കൊച്ചി: പീഡനത്തിന്റെ വേദനകൾക്ക് ഇനി വിട. ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം ഇന്നലെ വീണ്ടും ക്രൂരതയുടെ ഇരയായ നടി ഷൂട്ടിങ് ലൊക്കേഷനിലെത്തി. ആദം എന്ന പൃഥ്വിരാജ് ചിത്രത്തിന്റെ ഫോർട്ട് കൊച്ചിയിലെ ലൊക്കേഷനിലേക്ക് രാവിലെ 11 മണി കഴിഞ്ഞാണ് എത്തിയത്. പിന്തുണയുമായി സെറ്റ് മുഴുവനും. പൃഥ്വിരാജ് ഉൾപ്പെടെ എല്ലാവരും നടിക്ക് സംരക്ഷണവുമായി നിലയുറപ്പിച്ചു. മാദ്ധ്യമങ്ങളുടെ കണ്ണുകൾ നടിക്ക് മേൽ പതിക്കാതിരിക്കാനും ശ്രദ്ധിച്ചു.

പൃഥ്വിരാജും നടിയും ഉൾപ്പെട്ട ഗാനരംഗമാണ് ഇന്നലെ ചിത്രീകരിച്ചത്. ഒരാഴ്ച മുമ്പ് നടിക്ക് നേരിടേണ്ടി വന്ന ദുരന്തത്തെക്കുറിച്ച് ചോദിക്കാനോ ഓർമ്മപ്പെടുത്താനോ ആരും ശ്രമിച്ചില്ല. ലൊക്കേഷനിൽ സാധാരണ രീതിയിൽ പെരുമാറിയാണ് എല്ലാവരും നടിക്ക് ധൈര്യം പകർന്നതെന്ന് ഒരു സിനിമാ പ്രവർത്തകൻ വ്യക്തമാക്കി. വൈകിട്ട് മൂന്നു മണിയോടടുപ്പിച്ചാണ് ലൊക്കേഷൻ വിട്ടത്. ഇതിനു ശേഷമാണ് തിരിച്ചറിയൽ പരേഡിനായി ആലുവയിലേക്ക് പോയത്.

പൃഥ്വിരാജിന്റെ മാസ്റ്റേഴ്‌സ്, ലണ്ടൻ ബ്രിഡ്ജ് എന്നീ ചിത്രങ്ങളുടെ തിരക്കഥാ കൃത്ത് ജിനു എബ്രഹാം സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ആദം. നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടർന്ന് ഷൂട്ടിങ് താല്കാലികമായി നീട്ടിവയ്ക്കാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചിരുന്നെങ്കിലും ഷൂട്ടിംഗുമായി മുന്നോട്ടു പോകാൻ നടി തീരുമാനിക്കുകയായിരുന്നു. താര സംഘടനയായ അമ്മയുടെ ഭാരവാഹികളടക്കം നടിയെ കാണാൻ എത്തിയവർ ദുരന്തത്തിന്റെ പേരിൽ മാറി നില്ക്കാതെ എത്രയും വേഗം സിനിമയിൽ സജീവമാകാനാണ് ഉപദേശിച്ചത്. ഇതും നടിയുടെ പെട്ടെന്നുള്ള തിരിച്ചുവരവിന് വഴിയൊരുക്കി. അടുത്ത 12 ദിവസം കൊച്ചിയിൽ പലഭാഗങ്ങളിൽ ചിത്രത്തിന്റെ ഷൂട്ടിങ് ഉണ്ടാകും.

സെറ്റിൽ വച്ച് പത്തിന് നടി മാദ്ധ്യമപ്രവർത്തകരെ കാണുമെന്ന് പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. പ്രതികളുടെ തിരിച്ചറിയൽ പരേഡുള്ളതിനാൽ മാദ്ധ്യമങ്ങളെ കാണരുതെന്ന് പൊലീസ് നിർദ്ദേശിച്ചിരുന്നു. രാവിലെ മുതൽക്കേ മാദ്ധ്യമപ്രവർത്തകർ ഫോർട്ട്കൊച്ചിയിലെ ലൊക്കേഷനിൽ കാത്ത് നിന്നെങ്കിലും അവസാന നിമിഷം നടി പിന്മാറി. പതിനൊന്ന് മണിയോടെ ലൊക്കേഷനിൽ എത്തിയ നടൻ പൃഥിരാജ്, ചിത്രത്തിന്റെ പൂജക്ക് ശേഷം മാദ്ധ്യമങ്ങളെ കണ്ടു.

''എനിക്ക് വേണ്ടിയും സഹപ്രവർത്തകയായ സുഹൃത്തിന് വേണ്ടിയും മാദ്ധ്യമങ്ങൾ സഹായം ചെയ്യണം. ചിത്രീകരണത്തിനായി നടി എത്തുമ്പോൾ ക്യാമറയും മൈക്കുമായി അവരെ വളയരുത്. അത് സിനിമയ്ക്കു വേണ്ടിയും നന്മയ്ക്കു വേണ്ടിയുമുള്ള സഹായമാകും. മാദ്ധ്യമങ്ങൾ അതിന് സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിയമപരമായും അവരുടെ മാനസികനില അനുസരിച്ചും ഇപ്പോൾ മാദ്ധ്യമങ്ങളോട് സംസാരിക്കാനാവില്ല. ഒരു പക്ഷേ പിന്നീട് അവർ നിങ്ങളോട് സംസാരിക്കുമെന്നാണ് കരുതുന്നത്.'' പൃഥ്വി പറഞ്ഞു.

സിനിമയുടെ പ്രചരണാർത്ഥം ആരെങ്കിലും മാദ്ധ്യമങ്ങളെ ലൊക്കേഷനിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിൽ അവർക്ക് വേണ്ടി താൻ മാപ്പ് ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു. മാദ്ധ്യമപ്രവർത്തകർ മടങ്ങിയ ശേഷമാണ് നടി ലൊക്കേഷനിലെത്തിയത്. താൻ ഇനിയൊരിക്കലും സ്ത്രീവിരുദ്ധ സിനിമകളിൽ അഭിനയിക്കില്ലെന്ന് പൃഥ്വിരാജ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പ്രസ്താവിച്ചു. മുമ്പ് ചില സിനിമകളിൽ സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടി വന്നതിൽ പൃഥ്വി മാപ്പുചോദിച്ചു.

ഇനിയൊരിക്കലും അതാവർത്തിക്കില്ല. ഇന്ന് ആദം എന്ന സിനിമയുടെ സെറ്റിൽ, എന്റെ ജീവിതത്തിലെ അസാധാരണയായ ഒരു സ്ത്രീയുടെ അസാധാരണമായ ധീരതയ്ക്ക് താൻ സാക്ഷിയായി. എന്നും പൃഥ്വി രേഖപ്പെടുത്തുന്നു. പ്രിയ സുഹൃത്തേ ഞാൻ നിന്റെ ആരാധകനാണ്. എന്നാണ് പോസ്റ്റ് പൃഥ്വി അവസാനിപ്പിക്കുന്നത്.