മുംബൈ: ബോളിവുഡ് ഉടൻ തന്നെ വലിയൊരു വിവാദത്തിനു സാക്ഷ്യം വഹിച്ചേക്കുമെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. നടി രേഖയുടെ ജീവിതം പ്രതിപാദിക്കുന്ന പുസ്തകം പുറത്തുവരുമ്പോൾ പല പ്രമുഖരുടെയും ഉറക്കം പോകുമെന്നാണു ഗോസിപ്പു കോളങ്ങൾ എഴുതുന്നത്.

സത്യങ്ങളും അപ്രിയ സത്യങ്ങളുമായി ഹിന്ദിസിനിമാരംഗത്തെ ഇളക്കി മറിച്ചുകൊണ്ടിരിക്കുന്ന രേഖയുടെ ജീവചരിത്രം ബോളിവുഡിൽ വിവിധ നടന്മാർക്കു തലവേദനയാകുമെന്നു തന്നെയാണ് പലരും വിശ്വസിക്കുന്നത്.

ലൈംഗികതയെപ്പറ്റി ആ കാലത്ത് തുറന്ന് പറയാൻ ധൈര്യം കാണിച്ചിരുന്ന അപൂർവ്വം നടിമാരിൽ ഒരാളായിരുന്നു രേഖ. വിവാഹ പൂർവ്വ ലൈംഗികബന്ധം പാപമല്ലെന്നും ശാരീരികമായി അടുത്തിടപഴകാതെ ഒരു പുരുഷനെ അടുത്തറിയാനാവില്ലെന്നും വരെ അവർ തുറന്നടിച്ചിരുന്നു.

വിവാദക്കൊടുങ്കാറ്റ് ഉയർത്തി വിടുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പുസ്തകത്തിൽ അനേകം വെളിപ്പെടുത്തലുകളുണ്ട്. സിനിമയുമായി ബന്ധപ്പെട്ട തന്റെ ആദ്യ ദുരനുഭവവും അവർ കുറിച്ചിട്ടുണ്ട്. ആദ്യ സിനിമ അന്ജാന സഫറിന്റെ സെറ്റിൽ വച്ച് ഒരു പ്രണയ രംഗ ചിത്രീകരണത്തിനിടയിൽ ബിസ്വജീത് ചാറ്റർജി ബലമായി ചുംബിച്ചെന്നു രേഖ പറയുന്നു. രാജ നവാതെ എന്ന സംവിധായകന്റെ ഒത്താശയോടെ അഞ്ചു മിനിട്ടോളം നീണ്ട ആ അപമാനം നടക്കുമ്പോൾ ചുറ്റുമുള്ള ആളുകൾ വിസിൽ അടിക്കുകയും കൂക്കി വിളിക്കുകയും ചെയ്യുകയായിരുന്നു. ഇന്നാണെങ്കിൽ ഒരു പക്ഷെ നടൻ പീഡനത്തിന് അകത്തു പോകേണ്ട കേസ് ആണ് ഇതെന്നും പറയുന്നു.

നടിയുടെ വിവാഹങ്ങളും ദാമ്പത്യ പ്രശ്നങ്ങളുമെല്ലാം എന്നും ഗോസിപ്പുകോളത്തിൽ നിറഞ്ഞു നിന്നിരുന്നു. മുകേഷ് അഗർവാൾ ഉൾപ്പടെയുള്ള രേഖയുടെ മൂന്നു ഭർത്താക്കന്മാർ ആത്മഹത്യ ചെയ്യുകയായിരുന്നു. അതോടെ രേഖ ഒരു അപശകുനം എന്ന മട്ടിൽ വാർത്തകൾ പറന്നു. സുഭാഷ് ഘായ്, അനുപം ഖേർ തുടങ്ങിയ പല പ്രമുഖരും രേഖയ്ക്കെതിരെ പരാമർശങ്ങളുമായി രംഗത്ത് വന്നു. വിനോദ് മേഹ്രയുമായുള്ള ദാമ്പത്യപ്രശ്നങ്ങൾ വാർത്തകളായി. വിനോദിന്റെ അമ്മ തന്നെ ചെരിപ്പ് കൊണ്ട് അടിച്ചെന്നുവരെ രേഖ വെളിപ്പെടുത്തിയിട്ടുണ്ട്.

ബോളിവുഡിലെ സർപ്പ സുന്ദരി, പുരുഷന്മാരെ ആകർഷിക്കുന്ന മന്ത്രവാദിനി, കുടുംബം കലക്കി എന്നിങ്ങനെ നിഗൂഢമായ ജീവിതത്തോട് ബന്ധപ്പെടുത്തി പല പേരുകളും രേഖയ്ക്ക് ബോളിവുഡ് നൽകിയിരുന്നു. സിൽസില എന്ന പ്രണയചിത്രം ബച്ചൻ കുടുംബത്തിനു മാനക്കേട് ഉണ്ടാക്കി എന്ന കാരണത്താൽ അതിനു ശേഷം ബിഗ് ബിയുടെ ഭാര്യ ജയ ബച്ചൻ രേഖയുമോത്തുള്ള സിനിമകളിൽ നിന്നും ഭർത്താവിനെ വിലക്കിയിരുന്നതായി വാർത്തയുണ്ടായിരുന്നു. അമിതാഭിന് പുറമേ ധർമേന്ദ്ര, ജീതേന്ദ്ര എന്നിവരെ ചേർത്തും ഗോസിപ്പുകൾ വന്നതോടെ പുരുഷന്മാരെ കറക്കിയെടുക്കുന്ന കുടുംബം കലക്കി എന്നായി താരത്തിന്റെ വിശേഷണം.

രേഖയുമായി ബന്ധപ്പെട്ട് ആകാംക്ഷയ്ക്ക് തീവ്രത പകർന്നു കൊണ്ടാണ് 'രേഖ: അൺ ടോൾഡ് സ്റ്റോറി' എന്ന ജീവചരിത്രം ഇറങ്ങുന്നത്. സിനിമയേക്കാൾ മസാല നിറഞ്ഞ ഈ ബുക്ക് ബോളിവുഡ് എന്നും അറിഞ്ഞതും അറിയാൻ ആഗ്രഹിച്ചതുമായ രേഖയുടെ സ്വകാര്യജീവിതം അതേപടി പകർത്തിയിട്ടുണ്ടെന്നാണു റിപ്പോർട്ട്. എന്തായാലും പുസ്തകം ഉയർത്തുന്ന വിവാദക്കാറ്റിൽ ഏതൊക്കെ വൻ മരങ്ങൾ കടപുഴകി വീഴുമെന്നു കാണാൻ കാത്തിരിക്കുകയാണു ബോളിവുഡ്.