പെൺവിഷയത്തിൽ അഴിയെണ്ണുന്നവരും സ്വന്തം കരിയറും ജീവിതവും കളഞ്ഞവരുടെ കൂട്ടത്തിലേക്കാണ് ഇംഗ്ലണ്ട് ഫുട്‌ബോൾ ടീമംഗം ആദം ജോൺസണും. പതിനഞ്ചുകാരിയുമായുള്ള ബന്ധമാണ് ആദമിനെ ജയിലാക്കുന്നത്. ഇന്റനെറ്റിൽ വച്ച് പരിചയപ്പെട്ട പതിനഞ്ചുകാരിയെ ചുംബിച്ചെന്നാണ് ആദത്തിനെതിരെയുള്ള കേസ്. ഇരുപത്തിയെട്ടുകാരൻ മിഡ്ഫീൾഡർ കരിയറിൽ ഏറ്റവും മികച്ച ഫോമിൽ നിൽക്കുന്ന സമയത്താണ് ആരോപണം ഉയർന്നതും കേസായതും.

ആദത്തിനെതിരെയുള്ള രണ്ടാരോപണങ്ങൾ സമ്മതിക്കുകയും മറ്റ് രണ്ട് ആരോപണങ്ങൾ നിഷേധിക്കുകയും ചെയ്തു. സണ്ടർലാന്റിൽ ജനിച്ച ആദം ജോൺസൺ മിഡിൽബ്രോയിൽ കരിയർ തുടങ്ങുകയും പിന്നീട് മാഞ്ചസ്റ്റർ സിറ്റിയിൽ ചേരുകയും ചെയ്തു. 2012ൽ പത്ത് മില്യൺ പൗണ്ടിനാണ് ആദം ജോൺസൺ മാഞ്ചസ്റ്റർ സിറ്റിയിൽ ചേർന്നത്. ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം അറസ്റ്റിലായ ഉടൻതന്നെ ക്ലബ്ബിൽനിന്ന് ആദം ജോൺസണെ സസ്‌പെൻഡ് ചെയ്തിരുന്നു. 2014 ഡിസംബർ 30 മുതൽ 2015 ഫെബ്രുവരി 26 വരെയുള്ള കാലഘട്ടത്തിൽ പെൺകുട്ടിക്ക് 16വയസ് തികഞ്ഞിട്ടില്ലെന്ന ബോധ്യത്തോടെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു എന്നതാണ് ചുമത്തിയിരിക്കുന്ന കുറ്റം.

പതിനാറ് വയസ് തികയാത്ത കുട്ടിയെ ലൈംഗിക താത്പര്യത്തോടെ സ്പർശിച്ചതായും ദുരുപയോഗം ചെയ്യാൻ ശ്രമിച്ചതായും പ്രോസിക്യൂഷൻ ആരോപിച്ചു. ആദം തന്റെ വക്കീലന്മാരോട് ആലോചിച്ച ശേഷമാണ് കുറ്റം ചെയ്തതായി സമ്മതിച്ചത്.

പതിനേഴാം വയസിൽ പ്രൊഫഷണൽ ക്ലബ്ബുകളിൽ കളിച്ച് തുടങ്ങിയ ആദം ജോൺസൺ 119 മാച്ചുകളിൽ കളിച്ചിട്ടുണ്ട്. എഫ്എ കപ്പ് നേടിയ മാഞ്ചസ്റ്റർ സിറ്റി ടീമിലും അംഗമായിരുന്നു.