നിഷ്‌കളങ്കമായ മുഖവുമായി മലയാള സിനിമയിൽ എത്തിയ താരമാണ് നടി രോഹിണി. തെലുങ്കത്തിയാണെങ്കിലും മലയാളിത്തം നിറഞ്ഞു നിൽക്കുന്ന മുഖം. അതുകൊണ്ട് തന്നെ മലയാള സിനിമ രോഹിണിയെ ഇരു കൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. മോഹൻലാൽ, മമ്മൂട്ടി, ജയറാം തുടങ്ങി മുൻ നിര നായകന്മാരുടെ എല്ലാം നായികയാകാനുള്ള ഭാഗ്യവും രോഹിണിക്ക് കിട്ടി.

എന്നിട്ടും രോഹിണിക്ക് മലയാള സിനിമയിൽ ഉണ്ടായ ഏറ്റവും വലിയ വിഷമം അടൂർ ഗോപാലകൃഷ്ണന്റെയും ജി അരവിന്ദന്റെയും സിനിമകളിൽ അഭിനയിക്കാൻ പറ്റാതെ പോയതാണ്. അടൂർ ഗോപാലകൃഷ്ണന്റെയും അരവിന്ദന്റെയും ഒക്കെ സിനിമയിൽ നായികമാരായി അഭിനയിച്ച ജലജയോടും മേനകയോടും അസൂയ തോന്നിയിട്ടുണ്ടെന്ന് രോഹിണി.

അടൂർ സാറിന്റെ സിനിമയിൽ അഭിനയിക്കാൻ എനിക്ക് ഭാഗ്യമുണ്ടായിട്ടില്ല. ഞാൻ അദ്ദേഹത്തോട് കുറേ വട്ടം ഒരു റോളിനായി കെഞ്ചിയിട്ടുള്ളതായും രോഹിണി പറഞ്ഞു. എനിക്ക് ഒരു അവസരം തരുമോ എന്ന് ചോദിച്ചപ്പോൾ പറ്റിയ കഥാപാത്രങ്ങൾ വേണ്ടേ എന്നായിരുന്നു മറുചോദ്യം. അദ്ദേഹം നാലുപെണ്ണുങ്ങൾ എടുക്കുന്ന സമയത്തും ഞാൻ അദ്ദേഹത്തോട് അവസരം ചോദിച്ചിരുന്നു.

' ഞാൻ ചെറിയ മുടിക്കാരെ അഭിനയിപ്പിക്കാറില്ലെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്.' നിർഭാഗ്യത്തിന് എനിക്കന്ന് ഷോർട് മുടി ആയിപ്പോയി. ആ അവസരം നഷ്ടമായി. പക്ഷേ, അതിനുശേഷം ഞാൻ മുടി മുറിച്ചിട്ടില്ല. നീട്ടിത്തന്നെ നടക്കുകയാണ്. അങ്ങനെയൊരു സിനിമയിൽ അഭിനയിക്കാൻ വേണ്ടി മാത്രം.