കൊച്ചി: സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളിൽ കുടുങ്ങിയ നടി മലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടിപാർലറിന് നേരെയുണ്ടായ വെടിവെപ്പ് സംഭവത്തിൽ ദുരൂഹതകൾ നിറയുന്നു. തനിക്ക് വീണ്ടും വധഭീഷണി സന്ദേശം വന്നെന്ന് കാണിച്ച് ബ്യൂട്ടി സലൂൺ ഉടമയും നടിയുമായ ലീന മരിയ പോളിന് പൊലീസിന് മൊഴി നൽകി. കൂടാതെ പൊലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. വെടിവയ്പുണ്ടായ 'നെയിൽ ആർടിസ്ട്രി' ബ്യൂട്ടി പാർലർ അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ടാണ് കോൾ വന്നതെന്നാണ് നടി പൊലീസിനോടു പറഞ്ഞത്. തിങ്കളാഴ്‌ച്ച വൈകുന്നേരം വിദേശ നമ്പരിൽ നിന്നാണ് കോൾ ലഭിച്ചത്. സംഭാഷണം ഇംഗ്ലീഷിലായിരുന്നുവെന്നും നടി പറയുന്നു.

അതേസമയം മൊബൈൽ ആപ് ഉപയോഗിച്ച് വ്യാജ വിദേശ നമ്പരുണ്ടാക്കി ഫോൺ വിളിക്കുന്നതാണോ എന്നു പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിനിടെ തനിക്ക് ജീവനു ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് ലീന മരിയ പോൾ നൽകിയ ഹർജി ഇന്ന് കോടതി പരിഗണിക്കും. അതേസമയം നടിയുമായി ചുറ്റിപ്പറ്റി നിരവധി സാമ്പത്തിക തട്ടിപ്പു കേസുകളുണ്ട്. ഈ കേസുകളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണോ ഇതെന്ന സംശയ പൊലീസുനുമുണ്ട്.

വിവാഹിതരല്ലെങ്കിലും തന്റെ കൂട്ടാളി സുകേഷ് ഭർത്താവിനെ പോലെയാണെന്ന് ലീന പൊലീസിനോടു പറഞ്ഞു. തട്ടിപ്പു കേസിൽ ഡൽഹിയിൽ അറസ്റ്റിലായ ഇയാൾ ജയിലിലാണ്. സുകേഷുമായി ബന്ധമുണ്ടായിരുന്നെന്ന് നേരത്തെ സമ്മതിച്ചിരുന്നെങ്കിലും ഇരുവരും പിരിഞ്ഞതായാണ് പൊലീസിനോട് പറഞ്ഞിരുന്നത്. ഇതിൽ നിന്നു വ്യത്യസ്ഥമായ മൊഴിയാണ് അവർ പൊലീസിനു നൽകിയത്. ബെംഗളൂരു സ്വദേശിയായ സുകേഷ് രാഷ്ട്രീയക്കാരുമായും അധോലോകവുമായും ഒരുപോലെ ബന്ധമുള്ളയാളാണ്. ബെംഗളൂരുവിൽ ബിഡിഎസിനു പഠിക്കുന്നതിനിടെയാണ് സുകേഷുമായി പരിചയത്തിലാകുന്നതും ബിസിനസിൽ പങ്കാളിയാകുന്നതും. എന്നാൽ സുകേഷ് തന്റെ പണം തട്ടിയെടുത്തതിനാലാണ് ഇടപാടുകൾ അവസാനിപ്പിച്ചത് എന്നാണ് നേരത്തെ പറഞ്ഞിരുന്നത്. ഈ മൊഴി പൂർണമായും വിശ്വസിക്കാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല. നടിയുടെ വാക്കുകൾക്ക് പിന്നിൽ സാമ്പത്തിക ഇടപാടുകളാണോ എന്ന ആആശങ്കയാണ് പൊതുവിൽ ഉയർന്നിരിക്കുന്നത്.

25 കോടി രൂപ നൽകിയില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് തനിക്ക് കഴിഞ്ഞ മാസം മുതൽ ഭീഷണിയുണ്ടെന്നും എന്നാൽ ആരാണെന്ന് അറിയാത്തതിനാൽ ആരെയും സംശയിക്കാനാവില്ലെന്നുമാണ് ഇവർ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. രവി പൂജാരി എന്നു പരിചയപ്പെടുത്തിയാണ് ഭീഷണിപ്പെടുത്തിയത്. പരിചയമുള്ള നമ്പരിൽ നിന്നല്ല വിളികൾ വന്നത്. അക്രമം എന്തിനാണെന്നറിയില്ല. അക്രമം നടത്തിയവരെപ്പറ്റി സൂചനകളില്ലെന്നും അവർ പൊലീസിനോടു പറഞ്ഞു. നടിയുടെ ഹവാല ഇടപാടുകൾ സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവരുടെ മറ്റ് ഫോൾ കോളുകളും സാമ്പത്തിക ഇടപാടുകളും അന്വേഷിച്ചു വരുന്നതായി പൊലീസ് അറിയിച്ചു. നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള കടവന്ത്രയിലെ 'നെയ്ൽ ആർടിസ്ട്രി' എന്ന സലൂണിൽ ശനിയാഴ്ച ഉച്ചയ്ക്കു 2.50നാണു വെടിവയ്പുണ്ടായത്. ബൈക്കിൽ എത്തിയ രണ്ടു പേർ വെടിവച്ച ശേഷം കടന്നുകളയുകയായിരുന്നു. രണ്ടു പേരും ഹെൽമറ്റും ജാക്കറ്റും ധരിച്ചിരുന്നു.

