- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗഡ്ക്കരി മാത്രമല്ല പിണറായി-മോദി ബന്ധത്തിന്റെ ഇടനിലക്കാരൻ; അദാനിയിലേക്ക് വിരൽ ചൂണ്ടി ചെന്നിത്തലയുടെ പുതിയ ആരോപണം; ആഴക്കടലിനും ഇരട്ട വോട്ടിനും പിന്നാലെ വൈദ്യുതി വിപണ രംഗത്തെ അഴിമതി ആരോപണം; അദാനിയുടെ കാറ്റിൽ നിന്ന് വൈദ്യുതിക്ക് പിന്നിൽ ഗൂഡലക്ഷ്യമോ? ആയിരം കോടിയുടെ കള്ളക്കച്ചവടം തുറന്നുകാട്ടി ചെന്നിത്തല വീണ്ടും
ആലപ്പുഴ: ആഴക്കടലിന് ശേഷം പിണറായി സർക്കാരിനെ വെട്ടിലാക്കി വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരട്ട വോട്ടിലെ നേട്ടത്തിന് പിന്നാലെ സംസ്ഥാനത്ത് വൈദ്യുതി വിപണ രംഗത്ത് പുതിയ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 25 കൊല്ലം അദാനിക്ക് ജനങ്ങളെ പിഴിയാൻ വഴിയൊരുക്കിയിരിക്കുകയാണെന്നാണ് ആരോപണം. 300 മെഗാവാട്ട് വൈദ്യുതി കൂടിയ വിലയ്ക്ക് അദാനിയിൽ നിന്ന് വാങ്ങാനുള്ള എഗ്രിമെന്റാണ് വച്ചിരിക്കുന്നതെന്നും ഇത് ബിജെപിയുമായി ചേർന്നുള്ള അഴിമതിയാണെന്നും ചെന്നിത്തല ആരോപിച്ചു. 25 വർഷം കെഎസ്ഇബി അദാനിയിൽ നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് വഴി അദാനിക്ക് ആയിരം കോടി രൂപയുടെ ലാഭമാണുണ്ടാകുന്നതെന്ന് ചെന്നിത്തല ആരോപിക്കുന്നു. ജനങ്ങളുടെ തലയിലേക്ക് വലിയ ഭാരം അടിച്ചേൽപ്പിക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്.
ശരാശരി വില മാത്രമല്ല, ആഗോള തലത്തിൽ തന്നെ വൈദ്യുതിയുടെ വില കുറഞ്ഞ് കൊണ്ടിരിക്കുന്നു. അപ്പോഴാണ് ഉയർന്ന തുകയ്ക്ക് ഇത്രയും നീണ്ട കാലയളവിലേക്ക് കരാറുണ്ടാക്കുന്നതെന്നാണ് ചെന്നിത്തല പറയുന്നത്. കേന്ദ്രത്തിനും സംസ്ഥാനത്തിനും ഈ കരാറിന്റെ കാര്യത്തിൽ ഉത്തരവാദിത്വമുണ്ടെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. യൂണിറ്റിന് ഒരു രൂപ നിരക്കിൽ വൈദ്യുതി കിട്ടുമ്പോൾ എന്തിനാണ് കൂടിയ വിലയ്ക്ക് കരാർ, 2.82 രൂപയ്ക്ക് എന്തിനാണ് വൈദ്യുതി വാങ്ങുന്നത് കേന്ദ്രം അദാനിക്ക് വേണ്ടി ടെൻഡർ ചെയ്തപ്പോൾ കേരളം അനുകൂല തീരുമാനം എടുത്തു. കാറ്റിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്നത് അദാനി മാത്രമാണ്, കരാർ അദാനിക്ക് ലഭിക്കാൻ കെഎസ്ഇബിയും സംസ്ഥാന സർക്കാരും ചേർന്ന് കാറ്റിൽ നിന്നുള്ള വൈദ്യുതി ആണ് തെരഞ്ഞെടുത്തത്. അദാനിയും സംസ്ഥാന സർക്കാരും തമ്മിൽ കള്ള കച്ചവടമാണിതെന്നും പിണറായി വിജയനും അദാനിയും തമ്മിൽ കൂട്ടുകെട്ടുണ്ടെന്നും ചെന്നിത്തല ആരോപിക്കുന്നു.
