കൊച്ചി: പൃഥ്വിരാജും ഭാവനയും കേന്ദ്രകഥാപാത്രങ്ങളാകുന്ന നവാഗത സംവിധായകൻ ജിനു എബ്രഹാമിന്റെ ആദം കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്നു. ഫാമിലി ത്രില്ലർ സിനിമയായ ചിത്രത്തിൽ ആദം എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. ബോളിവുഡ് അഭിനയത്രി മിഷ്ടി ചക്രവർത്തിയും ഭാവനയുമാണ് ചിത്രത്തിലെ നായികമാർ.

കുടുംബ ബന്ധങ്ങൾക്ക് ഏറെ പ്രധാന്യം നൽകുന്ന, എന്നാൽ മലയാളികൾക്ക് കണ്ട് അത്ര പരിചയമില്ലാത്ത മേഖലകളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. ജയ മേനോൻ, മണിയൻപിള്ള രാജു, നരേൻ, രാഹൂൽ മാധവ്, തുടങ്ങി ഒട്ടേറെ അഭിനയേതാക്കളും ചിത്രത്തിലുണ്ട്. ഇന്നലെ രാവിലെ നടന്ന പൂജയ്ക്ക് ശേഷം ഫോർട്ട് കൊച്ചി ലില്ലീസ് സ്ട്രീറ്റിലെ പ്രത്യേകം തയ്യാറാക്കിയ സെറ്റിൽ പാട്ടിന്റെ ചിത്രീകരണം നടന്നു. എഴുപുന്നയിലാണ് ഇന്നത്തെ ചിത്രീകരണം.

റോബിൻഹുഡ് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പ്രിത്വിയും നരേനും ഭാവനയും ഒന്നിക്കുന്നു എന്ന പ്രതേകത കൂടി ചിത്രത്തിനുണ്ട്. പ്ലാന്ററായ ആദം ഒരു പ്രത്യേക സാഹചര്യത്തിൽ സ്‌കോട്ടലാന്റിലേക്ക് മാറിനിൽക്കേണ്ടി വരുന്നതിനെ അടിസ്ഥാനമാക്കിയാണ് കഥ പുരോഗമിക്കുന്നത്. കൊച്ചിയിലെ ചിത്രീകരണം പൂർത്തിയാക്കി അടുത്തമാസം അഞ്ചാം തിയതി ഷൂട്ടിംങ് സംഘം സ്‌കോട്ടലാന്റിലേക്ക് തിരിക്കും. 35 ദിവസമാണ് സ്‌കോട്ടലാന്റിലെ ചിത്രീകരണം. തുടർന്ന് കേരളത്തിൽ അഞ്ച് ദിവസത്തെ ചിത്രീകരണത്തോടെ ആദം പൂർത്തിയാകും.

ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ സംവിധായകൻ ജിനു അബ്രഹാം മറുനാടൻ മലയാളിയുമായി പങ്കുവച്ചു. മാസ്റ്റേഴ്സ്, ലണ്ടൻ ബ്രിഡ്ജ് തുടങ്ങിയ പൃഥ്വിരാജ് ചിത്രങ്ങളുടെ തിരക്കഥകൃത്തായിരുന്നു നവാഗത സംവിധായകനായ ജിനു അബ്രഹാം. ഇന്നലെ ഭാവനയും പൃഥ്വിയും ഉൾപ്പെട്ട രംഗത്തിന്റെ ചിത്രീകരണമാണ് നടന്നത്. വീടിന്റെ ഉള്ളിൽ വച്ചുള്ള രംഗങ്ങളാണ് ഇന്നലെ ചിത്രീകരിച്ചത്. ചിത്രത്തിന്റെ പൂജ ഇന്നലെ രാവിലെയാണ് നടന്നത്.