തിയേറ്ററിൽ ഇപ്പോൾ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ലില്ലി. ഇതിന് പിന്നാലെ ചിത്രത്തിൽ അഭിനയിച്ചപ്പോൾ സഹിക്കേണ്ടി വന്ന അനുഭവങ്ങളെക്കുറിച്ച് തുറന്ന് പറയുകയാണ് നടി സംയുക്ത മേനോൻ. പൂർണ്ണ ഗർഭിണിയായ യുവതിയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രമാണ് ലില്ലി. തീവണ്ടി എന്ന ചിത്രത്തിലുടെ പ്രേക്ഷകരുടെ ഹൃദയത്തിലേറിയ നടി സംയുക്ത താൻ കഥാപാത്രമാകാൻ വേണ്ടി അനുഭവിച്ച കഷ്ടപ്പാടുകൾ പങ്കുവയ്ക്കുന്നു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സംയുക്ത ഇക്കാര്യം തുറന്ന് പറഞ്ഞത്.

ഗർഭിണിയായ സ്ത്രീയുടെ വേഷം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. അത്തരത്തിൽ ഉള്ള ഒരാളുടെ നടത്തവും രീതികളും മറ്റും മനസ്സിലാക്കുന്നതിനായി ആശുപത്രിയിലെ മറ്റേർനിറ്റി വാർഡിൽ പോവുകയുണ്ടായി. നടക്കുന്ന രീതിയും കുനിയുന്ന രീതിയും എല്ലാം ഇങ്ങിനെയാണ് മനസിലാക്കിയത്. അവിടെ നിന്നാണ് പലർക്കും കാലിൽ നീരുണ്ടാകുമെന്നും ശരീരത്തിനു ചൂട് കൂടുതൽ ആയിരിക്കുമെന്നുമൊക്കെ മനസിലായത്. ഇതെല്ലാം കഥാപാത്രത്തിന് ഒരു സ്വാഭാവികത കൊണ്ടുവരുന്നതിന് സഹായിച്ചു.

ലില്ലിയിലെ കഥാപാത്രത്തിൽ നിന്ന് പുറത്ത് കടക്കാനും കുറച്ചു കഷ്ടപ്പെടേണ്ടി വന്നു. അഭിനയിക്കുമ്പോൾ ശരീരത്തിൽ മുറിവുകളുണ്ടായി. സെറ്റിൽ മിക്കവർക്കും പനിയും പിടിപെട്ടു. കഥാപാത്രത്തിൽ നിന്ന് പുറത്തു കടക്കുന്നതിന് കൗൺസിലിംഗിന് പോകേണ്ടി വന്നു. കൂടാതെ പെട്ടെന്നൊരു മാറ്റം വേണം എന്ന് തോന്നിയതിനാൽ മുടി മുറിച്ചു കളയുകയും ചെയ്തു.

ഇരുപത്തിയൊന്നു ദിവസം ഒരേ വസ്ത്രമണിഞ്ഞാണ് അഭിനയിച്ചത്. അതാകട്ടെ ചോരയും മറ്റും ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ പറ്റിപിടിച്ച് ആകെ വൃത്തികേടും. ചോക്കലേറ്റും ഗ്രേപ് ജ്യൂസും മറ്റു ചില വസ്തുക്കളുമാണ് ചോരയും മറ്റും ചിത്രീകരിക്കാൻ ഉപയോഗിച്ചതെങ്കിലും പത്തു ദിവസം കഴിഞ്ഞപ്പോഴേക്കു വസ്ത്രത്തിന് നാറ്റം വന്നുതുടങ്ങി. ദേഹത്തിടുമ്പോൾ ചൊറിച്ചിലും. ഒരേ വസ്ത്രം ധരിച്ച് അഭിനയിച്ചതിനാൽ പിന്നീട് ചികിത്സ തേടേണ്ടി വന്നു.