ചെറുകിട വൈദ്യുതി പദ്ധതികളും സോളാർ അടക്കമുള്ള സംവിധാനങ്ങളും ഉള്ളപ്പോൾ എന്തിനാണ് കൂടുതൽ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെനനും പവർ പർച്ചേസ് എഗ്രിമെന്റ് ഉടൻ റദ്ദാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ജനങ്ങൾക്കുമേൽ വലിയ ഭാരം അടിച്ചേൽപ്പിക്കുകയാണ്. യൂണിറ്റിന് ഒരു രൂപ നിരക്കിൽ വൈദ്യുതി കിട്ടുമ്പോൾ എന്തിനാണ് കൂടിയ വിലയ്ക്ക് കരാറെന്നാണ് ചെന്നിത്തലയുടെ ചോദ്യം.
കേന്ദ്രത്തിൽ മോദി അദാനി ബന്ധം നാട്ടിൽ പട്ടാണ്. അത്യാവശ്യം കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ ഒക്കെ അദാനിയുടെ കൈയിലാണ്. അവസാനം തിരുവനന്തപുരം ഉൽപ്പടെയുള്ള വിമാനതാവളം മോദി അദാനിക്ക് തീറെഴുതി കഴിഞ്ഞു. ഇവിടെയാണു പിണറായുടെ അദാനി പ്രേമം പുറത്താകുന്നത്. സ്വർണ്ണ കടത്തിലും സോളർ കടത്തിലും കേന്ദ്ര ഏജൻസികൾ പിന്നോക്കം പോയതിന്റെ കാരണം ഇപ്പോൾ ബോധ്യമായി. നിതിൻ ഗഡ്ക്കരി മാത്രമല്ല മോദി പിണറായി - മോദി ബന്ധത്തിന്റെ ഇടനിലക്കാരൻ. ഗഡ്കരിയെക്കാൾ ശക്തനായ മോദിയുടെ അടുത്ത സുഹൃത്ത് അദാനിയാന്നു ലാവ് ലിൻ കേസ് ഉൽപ്പടെയുള്ള കാര്യങ്ങളിൽ പിണറായിയെ സഹായിക്കുന്നത് എന്നത് വ്യക്തമാക്കുന്നന്നതാണു കോടികൾ സർക്കാരിനു നഷുപ്പടുത്തുന്ന ഈ കരാർ എന്ന് ചെന്നിത്തല ആരോപിക്കുന്നു.
ചെന്നിത്തല കാര്യങ്ങൾ വിശദീകരിക്കുന്നത് ഇങ്ങനെ
എന്താണോ പ്രസംഗിക്കുന്നത് അതിന്റെ നേർ വിപരീതമായി മാത്രം പ്രവർത്തിക്കുക എന്നതാണ് പിണറായി സർക്കാരിന്റെ അംഗീകൃത ശൈലി. അമേരിക്കൻ സാമ്രാജ്യത്വകുത്തകകൾക്കെതിരെ പ്രസംഗിക്കും. എന്നാൽ, സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യവിവരം സ്പ്രിങ്ളർ പോലുള്ള അമേരിക്കൻകുത്തകൾക്ക് മറിച്ചുവില്ക്കും. ഇ.എം.സി.സി. പോലുള്ള ആഗോള മുതലാളിത്ത കമ്പനികൾക്ക് ചില്ലിക്കാശിന് നമ്മുടെ മത്സ്യസമ്പത്ത് തീഴെഴുതും. പി.ഡബ്ല്യു.യു,സി. പോലുള്ള ബഹുരാഷ്ട്ര കമ്പനികൾക്ക് സെക്രട്ടേറിയറ്റിൽ പോലും ഓഫീസ് തുറക്കാൻ അനുവദിക്കും. ഈ ശ്രേണിയിലെ ഏറ്റവും ഒടുവിലത്തെ ഒരു ഉദാഹരണം കൂടി ഇപ്പോൾ പറയാം. അദാനി ഗ്രൂപ്പിനോടുള്ള പിണറായി സർക്കാരിന്റെ വിരോധം പ്രസിദ്ധമാണല്ലോ? തിരുവനന്തപുരം എയർ പോർട്ടിന്റെ കാര്യത്തിൽ ഘോരമായ യുദ്ധം നടക്കുകയുമാണ്. എന്നാൽ, അടുത്ത 25 വർഷത്തേയ്ക്ക് സംസ്ഥാനത്തെ ജനങ്ങളുടെ പോക്കറ്റിൽ നിന്ന് കയ്യിട്ട് വാരാൻ അദാനിക്ക് സൗകര്യമുണ്ടാക്കിക്കൊടുത്തിരിക്കുന്നതും ഇതേ പിണറായി സർക്കാർതന്നെയാണ്. കൂട്ടായി ഇടതുപക്ഷത്തിന്റെ പുതിയ സഖ്യകക്ഷികളായ കേന്ദ്രത്തിലെ ബിജെപി സർക്കാരുമുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായാണ് അദാനിക്ക് കേരളത്തിൽ ലാഭമുണ്ടാക്കുന്ന ഒരു കരാർ ഉണ്ടാക്കിയിരിക്കുന്നത്-ചെന്നിത്തല ആരോപിക്കുന്നു.
