കൊച്ചി: ദിലീപ് അറസ്റ്റിലായ പശ്ചാത്തലത്തിൽ ഉർവശി ഒരു മാധ്യമപ്രവർത്തകനുമായി സംസാരിക്കുന്നു എന്ന രീതിയിൽ ഒരു ഓഡിയോ ക്ലിപ്പ് വൈറലാകുന്നു. ഇതിലാണ് ദിലീപിനെതിരെയും മലയാള സിനിമയ്ക്കെതിരെ ഉർവശി തുറന്നടിക്കുന്നത്.

മലയാള സിനിമയിലെ അവസ്ഥയെപ്പറ്റിയാണ് ഉർവശി പ്രതികരിക്കുന്നത്. ദിലീപിനെതിരായ പരാമർശം ഇങ്ങനെ- ഇതൊക്കെ കേൾക്കുമ്പോൾ (നടിയെ ആക്രമിച്ചത്) വല്ലാതെ പേടി തോന്നുന്നു. ഇത്രയും നാൾ ഇതേ കുറിച്ചൊന്നും പ്രതികരിക്കാതിരുന്നത്, ഞാൻ അല്പം ഇമോഷണലാണ്. ഒത്തിരി വിഷമം തോന്നും.

എനിക്കും ഒരു പെൺകുഞ്ഞുണ്ട്. ഈ പറഞ്ഞ അറസ്റ്റിലായ ദിലീപിനും ഒരു പെൺകുഞ്ഞുണ്ട്. അതൊക്കെ ഓർത്താൽ കൊള്ളാം. സൂപ്പർതാരങ്ങൾ വിചാരിച്ചാൽ മാത്രമേ എത്ര കഴിവുള്ള നടിക്കും അഭിനയിക്കാൻ കഴിയുകയുള്ളൂ എന്നതിന്റെ അന്ത്യം ഇവിടെ സംഭവിക്കും എന്ന് ഉർവശി പറയുന്നു. കാരണം മാധ്യമങ്ങൾ എല്ലാം പുറത്തുകൊണ്ടു വന്നു കഴിഞ്ഞു.

കേരളത്തിലെ മാധ്യമപ്രവർത്തകരോട് അക്കാര്യത്തിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ആദ്യമൊക്കെ ഒരു നടനാണ് ഈ കീഴ് വഴക്കം കൊണ്ടുവന്നത്.. അദ്ദേഹത്തിന് താത്പര്യമുള്ളവരെ മാത്രമേ അഭിനയിപ്പിക്കു. പിന്നീട് അത് മറ്റ് നടന്മാരും ഏറ്റെടുത്തതോടെ പലർക്കും അവസരങ്ങൾ കുറഞ്ഞു. അക്കാര്യത്തിൽ എല്ലാ നടന്മാരും പിന്നീട് ഒറ്റക്കെട്ടായി. സ്ഥാപിത താത്പര്യമുള്ള സംവിധായകരെയും കിട്ടിയാൽ പിന്നെ എല്ലാവരുടെയും ഇംഗിതങ്ങൾക്ക് അനുസരിച്ചേ അഭിനയിക്കാൻ കഴിയൂ എന്ന അവസ്ഥയായെന്നും ഉർവശി പറയുന്നു.

ഡ്രൈവർമാരിൽ നിന്ന് ഒരിക്കലും എനിക്ക് ഇത്തരമൊരു മോശം അനുഭവം ഉണ്ടായിട്ടില്ല. പൾസർ സുനി എന്ന ആൾ സിനിമയിൽ ഉള്ളതാണെന്ന് ഒരിക്കലും പറയാൻ പാടില്ല. ഇവർക്കൊക്കെ ആര് മെമ്പർഷിപ്പ് കൊടുത്തു എന്നാണ് ഉർവശി ചോദിക്കുന്നത്. നമ്മുടെ ഡ്രൈവർമാരൊന്നും ഒരിക്കലും അങ്ങനെ പെരുമാറുന്നവരേ അല്ല. അവരെ വിശ്വസിച്ച് ധൈര്യമായി വാഹനത്തിൽ ഉറങ്ങാമെന്ന് ഉർവശി പറയുന്നു.