കൊച്ചി: അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബാലഭാസ്‌കറിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥനയിലാണ് സിനിമാ-സംഗീത ലോകം. ബാലഭാസ്‌കറിനുണ്ടായ അപകടം ഇതു വരെ പലർക്കും ഉൾക്കൊള്ളാൻ പോലും കഴിഞ്ഞിട്ടില്ല. സമൂഹ മാധ്യമത്തിലുൾപ്പടെ നൂറുകണക്കിന് ആളുകളാണ് തങ്ങളുടെ പ്രിയ ബാലുവിനും കുടുംബത്തിനേയും ഓർത്ത് വേദന പങ്കുവയ്ച്ചത്. കഴിഞ്ഞ ദിവസമാണ് ബാലഭാസ്‌കറും കുടുംബവും തിരികെ വരണമെന്ന പ്രാർത്ഥനകളോടെ നടി ശോഭന സമൂഹ മാധ്യമത്തിൽ കുറിപ്പെഴുതിയത്.

 

ഫേസ്‌ബുക്കിലൂടെയാണ് സുഹൃത്തായ ബാലുവിനും കുടുംബത്തിനും സംഭവിച്ച അപകടത്തിൽ നടുക്കവും പ്രാർത്ഥനയും രേഖപ്പെടുത്തിയത്. 'ബാലഭാസ്‌കറുടെ മകളുടെ വിയോഗത്തിൽ അതിയായ ദുഃഖമുണ്ട്. ഒരിക്കലും നികത്താനാവാത്ത നഷ്ടമാണത്. ഇതിനെയെല്ലാം അതിജീവിച്ചു മടങ്ങി വരാനുള്ള ശക്തി ആ കുടുംബത്തിന് ദൈവം നൽകട്ടെ' ശോഭന കുറിച്ചു.

 ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്തായ ശങ്കർ മഹാദേവനും ബാലു തിരിച്ചു വരുമെന്ന പ്രതീക്ഷ പങ്കുവെച്ചിരുന്നു. 'ഞങ്ങളുടെ ഏറ്റവും പ്രിയങ്കരനായ,സൂപ്പർ ടാലന്റഡായ ബാലുവിനും ഭാര്യയ്ക്കും വേണ്ടി പ്രാർത്ഥിക്കുന്നു. റോഡപകടത്തെ തുടർന്ന് ജീവിതവുമായി മല്ലിടുന്ന ഇരുവരും എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ. രണ്ടു വയസ്സുകാരിയുടെ മരണവാർത്ത തകർത്തു കളഞ്ഞു' ശങ്കർ മഹാദേവൻ ട്വീറ്റ് ചെയ്തു.

 

ബാലഭാസ്‌കർ മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയെന്ന് ഡോക്ടർമാർ അറിയിച്ചു. ബാലുവിന്റെയും ഭാര്യയുടെയും ഡ്രൈവർ അർജുന്റെയും ശസ്ത്രക്രിയകൾ വിജയകരമായിരുന്നു. എന്നാൽ അടുത്ത 24 മണിക്കൂറും നിരീക്ഷണത്തിലായിരിക്കും. ബാലഭാസ്‌കറിന്റെ കുടുംബവും അടുത്ത സുഹൃത്തുക്കളും സിനിമാ പ്രവർത്തകരുമൊക്കെ ആശുപത്രി പരിസരത്തുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്‌ച്ച പുലർച്ചെ നാലു മണിക്ക് ദേശീയ പാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിന് സമീപം താമരക്കുളത്ത് നിയന്ത്രണം തെറ്റിയ കാർ റോഡ് വക്കിലെ മരത്തിലിടിച്ചാണ് ബാലഭാസ്‌കറിനും കുടുംബത്തിനും അപകടമുണ്ടായത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്. കാറിൽ ബാലഭാസ്‌ക്കറും ഭാര്യ ലക്ഷ്മിയും മകൾ തേജസ്വി ബാലയും, ഡ്രൈവർ അർജുനുമായിരുന്നു ഉണ്ടായിരുന്നത്.

അതുവഴി പോയ വാഹനത്തിലുള്ളവരും നാട്ടുകാരും ചേർന്ന് കാറിന്റെ ഗ്ലാസ് പൊട്ടിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഹൈവേ പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തേജസ്വിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ബാലഭാസ്‌ക്കർക്ക് തലയ്ക്കും നട്ടെല്ലിനും ഭാര്യ ലക്ഷ്മിക്ക് കാലിനും ആന്തരികാവയവങ്ങൾക്കും ഡ്രൈവർ അർജുന് കാലിനും പരിക്കേറ്റു. ബാലഭാസ്‌ക്കറിനെ അടിയന്തര ശസ്ത്രക്രിയകൾക്ക് വിധേയമാക്കി.

മലയാളം കൂടാതെ ഹിന്ദി, തമിഴ്, സംസ്‌കൃതം, തെലുങ്ക് എന്നീ ഭാഷകളിലെ ആൽബങ്ങളിലും സിനിമകളിലും സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട് നാൽപ്പത്തൊന്നുകാരനായ ബാലഭാസ്‌ക്കർ. അപകടം നടന്നയിടത്തു നിന്ന് റോഡിൽ കിലോമീറ്ററുകളോളം തെരുവ് വിളക്കുകൾ ഇല്ല. അതു വഴി പോയ വാഹനങ്ങൾ നിർത്തി ഹെഡ് ലൈറ്റുകൾ തെളിയിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തതെന്ന് നാട്ടുകാർ പറഞ്ഞു.സഹപാഠികളായിരുന്ന ബാലഭാസ്‌കറും ലക്ഷ്മിയും 2000-ത്തിലാണ് വിവാഹം കഴിച്ചത്. ഫ്യൂഷൻ സംഗീതപരിപാടികളിലൂടെ ചെറുപ്രായത്തിൽ തന്നെ പ്രശസ്തനായ ബാലഭാസ്‌കർ, ചലച്ചിത്രങ്ങൾക്കും ആൽബങ്ങൾക്കും സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്.