സംസ്ഥാന വൈദ്യുതി ബോർഡ് 2019 ജൂണിലും സെപ്റ്റംബറിലും കേന്ദ്രത്തിന്റെ സോളാർ എനർജി കോർപ്പറേഷൻ ലിമിറ്റഡ് (SECI) എന്ന കമ്പനിയുമായി ഒപ്പുവച്ച കരാറാണ് അദാനിയുടെ കച്ചവടത്തിന് സംസ്ഥാനത്ത് വഴി തുറന്നിരിക്കുന്നത്. 300 മെഗാവാട്ട് വൈദ്യുതി അദാനി ഗ്രൂപ്പിൽനിന്ന് വാങ്ങാനാണ് കരാർ വച്ചിരിക്കുന്നത്. നിലവിൽ യൂണിറ്റിന് 2 രൂപ നിരക്കിൽ സോളാർ വൈദ്യുതി ലഭ്യമാണ് എന്നിരിക്കെ യൂണിറ്റിന് 2.82 രൂപ നിരക്കിലാണ് അദാനിയിൽനിന്ന് വൈദ്യുതി വാങ്ങാൻ കരാറുണ്ടാക്കിയിരിക്കുന്നത്. ഒന്നും രണ്ടും വർഷത്തേയ്ക്കല്ല, 25 വർഷ വർഷത്തേയ്ക്കാണ് ഈ കരാർ. അതായത് 25 വർഷവും കൂടിയ നിരക്കിൽ അദാനിയിൽനിന്ന് സംസ്ഥാന ഇലക്ട്രിസ്റ്റി ബോർഡ് വൈദ്യുതി വാങ്ങേണ്ടിവരും. ഓരോ യൂണിറ്റിനും ഏതാണ്ട് ഒരു രൂപയോളം സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾ അദാനിക്ക് കൂടുതലായി നൽകേണ്ടിവരും. അദാനിക്ക് ഉണ്ടാക്കാൻ പോകുന്ന ലാഭം ഏതാണ്ട് ആയിരം കോടി രൂപ-ചെന്നിത്തല പറയുന്നു.
Renewal purchase obligation (RPO) യുടെ മറവിലാണ് ഈ കരാർ ഉണ്ടാക്കിയിരിക്കുന്നത്. പാരമ്പര്യേതര ഊർജ്ജത്തിന്റെ ഉപഭോഗം വർദ്ധിപ്പിക്കുന്നതിനാണിത്. ഇതനുസരിച്ച് 5% വൈദ്യുതി എങ്കിലും ഈ ഇനത്തിൽ നാം വാങ്ങേണ്ടിവരും. അദാനിയുമായി ഉണ്ടാക്കിയിരിക്കുന്ന കരാർ കാറ്റിൽ നിന്നുള്ള വൈദ്യുത വാങ്ങുന്നതിനാണ്. RPO യുട പരിധിയിൽ കാറ്റിൽനിന്നുള്ള വൈദ്യുതി മാത്രമല്ല, തിരമാലയിൽനിന്നും സോളാറിൽ നിന്നും ഉദ്പാദിപ്പിക്കുന്ന വൈദ്യതിയും ഉൾപ്പെടുന്നു. മാത്രമല്ല, 25 മെഗാവാട്ടിന്റെ താഴെയുള്ള ജലവൈദ്യുത പദ്ധതികളിലെ വൈദ്യുതിയും ഈ വിഭാഗത്തിൽ പെടുന്നതാണ്. 25 മെഗാവാട്ടിന് താഴെയുള്ള നിരവധി ജലവൈദ്യുതി പദ്ധതികൾ കേരളത്തിലുണ്ട്. അവയിൽ നിന്ന് യൂണിറ്റിന് 1 രൂപയ്ക്ക് താഴെ നിരക്കിൽ കറന്റ് ഇപ്പോൾ തന്നെ കിട്ടുന്നുണ്ട്. സോളാർ വൈദ്യുതിക്കാകട്ടെ ഇപ്പോൾ 2 രൂപയാണ് ശരാശരി വില മാത്രമല്ല, ആഗോള തലത്തിൽ തന്നെ സോളാർ വൈദ്യുതിയുടെ വില കുറഞ്ഞു കൊണ്ടിരിക്കുന്നു.-ചെന്നിത്തല വിശദീകരിക്കുന്നു.
