മലയാള സിനിമയിൽ അമ്മ വേഷങ്ങളിൽ മാത്രം പ്രത്യക്ഷപ്പെടാറുള്ള സേതുലക്ഷ്മി അമ്മ സാധാരക്കാരിയായ അമ്മ മുഖമായാണ് അഭ്രപാളിയിൽ നിറഞ്ഞു നിൽക്കുന്നത്. പുതുമുഖങ്ങൾ മുതൽ സൂപ്പർ താരങ്ങൾ വരെയുള്ളവരുടെ സാധാരണക്കാരിയായ അമ്മയായാണ് സേതുലക്ഷ്മി ഇതുവരെ സ്‌ക്രീനിലെത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ മക്കളെക്കുറിച്ച് എപ്പോഴും ആധിപേറുന്ന ഈ അമ്മ മുഖം മലയാളികളുടെ നെഞ്ചിലെ അമ്മ സങ്കൽപം തന്നെയാണ്.

ഇന്ദ്രജിത്ത് നായകനായ ലെഫ് റൈറ്റ് ലെഫ്റ്റിലെ അമ്മ വേഷമാണ് തനിക്ക് ഒരിക്കലും മറക്കാനാകാത്തെന്ന് സേതുലക്ഷ്മി പറയുന്നു. കൊലക്കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായപ്പോൾ അമ്മയെ പിരിയാൻ കഴിയാത്ത വിഷമത്തിൽ ഇന്ദ്രജിത്ത് ചെയ്യുന്ന കഥാപാത്രം ബാത്ത്റൂമിൽ കയറി വാതിൽ അടച്ച് പൈപ്പ് തുറന്നിട്ട് പൊട്ടിക്കരയുന്നുണ്ട്. ഇതറിയാതെ പുറത്തുനിന്ന് അമ്മയും കരയുന്നു. ഇന്നും പലരും പറയാറുണ്ട്, ആ സീൻ ഒരിക്കലും മനസിൽ നിന്നും മാഞ്ഞു പോകില്ലെന്ന്.

ഈ സീനിൽ ഞാൻ കരഞ്ഞത് ഗ്ലിസറിൻ പോലും ഉപയോഗിക്കാതെയാണ്. അത്രയധികം ആ കഥാപാത്രത്തോട് ചേർന്ന് നിൽക്കാൻ എനിക്കായിട്ടുണ്ട്. വീടില്ല, കൂടില്ല, ആരുമില്ല.. ഈ അവസ്ഥയിൽ ഒരു മകൻ നഷ്ടപ്പെടുന്നത് ഒരമ്മയ്ക്കും സഹിക്കാനാകില്ല.'ഉട്ടോപ്യയിലെ രാജാവിൽ' മമ്മൂട്ടിയുടെ വളർത്തമ്മയായും അഭിനയിച്ചിരുന്നു. ഈ വേഷവും മനസിൽ നിന്നും മായാതെ നിൽക്കുന്നതാണ്. മമ്മൂട്ടി മരിച്ചുവെന്നറിയുമ്പോൾ 'അയ്യോ' എന്നുറക്കെ കരയുന്നുണ്ട്. ഇതൊരു കോമഡി കരച്ചിൽ പോലെയാണെങ്കിലും 'ഉട്ടോപ്യയിലെ രാജാവിലെ' അമ്മ വേഷവും ഏറെ പ്രിയപ്പെട്ടതാണെന്ന് സേതുലക്ഷ്മി പറയുന്നു.