ചെന്നൈ: തമിഴ് ടെലിവിഷൻ അവതാരകയും നടിയുമായ രമ്യയുടെ വിവാഹ മോചനം തമിഴകത്തെ ഗോസിപ്പു കോളങ്ങളിലെ വലിയ വാർത്തയായിരുന്നു. മണിരത്‌നം സിനിമയായ ഓകെ കൺമണിയിലൂടെ സിനിമാരംഗത്തെത്തിയതാണ് വിവാഹമോചനത്തിന് കാരണമായതെന്നായിരുന്നു തമിഴകത്തെ അടക്കം പറച്ചിലും വാർത്തയും.

ഇങ്ങനെയുള്ള ഗോസിപ്പുകൾ ഒരു വശത്തുകൊഴുക്കുമ്പോൾ തന്നെ തന്റെ ഭാഗം വിശദീകരിച്ച് രമ്യ രംഗത്തെത്തി. സിനിമയിൽ അഭിനയിച്ചത് ഭർത്താവിനും വീട്ടുകാർക്കും ഇഷ്ടപ്പെടാത്തതിനാൽ വിവാഹമോചനം നേടുകയായിരുന്നെന്നാണ് വാർത്ത. എന്നാൽ ഇതൊന്നുമല്ല കാരണമെന്ന് രമ്യ വ്യക്തമാക്കുന്നു. യഥാർഥ കാരണം പുറത്തുവെളിപ്പെടുത്തിയില്ലെങ്കിലും മറ്റുചില സത്യങ്ങൾ മാദ്ധ്യമങ്ങളോട് പറയുകയുണ്ടായി.

വിവാഹം കഴിഞ്ഞ് പത്തുദിവസം കഴിഞ്ഞപ്പോഴേക്കും ഒരുമിച്ച് ജീവിക്കാൻ ബുദ്ധിമുട്ടാണെന്ന് പരസ്പം തിരിച്ചറിഞ്ഞു. ഞങ്ങളുടേത് പൂർണമായും ഒരു അറേഞ്ച്ഡ് മാര്യേജായിരുന്നു. വിവാഹത്തിന് മുമ്പ് ഞങ്ങൾക്ക് പരസ്പരം മനസ്സിലാക്കാൻ അവസരം കിട്ടിയില്ല. വീട്ടുകാർ വിവാഹം ഉറപ്പിച്ച ശേഷം ഒന്ന് രണ്ട് തവണ മാത്രമേ ഞങ്ങൾ പരസ്പരം കണ്ടിട്ടുള്ളൂ. അദ്ദേഹം ലണ്ടനിലാണ്. വിവാഹ ശേഷമാണ് പരസ്പരം ഒത്തുപോകില്ല എന്ന് തിരിച്ചറിഞ്ഞത്.

പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും അതിന് കഴിയില്ലെന്ന് തോന്നി. അത് മനസ്സിലാക്കിയ ശേഷം ഞാൻ എന്റെ വീട്ടിലേക്ക് വന്നു. വിവാഹ മോചനത്തിന്റെ കാരണം ഞങ്ങളുടെ വ്യക്തിപരമാണ്. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ബഹുമാനിക്കുന്നതുകൊണ്ട് അക്കാര്യം ഇപ്പോഴും വെളിപ്പെടുത്താൻ കഴിയില്ല. രമ്യ പറയുന്നു.