അങ്ങനെ ചെറുകിട ജലവൈദ്യുത പദ്ധതികളിൽ നിന്നും സോളാർ സെക്ടറിൽനിന്നും കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങാമെന്നിരിക്കെ അദാനിയിൽനിന്നും എന്തിന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കരാറുണ്ടാക്കി എന്നതാണ് ചോദ്യം. കരാർ 25 വർഷത്തേയ്ക്കായതിനാൽ 25 വർഷവും കൂടിയ വിലയ്ക്ക് നാം വൈദ്യുതി വാങ്ങേണ്ടിവരും. ലോകത്താകമാനം ഇപ്പോൾ ഇത്തരം ദീർഘകാല വൈദ്യുതി കരാറുകൾ പ്രോത്സാഹിപ്പിക്കാറില്ല. നേരത്തെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യ വത്ക്കരണത്തിനെതിരെ സംസ്ഥാന സർക്കാർ പ്രസംഗിക്കുകയും സമരം നടത്തുകയുമൊക്കെ ചെയ്തിരുന്നു. എന്നിട്ട് രഹസ്യമായി അദാനി ഗ്രൂപ്പിനെ സഹായിക്കുന്ന നിലപാടാണ് പിൻവാതിൽ വഴി സ്വീകരിച്ചത്. അദാനിയുമായി അടുത്ത ബന്ധമുള്ള ഒരു കമ്പനിയെയാണ് സംസ്ഥാന സർക്കാരിന്റെ വിമാനത്താവള കമ്പനിയുടെ ടെൻഡർ നടപടികൾ കൾക്കായി സംസ്ഥാന സർക്കാർ നിയോഗിച്ചത്.
സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലള്ള കമ്പനി സമർപ്പിക്കുന്ന ടെൻഡറിന് സ്വകാര്യ കമ്പനികൾ സമർപ്പിക്കുന്ന ടെൻഡറിനെക്കാൾ 10% വരെ തുക കുറഞ്ഞിരുന്നാലും വിമാനത്താവളം സംസ്ഥാന സർക്കാരിന്റെ കമ്പനിക്ക് നൽകണമെന്നാണ് ചട്ടം. എന്നാൽ, സംസ്ഥാന സർക്കാരിന്റെ കമ്പനി നൽകിയ അദാനിയെക്കാൾ ടെൻഡർ തുക കൃത്യമായി 10% വും കഴിഞ്ഞ് 12% കുറവായിരുന്നു. ഇത് യാദൃശ്ചികമാണോ? സംസ്ഥാന സർക്കാർ കമ്പനി ക്വാട്ട് ചെയ്ത തുകയുടെ വിവരം അദാനി കമ്പനിക്ക് കിട്ടിയത് എങ്ങനെ? ഇത്രയും നിർണ്ണാകയമായ ടെണ്ടർ നടപടിക്ക് അദാനിയുമായി ബന്ധമുള്ള കമ്പനിയെത്തന്നെ ചുമതല ഏല്പിച്ചതെന്തിന്? ഒരു വശത്ത് കൂടി സമരം ചെയ്ത ശേഷം മറുവശത്തു കൂടി ഒത്തുകളിക്കുകയാണ് ചെയ്യുന്നതെന്ന് സംശയിച്ചാൽ കുറ്റപ്പെടുത്താനാവുമോ? അതിന്റെ മറ്റൊരു ഉദാഹരണമാണ് അദാനിയുമായുള്ള വൈദ്യുതി കരാറും-ചെന്നിത്തല പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