മനാമ: ബഹറിൻ കേരളീയ സമാജം കലാവിഭാഗത്തിൻ കീഴിൽ സമാജം അംഗങ്ങളുടെ കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ കണ്ടെത്തുവാനും , പ്രോത്സാഹിപ്പിക്കുവാനും അവരെ വേദിയിൽ എത്തിക്കുവാനും , സഹായകമാകുന്ന പ്രവർത്തനങ്ങളുമായി ആടാം പാടാം വീണ്ടും അരങ്ങിലെത്തുന്നു. മുപ്പതിൽ പരം കുട്ടികൾ അവതരിപ്പിച്ച വിവിധ പരിപാടികളോടെയാണ് മെയ് 7 ന് നിറഞ്ഞ സദസ്സിനു മുന്നിൽ ആടാം പാടാം തുടക്കം കുറിച്ചത്.

നാലിന് ശനിയാഴ്ച വൈകീട്ട് കൃത്യം എട്ടു മണിക്ക് എം എം രാമചന്ദ്രൻ ഹാളിലാണ് ആടാം പാടാം വീണ്ടും അരങ്ങേറുന്നത്. ഇതോടൊപ്പം ജൂൺ മാസത്തിൽ ജന്മദിനം ആഘോഷിക്കുന്ന കുട്ടികൾക്ക് അവരുടെ കൂട്ടുകാരുമൊത്ത് ആഹ്ലാദപൂർവ്വം ജന്മദിനം കൊണ്ടാടുവാനുള്ള അവസരവും സംഘാടകർ ഒരുക്കുന്നുണ്ട് .

കുട്ടികളുടെ അഭിരുചികൾക്കനുസരിച്ച് ഒറ്റക്കോ, ചെറിയ ഗ്രൂപ്പുകൾ ആയോ സിനിമ ഗാനങ്ങൾ, നൃത്തം, മോണോ ആക്ട്, മിമിക്രി, സ്‌കിറ്റ് , നാടൻ പാട്ട് , തുടങ്ങി കുട്ടികൾക്ക് താൽപ്പര്യമുള്ള എല്ലാ കലാപരിപാടികളും ഇതിലൂടെ അവതരിപ്പിക്കാവുന്നതാണ്. ഈ പരിപാടിയുടെ വിജയത്തിനും, കുട്ടികളെ പ്രോൽസാഹിപ്പിക്കുന്നതുനുമായി എല്ലാ രക്ഷിതാക്കളുടെയും സഹകരണവും , സാന്നിദ്ധ്യവും ഉണ്ടാകണമെന്ന് സമാജം പ്രസിഡണ്ട് പി .വി . രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി എൻ .കെ . വീരമണി എന്നിവർ അറിയിച്ചു.

കലാപരിപാടികളിൽ പങ്കെടുക്കുവാൻ താൽപര്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾ സമാജം ഓഫീസുമായി ബന്ധപ്പെട്ട് പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് കലാവിഭാഗം സെക്രട്ടറി മനോഹരൻ പാവറട്ടി ( 39848091 ) ആടാം പാടാം കൺവീനർ രാജേഷ് എം.എൻ ( 32280039 ) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ് .