- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജയ് ബാബു നിയമത്തിൽനിന്ന് രക്ഷപ്പെട്ടയാൾ; കരുണ പാടില്ലെന്ന് സർക്കാർ; തുടർ നടപടി നാട്ടിൽ വന്നിട്ട് പോരേയെന്ന് ഹൈക്കോടതി; മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് അതിജീവിത; ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി
കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ വിദേശത്ത് ഒളിവിൽ തുടരുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. ദുബായിലുള്ള വിജയ് ബാബു തിങ്കളാഴ്ച നാട്ടിലെത്തുമെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. തിങ്കളാഴ്ച എത്തിയില്ലെങ്കിൽ ജാമ്യാപേക്ഷ തള്ളുമെന്ന് കോടതി വ്യക്തമാക്കി.
വിജയ് ബാബുവിനെതിരേ ശക്തമായ വാദങ്ങളാണ് സർക്കാർ കോടതിയിൽ ഉയർത്തിയത്. വിജയ് ബാബു നിയമത്തിൽനിന്ന് രക്ഷപ്പെട്ടയാളാണ്. അയാളോട് കരുണ പാടില്ല. വിജയ് ബാബു എവിടെയാണെങ്കിലും പിടിക്കാൻ അറിയാമെന്നും സർക്കാർ കോടതിയിൽ പറഞ്ഞു.
വിദേശത്തുനിന്ന് നാട്ടിലേക്ക് മടങ്ങിവരാൻ പ്രതി കോടതിയുടെ മുന്നിലേക്ക് നിർദേശങ്ങൾ വെയ്ക്കുകയാണ്. ഇത് വെച്ചുപൊറുപ്പിക്കാൻ കഴിയുന്നതല്ലെന്നും ഇതിന് വഴങ്ങരുതെന്നും സർക്കാർ ആവശ്യപ്പെട്ടു. എന്നാൽ വിജയ് ബാബു നാട്ടിലെത്തിയ ശേഷം തുടർനടപടികൾ എടുത്താൽ പോരേയെന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ സർക്കാരിനോടും പരാതിക്കാരിയോടും കോടതി ആവശ്യപ്പെട്ടു.
എവിടെയാണെങ്കിലും അറസ്റ്റ് അനിവാര്യമാണെന്നു സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുമ്പോൾ ജാമ്യഹർജിയിൽ തീരുമാനം ഉണ്ടായശേഷം മറ്റു നടപടികളിലേയ്ക്കു കടക്കണമെന്നു കാട്ടി വിജയ് ബാബുവിന്റെ അഭിഭാഷകൻ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇതിനെതിരെ ശക്തമായ നിലപാടാണ് അതിജീവിത കോടതിയിൽ സ്വീകരിച്ചത്.
പ്രതി മുൻകൂർ ജാമ്യ വ്യവസ്ഥ തീരുമാനിക്കുന്ന സാഹചര്യം അനുവദിക്കരുതെന്നു കേസിലെ അതിജീവിത ഹൈക്കോടതിയിൽ അഭ്യർത്ഥിച്ചു. മുൻവിധിയോടെ കാര്യങ്ങളെ കാണരുത്. പ്രതിക്ക് ഒരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്നും അതിജീവിത കോടതിയിൽ വാദിച്ചു. തുടർന്ന് മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കുന്നതിനു മാറ്റിവയ്ക്കുകയായിരുന്നു.
നാട്ടിലേക്കുള്ള ടിക്കറ്റിന്റെ പകർപ്പും പരാതിക്കാരിയായ നടിക്കെതിരെ കൂടുതൽ തെളിവുകളും ഉൾപ്പെടുത്തി ഹൈക്കോടതിയിൽ വിജയ് ബാബു ഉപഹരജി സമർപ്പിച്ചിരുന്നു. പരാതിക്കാരിയായ നടി തനിക്കയച്ച വാട്സ്ആപ് ചാറ്റുകളും സന്ദേശങ്ങളും ചിത്രങ്ങളുമടക്കമുള്ള തെളിവുകൾ ഇതോടൊപ്പം മുദ്രവെച്ച കവറിൽ നൽകിയെന്നാണ് പ്രതിഭാഗം വ്യക്തമാക്കിയത്. തനിക്കെതിരെ പൊലീസ് കോടതിയിൽനിന്ന് അറസ്റ്റ് വാറന്റ് വാങ്ങിയിട്ടുള്ളതിനാൽ നാട്ടിലെത്തുമ്പോൾ അറസ്റ്റ് ചെയ്യുമെന്നും ഇത് തടയാൻ ഇടക്കാല മുൻകൂർ ജാമ്യം നൽകണമെന്നും ഉപഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
ഉഭയസമ്മതപ്രകാരമാണ് പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നാണ് ഹരജിയിൽ പറയുന്നത്. മറ്റ് ആരോപണങ്ങൾ ബ്ലാക്ക്മെയിൽ ചെയ്യാൻ വേണ്ടിയാണ്. 2018 മുതൽ പരാതിക്കാരിയെ അറിയാം. സിനിമയിൽ അവസരത്തിനുവേണ്ടി ഇവർ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഒരു സൂപ്പർഹിറ്റ് ചിത്രത്തിൽ അവസരം നൽകി. നടിയോടൊപ്പം ഹോട്ടലിലുണ്ടായിരുന്ന സമയത്ത് നടിയുടെ അടുത്ത സുഹൃത്തും ഒപ്പം വേണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും മുദ്രവെച്ച കവറിൽ നൽകിയിരുന്നു.
വിജയ് ബാബുവിനെ തിങ്കളാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. 29ന് അർധരാത്രി ദുബായിൽ നിന്ന് വിജയ് ബാബു പുറപ്പെടുമെന്ന് എംബസി അറിയിച്ചിട്ടുണ്ട്. ഇന്റപോളിന്റെ ഭാഗത്തു നിന്ന് താമസം ഉണ്ടാകുന്നതാണ് റെഡ് കോർണർ നോട്ടീസ് ഇറങ്ങുന്നത് വൈകാൻ കാരണമെന്നും കമീഷണർ വ്യക്തമാക്കി.
ഒരിടവേള കൊടുക്കാതെ കേരളത്തിലെത്തുമ്പോൾ തന്നെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ നീക്കം. 30ാം തീയതി പുലർച്ചയോടുകൂടി വിജയ് ബാബു നെടുമ്പാശ്ശേരിയിലെത്തുമെന്നാണ് കരുതുന്നത്.
മുൻകൂർ ജാമ്യപേക്ഷ തള്ളിയാൽ മാത്രമേ വിജയ് ബാബുവിനെ പൊലീസിന് എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്യാൻ സാധിക്കുകയൊള്ളൂ. ഇന്നലെ റെഡ് കോർണർ നോട്ടീസിനുള്ള നടപടികൾ പൊലീസ് പൂർത്തിയാക്കിയിരുന്നു. ഇത് ഉടൻ തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിറ്റി പൊലീസ് കമീഷണർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