്റെ നീക്കം. പൊലീസ് നോട്ടീസിന് നൽകിയ മറുപടിയിലാണ് അദ്ദേഹം സാവകാശം തേടിയത്. ഇ-മെയിൽ വഴിയായിരുന്നു മറുപടി.
ഇപ്പോൾ നിലവിൽ എവിടെയാണ് ഉള്ളത് എന്ന് വ്യക്തമാക്കാതെയാണ് വിജയ് ബാബു മെയിൽ ചെയ്തത്. അതേസമയം നടന് സാവകാശം നൽകാനാവില്ല എന്നാണ് പൊലീസ് നിലപാട്. അടിയന്തിരമായി അന്വേഷണോദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. വിജയ് ബാബുവിന് നൽകിയ മറുപടിയിലാണ് പൊലീസ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
വിവാദങ്ങൾക്ക് പിന്നാലെ കേസിൽ അന്വേഷണം തുടങ്ങിയ ഘട്ടത്തിൽ വിദേശത്തേക്ക് കടന്ന താരത്തോട് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന തീയതിക്ക് തൊട്ടടുത്ത ദിവസം നേരിട്ട് ഹാജരാകാമെന്ന് നടൻ അറിയിച്ചിരിക്കുന്നത്.
നിലവിൽ ദുബായിലാണ് വിജയ് ബാബു കഴിയുന്നത്. മെയ് 18നാണ് അവധി കഴിഞ്ഞ് കോടതി തുറക്കുന്നത്. അതായത് മെയ് 18ന് ശേഷമേ വിജയ്ബാബുവിന്റെ മുൻകൂർ ജാമ്യാ പേക്ഷ പരിഗണനയ്ക്ക് വരൂ. പ്രതിഭാഗം വാദവും പ്രോസിക്യൂഷൻ വാദവും ഒക്കെ പൂർത്തിയാക്കി ഉത്തരവ് മെയ് അവസാനത്തേക്ക് പ്രതീക്ഷിച്ചാൽ മതി. അതായത് ഏതാണ്ട് ഒരുമാസക്കാലം വിജയ് ബാബു ദുബായിൽ തുടരാനുള്ള നീക്കമാണ് നടത്തുന്നത് എന്നാണ് സൂചന.
സാധാരണ ഗതിയിൽ ഒരു പ്രതി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചാൽ പൊലീസ് പിന്നെ അറസ്റ്റുചെയ്യുന്ന പതിവില്ല. അറസ്റ്റിന് നിയമ തടസമില്ലെങ്കിലും പൊതുവേയുള്ള രീതി അങ്ങനെയാണ്. മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കെ അറസ്റ്റു ചെയ്തതെന്തിനെന്ന് കോടതികൾ തന്നെ വാളോങ്ങിയ ചരിത്രവുമുണ്ട്. ഇത് മനസിൽ കണ്ടുകൊണ്ടാണ് പൊലീസ് അങ്ങോട്ട് പോയി അറസ്റ്റു ചെയ്യാത്തത്.
അതായത് മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിൽ ആയതിനാൽ അറസ്റ്റുണ്ടാവില്ലെന്ന് പ്രതീക്ഷിച്ച് വിജയ് ബാബുവിന് നാട്ടിലേക്ക് വരാം. പക്ഷേ അവിടെയും ചില പ്രശ്നങ്ങൾ ഉണ്ട്. വിജയ് ബാബുവിനെതിരെ ലുക്കൗട്ട് സർക്കുലർ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങൾക്കും പൊലീസ് നൽകിയിട്ടുണ്ട്. അതായത് വിദേശത്തുനിന്ന് രാജ്യത്തെ ഏതു വിമാനത്താവളത്തിൽ എത്തിയാലും വിജയ് ബാബുവിനെ തടഞ്ഞുവെച്ച് എമിഗ്രേഷൻ ഉദ്യോഗസ്ഥർ കേരളാ പൊലീസിന് കൈമാറണം. അതായത് മുൻകൂർ ജാമ്യാപേക്ഷ പരിഗണനയിലാണെങ്കിലും വിജയ് ബാബു തിരിച്ചെത്തിയാൽ പൊലീസിന്റെ വലയിൽ അകപ്പെടും.
