- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന സർക്കാരിന്റെ പിന്തുണ ഇല്ലെങ്കിലും അദാനി മുന്നോട്ട് തന്നെ; തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള നടത്തിപ്പ് ഒക്ടോബർ 14 മുതൽ അദാനി ഗ്രൂപ്പിന്; പകുതി ജീവനക്കാരെ നിലനിർത്തും; സ്വകാര്യവത്കരണത്തിന് എതിരായ നിയമപോരാട്ടം തുടരുമെന്ന് ആക്ഷൻ കൗൺസിലും
തിരുവനന്തപുരം: നിയമപോരാട്ടം തുടരുന്നതിനിടെ, അദാനി ഗ്രൂപ്പ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം രണ്ടാഴ്ചക്കുള്ളിൽ ഏറ്റെടുക്കും. ഒക്ടോബർ 14ാം തീയതി മുതൽ വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിനായിരിക്കും. നിലവിലെ ജീവനക്കാരിൽ പകുതിയോളം പേരെ എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യക്ക് കീഴിലുള്ള മറ്റ് വിമാനത്താവളങ്ങളിലേക്ക് സ്ഥലം മാറ്റും. മറ്റുള്ളവർ തിരുവനന്തപുരത്ത് തുടരും.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പും പരിപാലന ചുമതലയും അടുത്ത 50 വർഷത്തേക്കാണ് അദാനി ഗ്രൂപ്പിന് ലഭിച്ചത്. ഇക്കഴിഞ്ഞ ജനുവരി 19ന് ഇതു സംബന്ധിച്ച കരാറിൽ അദാനി ഗ്രൂപ്പും എയർപോർട്ട് അതോറിററി ഓഫ് ഇന്ത്യയും ഒപ്പുവച്ചിരുന്നു. കരാർ പ്രകാരം ആറ് മാസത്തിനകം വിമാനത്താവളം ഏറ്റെടുക്കേണ്ടതായിരുന്നു. എന്നാൽ സംസ്ഥാന സർക്കാരിന്റെ നിയമ നടപടിയും കോവിഡ് വ്യാപനവും ഏറ്റെടുക്കൽ വൈകാൻ കാരണമായി.
അതേസമയം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണത്തിനെതിരായ നിയമപോരാട്ടം തുടരുമെന്ന് ആക്ഷൻ കൗൺസിൽ വ്യക്തമാക്കി.വിമാനത്താവളം അദാനിക്ക് നൽകുന്നതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയെങ്കിലും സുപ്രീംകോടതിയിൽ അപ്പീൽ നിലവിലുണ്ട്. ഇത് നിലനിൽക്കെയാണ് വിമാനത്താവളം ഏറ്റെടുക്കാനുള്ള നടപടിയുമായി അദാനി ഗ്രൂപ്പ് മുന്നോട്ട് പോകുന്നത്. കൈമാറ്റം സ്ഥിരീകരിച്ചും പൂർണ സജ്ജമാകുന്നതുവരെ ആറുമാസത്തേക്ക് നിലവിലെ താരിഫ് നിരക്ക് തുടരുമെന്നും വ്യക്തമാക്കി എയർപോർട്ട് അഥോറിറ്റി ഉത്തരവിറക്കി.
സ്റ്റേറ്റ് സപ്പോർട്ട് എഗ്രിമെന്റിൽ സംസ്ഥാന സർക്കാർ ഒപ്പിട്ടില്ലെങ്കിലും തടസ്സമുണ്ടാകില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ വിലയിരുത്തൽ. വിമാത്താവളത്തിന്റെ ഇപ്പോഴത്തെ പ്രവർത്തനത്തിന് ഇത് ബാധകമാകില്ല. തിരുവനന്തപുരം വിമാനത്താവളത്തിൽ 300 ജീവനക്കാരാണുള്ളത്. ഇവരെ മൂന്ന് വർഷത്തേക്ക് അദാനി ഗ്രൂപ്പ് ഡപ്യൂട്ടേഷനിൽ ഏറ്റെടുക്കും. 60 ശതമാനം ജീവനക്കാരെ മാത്രം നിലനിർത്തും. ബാക്കിയുള്ള ജീവനക്കാർക്ക് എയർപോർട്ട് അതോറിററിയുടെ മറ്റ് വിമാനത്താവളങ്ങളിലേക്ക് സ്ഥലം മാറി പോകേണ്ടിവരും.
മറുനാടന് മലയാളി ബ്യൂറോ