ഒരാൾ ബൈക്കിനടുത്തു തന്നെ നിന്നു. രണ്ടാമൻ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ സലൂണിലേക്കുള്ള ചവിട്ടുപടികളിൽ വച്ച് എയർപിസ്റ്റൾ കൊണ്ടു വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാരൻ ഓടിയെത്തുമ്പോഴേക്കും അക്രമികൾ ബൈക്കിൽ കടന്നുകളഞ്ഞു. അഞ്ചു മിനിട്ടിനകം ഇതെല്ലാം കഴിഞ്ഞു. പൊലീസിനു ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ ബൈക്കിന്റെ നമ്പർ വ്യക്തമല്ല. വെടിവച്ച് ശബ്ദമുണ്ടാക്കി ആളുകളുടെ ശ്രദ്ധയാകർഷിക്കുന്നതിലൂടെ എന്താണ് അക്രമികൾ ലക്ഷ്യമിട്ടതെന്നു വ്യക്തമല്ല. അധോലോക കുറ്റവാളി രവി പൂജാരിയുടെ പേര് ഹിന്ദിയിൽ എഴുതിയ കടലാസ് അക്രമികൾ സംഭവ സ്ഥലത്ത് ഉപേക്ഷിച്ചിരുന്നു. ഇതൊക്കെ അന്വേഷണത്തെ വഴിതിരിച്ചു വിടാനുള്ള നീക്കമാണെന്നാണ് പൊലീസ് സംശയം.

അതേസമയം ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി സലൂണിനെ കുറിച്ചും ദുരൂഹതകൾ പെരുകുകയാണ്. വിദേശ ബ്രാൻഡായ നെയിൽ ആർട്ടിസ്ട്രിക്കു രാജ്യത്തു പല ശാഖകളുണ്ടെങ്കിലും കൊച്ചി ശാഖയുടെ നടത്തിപ്പാണു ലീനയ്ക്കുള്ളത്. നെയിൽ ആർട്ടിസ്ട്രിക്കു ബ്രാൻഡ് അംബാസഡർ പ്രമുഖ ഹിന്ദി നടി കരീഷ്മാ കപൂറാണ്. ഈ സ്ഥാപനത്തിന്റെ പരസ്യ വിപണനത്തിനു മാത്രം കോടികളാണു ചെലവഴിച്ചിട്ടുണ്ട്. അതിനുള്ള വരുമാനം കിട്ടിയിരുന്നില്ല. കള്ളപ്പണം വെളുപ്പിക്കാനുള്ള സ്ഥലമായിരുന്നോ ഇതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ബിസിനസിന്റെ പിന്നിൽ നടക്കുന്ന കള്ളപ്പണ ഇടപാടുകളെപ്പറ്റിയും പൊലീസിനു സംശയമുണ്ട്. മലയാള സിനിമയിലെ പ്രമുഖരും നെയിൽ ആർട്ടിസ്ട്രിയുമായി സഹകരിച്ചിട്ടുണ്ട്. മംമത് മോഹൻദാസ്, പ്രയാഗാ മാർട്ടിൻ, ആര്യ, കൃഷ്ണ പ്രഭ തുടങ്ങിയവരും സ്ഥാപനവുമായി സഹകരിച്ചിട്ടുണ്ട്.

നഖ സൗന്ദര്യമാണ് നയിൽ ആർട്ടിസ്ട്രിയുടെ പ്രത്യകത. ഒരു പോളിഷിങ്ങിന് 8,000 രൂപ മുതലാണു നിരക്ക്. ഇടപാടുകാരുടെ പാർട്ടികൾ കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് സംഘടിപ്പിക്കുന്നത്. ഇതിൽ കരിഷ്മയും പങ്കെടുത്തിട്ടുണ്ട്. ഇതിനൊക്കെ ലക്ഷങ്ങളാണു ചെലവഴിച്ചിരുന്നതെന്നാണു വിവരം. കള്ളപ്പണം വെളുപ്പിക്കാനായിരുന്നു ഇതെല്ലാമെന്നാണ് സൂചന. ലീന മരിയാ പോളിന്റെ തട്ടിപ്പുകൾ വ്യാപകമായി ചർച്ചയായിരുന്നു. എന്നിട്ടും കരിഷ്മയെ പോലുള്ളവർ ലീനയ്ക്കൊപ്പം വേദികളിലെത്തിയെന്നത് പൊലീസിനേയും ഞെട്ടിച്ചിട്ടുണ്ട്.

തട്ടിപ്പുകേസിൽ ഇരുവരും പങ്കാളികളായിരുന്നെങ്കിലും ലീന പുറത്തിറങ്ങി ബിസിനസിൽ സജീവമായതിലെ ഇഷ്ടക്കേടാണോ വെടിവയ്‌പ്പിനു പിന്നിലെന്ന സംശയവുമുണ്ട്. തന്റെ ബിസിനസ് തകർക്കാനും അപായപ്പെടുത്താനും സുകേഷ് ശ്രമിക്കുന്നുണ്ടെന്നു ലീനയ്ക്കും പരാതിയുണ്ട്. നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പ്രതിയായിട്ടുള്ള വ്യക്തിയാണ് ലീനാ പോൾ. മുംബൈയിൽ 19 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് ലീനാ പോളും കൂട്ടാളി സുകേശ് ചന്ദ്രശേഖറും പൊലീസ് പിടിയിലായിരുന്നു.