യുവനടി ശ്രിന്ദ വീണ്ടും വിവാഹിതയായി. മലയാള സിനിമയിലെ യുവ സംവിധായകൻ സിജു.എസ് ബാവയാണ് ശ്രിന്ദയുടെ കഴുത്തിൽ താലി ചാർത്തിയത്. മലയാള സിനിമയിലെ പ്രമുഖർ ഇരുവർക്കും വിവാഹമംഗളാശംസകളുമായി എത്തി.

പത്തൊൻപതാം വയസ്സിലാണ് നടി ശ്രിന്ദ ആദ്യം വിവാഹം ചെയ്തത്. നാലു വർഷത്തിന് ശേഷം വിവാഹ മോചനം നേടി. ആ ബന്ധത്തിൽ ഒരു മകനും ശ്രിന്ദയ്ക്കുണ്ട്. ഫഹദ് ഫാസിലിനെ നായകനാക്കി 'നാളെ' എന്ന സിനിമ സിജു സംവിധാനം ചെയ്തിട്ടുണ്ട്.

വിവാഹ മോചനത്തെ പറ്റി ശ്രിന്ദ പറഞ്ഞ വാക്കുകളോർത്ത് ആരാധകർ

വിവാഹ മോചനത്തെ പറ്റി ശ്രിന്ദ പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു. ജീവിതത്തിലെ അനുഭവങ്ങളെ തുറന്നുപറയാനുള്ള ശ്രന്ദയുടെ ധൈര്യത്തെ സമൂഹ മാധ്യമം വാനോളം പുകഴ്‌ത്തിയിരുന്നു.

'വിവാഹമോചനമായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി. പത്തൊൻപതാം വയസ്സിലായിരുന്നു വിവാഹം. നാല് വർഷത്തോളം കാത്തിരുന്നതിന് ശേഷമാണ് വിവാഹ മോചനത്തിലേക്കെത്തിയത്. അതുകൊണ്ടു തന്നെ ആ തിരിച്ചറിവോടു കൂടിയാണ് ഞാൻ അതിനെ കൈകാര്യം ചെയ്തത്. ജീവിതത്തിൽ പലപ്പോഴും അതിവൈകാരികമായി പ്രതികരിച്ചിട്ടുണ്ട്. എന്തുസംഭവിക്കും എന്നറിയാൻ കാത്തിരുന്നു.

അതു ബാധിക്കുന്നത് കുട്ടികളെയാണ്. ക്ഷമിക്കാനും മറക്കാനും പഠിച്ചു. എല്ലാവർക്കും അവരുടേതായ ഒരു സ്പേസ് ഉണ്ട്. അതിനെ ബഹുമാനിക്കണം. അദ്ദേഹം ഇപ്പോൾ സന്തോഷവാനാണ്. ഞാനും എന്റെ മകനും അങ്ങനെ തന്നെ. ഞങ്ങൾ മകനെ പിടിച്ചു വയ്ക്കാറില്ല. അതുകൊണ്ടു തന്നെ എല്ലാവരും സന്തോഷത്തോടെയിരിക്കുന്നു. പരസ്പര ബഹുമാനം സൂക്ഷിക്കുന്നു. ശ്രിന്ദ വ്യക്തമാക്കി.

അർഹാൻ എന്റെ ഭാഗം തന്നെയാണ്. ജീവിതം കൈവിട്ടു പോകുന്ന അവസരങ്ങളിൽ ചേർത്തു പിടിച്ച ശക്തിയാണ് അർഹാൻ. മകന് ജന്മം നൽകിയതായിരുന്നു ഏറ്റവും സന്തോഷകരമായ നിമിഷം. കുഞ്ഞിന്റെ മുഖം ആദ്യമായി കണ്ടപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കില്ല. എന്നിലെ സ്ത്രീ പൂർണതയിലേക്കെത്തിയത് അമ്മയായതിന് ശേഷമാണെന്ന് തനിക്ക് തോന്നിയിട്ടുണ്ട്.'