എവിടെയായാലും പുകച്ചു പുറത്തു ചാടിക്കുമെന്നാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു പറയുന്നത്. എന്നാൽ ഇപ്പോഴത്തെ നിലയിൽ കേരളാ പൊലീസ് വിദേശത്തൊന്നും പോയി വിജയ് ബാബുവിനെ പിടിക്കില്ല. തൽക്കാലം രണ്ടാഴ്ചകാത്തിരിക്കാം എന്നതാണ് തീരുമാനം. അതിനുള്ളിൽ പരമാവധി തെളിവുകൾ ശേഖരിക്കും. സാക്ഷിമൊഴികളും രേഖപ്പെടുത്തും. ശാസ്ത്രീയ തെളിവുകളും അടയാളപ്പെടുത്തും. അങ്ങനെ മുൻകൂർ ജാമ്യാപേക്ഷ പരിഗണന്ക്ക് വരുമ്പോൾ കുരുക്ക് മുറുക്കാം എന്ന കണക്കുകൂട്ടിലാണ് അന്വേഷണസംഘം നീങ്ങുന്നത്.
പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി നിയമസംവിധാനത്തെപ്പോലും വെല്ലുവിളിച്ചതോടെ വിജയ് ബാബുവിനെ കോടതിക്ക് മുന്നിലും തൊലിയുരിക്കാനാണ് പ്രോസിക്യൂഷൻ നീക്കം. പണികിട്ടുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ ഹർജിക്കാരനായ വിജയ് ബാബുവിനെ അറസ്റ്റു ചെയ്യരുതെന്ന് പ്രതിഭാഗം ഹൈക്കോടതിയിൽ ആവശ്യപ്പെടാതിരുന്നത്. ആവശ്യം തള്ളിയാൽ മുൻകൂർ ജാമ്യഹർജി നിലനിൽക്കെ വിജയ് ബാബുവിനെ അറസ്റ്റുചെയ്യാൻ കൊച്ചി സിറ്റി പൊലീസിന് പരോക്ഷമായി അനുവാദം കിട്ടും. ഇതുകൂടി മുന്നിൽ കണ്ടായിരുന്നു പ്രതിഭാഗം നീക്കം.
ഇക്കഴിഞ്ഞ 24-നാണ് ബലാത്സംഗക്കേസിൽ ആരോപണവിധേയനായ വിജയ് ബാബു ബെംഗളൂരു വിമാനത്താവളം വഴി ദുബായിലേക്ക് പോയത്. രണ്ടുപേരാണ് താരത്തിനെതിരെ പരാതിയുമായി രംഗത്തുവന്നത്. ഇതിൽ ആദ്യത്തെയാളുടെ പേര് വിജയ് ബാബു ഫേസ്ബുക്ക് ലൈവിൽ വന്ന് വെളിപ്പെടുത്തിയതിന്റെ വിവാദം ഇനിയും അവസാനിച്ചിട്ടില്ല. തന്നെ ചുംബിക്കാൻ ശ്രമിച്ചു എന്നാണ് രണ്ടാമത്തെയാൾ പറഞ്ഞത്.
പരാതിക്കാരിയോടൊപ്പം ഇയാൾ ആഡംബര ഹോട്ടലിലും ഫ്ളാറ്റുകളിലും എത്തിയതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. മാർച്ച് 13-മുതൽ ഏപ്രിൽ 14-വരെ അഞ്ചുസ്ഥലത്ത് തന്നെ കൊണ്ടുപോയെന്നാണ് പരാതിക്കാരിയുടെ മൊഴി. ഇവിടെ തെളിവുശേഖരിച്ചു. പരിശോധന നടത്തിയ സ്ഥലങ്ങളിൽ വിജയ് ബാബുവിന്റെ സാന്നിധ്യമുണ്ടായിരുന്നതായി പൊലീസ് നേരത്തേതന്നെ ഉറപ്പിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