ന്യൂഡൽഹി: കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വിദേശ വിമാനക്കമ്പനികളുടെ സർവീസ് അനുവദിക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാർ തള്ളുമ്പോൾ ഉയരുന്നത് വ്യാപക പ്രതിഷേധം. ഈ ആവശ്യം നിറവേറ്റാൻ ഇന്ത്യൻ കമ്പനികളുടെ സർവീസ് വർധിപ്പിക്കണമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിലപാട്. എന്നാൽ തിരുവനന്തപുരം വിമാനത്താവളം അദാനി ഏറ്റെടുത്തതോടെ കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളോട് കേന്ദ്രത്തിന് താൽപ്പര്യം കുറയുന്നുവെന്ന സംശയമാണ് ശക്തമാകുന്നത്.

കണ്ണൂർ വിമാനത്താവളം നഗരത്തിൽ അല്ല എന്ന വാദമാണ് അനുമതി നിഷേധിക്കാൻ വ്യോമയാന മന്ത്രാലയം മുന്നോട്ടുവയ്ക്കുന്നത് എന്നതാണ് അനുമതി നിഷേധിക്കാനുള്ള കാരണം. കിയാലും സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരിനും വ്യോമയാന വകുപ്പിനും നിരവധിതവണ അപേക്ഷ നൽകിയിരുന്നു. കോവിഡ ലോക്ക്ഡൗണിലെ അടച്ചിടൽ സമയങ്ങളിൽ ചാർട്ടേഡ് വിമാനങ്ങൾ ആയും വന്ദേഭാരത് ദൗത്യത്തിലും വലിയ ബോയിങ് വിമാനങ്ങൾ കണ്ണൂരിൽ ഇറങ്ങിയിരുന്നു. ഇതിലൂടെ കണ്ണൂരിന്റെ റൺവേ വലിയ വിമാനങ്ങൾക്ക് പറന്നുയരാനും ഇറങ്ങാനും അനുയോജ്യമാണെന്ന് തെളിഞ്ഞിരുന്നു.

ഈ സാഹചര്യത്തിൽ കേരളത്തിന്റെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായ കണ്ണൂരിൽ നിന്ന് വിദേശ വിമാന കമ്പനികൾക്ക് സർവീസ് നടത്താൻ അനുമതി നൽകണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാൽ ഇത് അംഗീകരിച്ചില്ല. തിരുവനന്തപുരം വിമാനത്താവളത്തിന് കൂടുതൽ പ്രാധാന്യം കേന്ദ്രം നൽകുമെന്നാണ് സൂചന. സ്വകാര്യ വ്യക്തി ഏറ്റെടുത്താലും വിമാനത്താവള വികസനം സാധ്യമാകുമെന്ന് തെളിയിക്കാൻ കൂടിയാണ് ഇത്. സംസ്ഥാന സർക്കാരിന്റെ ആവശ്യവും ആഗ്രഹവും പരിഗണിക്കാതെയാണ് ഈ വിമാനത്താവളം അദാനിക്ക് നൽകിയത്. അതിന് ശേഷം വൻ വികസനവും ഇളവുകളും യാത്രക്കാർക്ക് കിട്ടുകയും ചെയ്തു.

നിലവിൽ കേരളത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിന് കേന്ദ്രം കൂടുതൽ പ്രാമുഖ്യം കിട്ടും. ഇതാണ് കണ്ണൂരിന് തിരിച്ചടിയാകുന്നതെന്നാണ് ഉയരുന്ന സംശയം. ഇന്ത്യൻ വിമാന കമ്പനികൾ നിലവിൽ കണ്ണൂരിൽ നിന്ന് വിദേശ സർവീസുകൾ നടത്തുന്നുണ്ട്. കൂടുതൽ ആവശ്യം വന്നു കഴിഞ്ഞാൽ സർവീസുകളുടെ എണ്ണം വർധിപ്പിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. ഇന്ത്യൻ വിമാനകമ്പനികളെ സംരക്ഷിക്കുന്നതിനാണ് ഇത്തരത്തിലൊരു നിലപാട് എടുത്തതെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം വിശദീകരിച്ചു.

കണ്ണൂരിൽ നിന്ന് കൂടുതൽ വിദേശ വിമാന കമ്പനികൾ സർവീസ് നടത്തിയാൽ യാത്രക്കാർക്ക് കൂടുതൽ ഗുണം ലഭിക്കുമെന്നായിരുന്നു കേരളത്തിന്റെ നിലപാട്. എത്തിഹാദും എമിറേറ്റ്സും പോലുള്ള കമ്പനികൾക്ക് അനുമതി നൽകണം. യൂറോപ്പിലേക്ക് കണ്ണൂരിൽ നിന്ന് കണക്ഷൻ വിമാനം വേണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. മട്ടന്നൂർ നഗരസഭയിൽ ഉൾപ്പെടുന്നതും മട്ടന്നൂർ നഗരത്തിലെ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്നതുമായ കണ്ണൂർ വിമാനത്താവളം നഗരത്തിൽ അല്ല എന്ന് പറയുന്നത് തീർത്തും അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര നിലപാടിനോട് വിയോജിപ്പുള്ളവർ പറയുന്നു.

അന്താരാഷ്ട്രതലത്തിലുള്ള ചരക്കുനീക്കം കണ്ണൂരിൽ നിന്ന് ആരംഭിച്ചതോടെ വിദേശ വിമാനങ്ങളുടെ സർവീസ് ആരംഭിക്കേണ്ടത് അത്യാവശ്യമായി വന്നപ്പോഴാണ് കേന്ദ്രം അന്യായമായ വാദങ്ങൾ ഉന്നയിച്ചത് തടസ്സം നിൽക്കുന്നത്. സംസ്ഥാന സർക്കാരിനെ കൂടുതൽ ഓഹരി ഉള്ളതും കേന്ദ്രസർക്കാരിന് വിൽക്കാൻ സാധിക്കാത്തതുമായ കണ്ണൂർ വിമാനത്താവളം തീർത്തും അവഗണിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ എടുത്തു കൊണ്ടിരിക്കുന്നതെന്ന വിമർശനമാണ് കണ്ണൂരിൽ സജീവമാകുന്നത്.

വിമാനത്താവളത്തെ തുടക്കത്തിൽതന്നെ എതിർത്തവരാണ് ഇതിന് പിന്നിലെന്നും തെറ്റായ പ്രസ്താവന തിരുത്തി വിദേശ വിമാന സർവീസ് അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് വ്യോമയാനമന്ത്രി കത്തയച്ചതായി എയർപോർട്ട് സംഘാടകസമിതി കൺവീനർ അഡ്വക്കറ്റ് പി വി ബാലകൃഷ്ണൻ പറഞ്ഞു.