- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആദ്യം ഭീഷണിയും പിന്നെ കാശും ഭാര്യക്ക് ജോലിയും ഓഫർ; ആ ശാപം പിടിച്ച പൈസ എനിക്ക് വേണ്ടെന്ന് പറഞ്ഞു; അതുകൊണ്ട് കുടുംബം രക്ഷപ്പെട്ടാൽ സ്വസ്ഥത ഉണ്ടാകില്ല; മക്കളും പേരമക്കളുമായി ക്രിസ്മസ് ആഘോഷിക്കാൻ ഒരുങ്ങവേ രാജു മറുനാടനോട് പറയുന്നു അടയ്ക്കാ രാജു ആയ കഥ
കോട്ടയം : 2020 ലെ ക്രിസ്മസ് രാവ് ഉദിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കവെ പുതിയൊരു നക്ഷത്രമായാണ് അടയ്ക്കാ രാജു കേരളീയരുടെ മനസ്സിൽ ഉദിക്കുന്നത്. 28 വർഷം മലയാളികൾ പ്രത്യാശയോടെ കാത്തിരുന്ന സിസ്റ്റർ അഭയ കേസിൽ അന്തിമ വിധി വന്നപ്പോൾ നിർണ്ണായകമായത് രാജുവിന്റെ മൊഴിയായിരുന്നു. സംഭവ ദിവസം ഫാദർ തോമസ് കോട്ടൂരിനെയും സിസ്റ്റർ സെഫിയെയും പയസ് ടെൻത് കോൺവെന്റിൽ കണ്ടു എന്ന സാക്ഷി മൊഴിയാണ് സിബിഐ അന്വേഷണത്തിന് പുതിയ ഗതിയും പ്രതികൾക്ക് ശിക്ഷയും വാങ്ങി നൽകിയത്. മോഷണത്തിനായി എത്തിയ രാജു കൊലപാതകം നടന്നു എന്ന് പറയുന്ന സമയത്ത് അതേ സ്ഥലത്ത് എത്തിയത് ദൈവ നിയോഗം പോലെ മാത്രമെ കാണാൻ കഴിയു. ഒരുപക്ഷെ രാജുവിന് മൊഴി നൽകാൻ സാധിച്ചില്ലായിരുന്നെങ്കിൽ കൊലപാതകികളായ തിരുവസ്ത്രധാരികൾ ഇന്നും വിശുദ്ധ വസ്ത്രമണിഞ്ഞു നമ്മുക്ക് മുന്നിൽ നിൽക്കുമായിരുന്നു.
സിസ്റ്റർ അഭയ്ക്ക് നീതി ലഭിക്കാൻ പോരാടിയ മനുഷ്യാവകാശ പ്രവർത്തകർക്കും പ്രാർത്ഥന കൊണ്ട് അതിന് വേണ്ടി ആഗ്രഹിച്ച നല്ലവരായ എല്ലാ വിശ്വാസികൾക്കും അടയ്ക്കാ രാജു ഇന്ന് ദൈവദൂതനാണ്. 28 വർഷം നീതിക്കായി ആഗ്രഹിച്ച സിസ്റ്റർ അഭയയുടെ ആത്മാവ് ഇന്ന് രാജുവിന്റെ ചെറിയ വീട്ടിൽ നക്ഷത്രമായി ഉദിക്കുമായിരിക്കും. ആ വീട്ടിലാകും ഇന്ന് ഉണ്ണിയേശു ജനിക്കുക. മഹത്വത്തിന്റെയും പ്രശസ്തിയുടെയും ഉന്നതിയിൽ നിൽക്കുമ്പോയും രാജു തന്റെ വീട്ടിൽ തികച്ചും സാധാണക്കാരനായി ജീവിക്കുകയാണ്. സത്യം പുറത്ത് പറയാതിരിക്കാൻ വാഗ്ദാനം ചെയ്യപ്പെട്ട കോടികൾ വേണ്ടെന്നു വെച്ച രാജുവിന്റെ മുൻപിൽ ഈ പ്രശസ്തികൾ ഒന്നുമല്ല. തന്റെ കുടുംബത്തോടൊപ്പം കോട്ടയത്ത് സ്വസ്ഥമായ ജീവിതം നയിക്കുകയാണ് രാജു ഇപ്പോൾ. ജീവിതത്തിൽ ചെയ്ത പാപങ്ങളൊക്കെ സത്യത്തിൽ ഉറച്ച് നിൽക്കാൻ കാണിച്ച മനസ്സ് കൊണ്ട് കഴുകി കളഞ്ഞു വിശുദ്ധനാക്കപ്പെട്ടിരിക്കുകയാണ് പൊലീസ് അടയ്ക്കാ രാജു എന്നു വിളിക്കുന്ന രാജു.
താൻ മോഷ്ടാവ് അല്ലെന്നും പൊലീസുകാർ പിടിച്ചുകൊണ്ടു പോയി തലയിൽ കെട്ടിവെച്ചതാണ് എല്ലാ കേസുകളും എന്നാണ് രാജു മറുനാടനോട് പറയുന്നത്. കോട്ടയം ടൗണിൽ കടത്തിണ്ണയിൽ ഉറങ്ങുകയായിരുന്ന തന്നെ പൊലീസ് പിടിച്ചപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച് വീണ്ടും പൊലീസ് പിടിയിൽ ആയപ്പോൾ അവർ സമ്മാനിച്ച പേരാണ് അടയ്ക്കാ രാജു എന്നാണ് രാജുവിന്റെ ഭാക്ഷ്യം. ദൃക്സാക്ഷി ആയതിൽ പിന്നാലെ കൊലക്കുറ്റം തന്റെ തലയിൽ കെട്ടിവെയ്ക്കാൻ നടത്തിയ നീക്കം ഉൾപ്പെടെ ക്രൈം ബ്രാഞ്ച് തന്നോട് നടത്തിയ ക്രൂരതകളെല്ലാം നിർഭയത്തോടെ രാജു പറയുന്നുണ്ട്. 64 ദിവസം അനധികൃതമായി പൊലീസ് കസ്റ്റഡിയിൽ അനുഭവിച്ച ക്രൂര പീഡനങ്ങൾ തന്നെ തളർത്തിയെന്നും അപ്പോഴും സത്യം മാറ്റി പറയാൻ ഒരുക്കമല്ലായിരുന്നതുകൊണ്ടാണ് വൈകിയാണെങ്കിലും സിസ്റ്റർ അഭയയ്ക്ക് നീതി ലഭിക്കാൻ കാരണമായത്് എന്ന ആത്മസംതൃപ്തിയിലാണ് രാജു. കോട്ടയം മാർക്കറ്റിലെ ചുമട് എടുപ്പും കെട്ടിട നിർമ്മാണ സഹായിയായും ജോലി നോക്കിയിരുന്നത് ഇടക്കാലത്ത് കാലിൽ ഒടിവ് സംഭവിച്ചതോടെ നിർത്തി, ഇപ്പോൾ തടി പണി മാത്രം എടുത്ത് ജീവിക്കുന്ന രാജു, കേസ് വിധി വന്നതോടെ മാധ്യമങ്ങളുടെ ശ്രദ്ധാ കേന്ദ്രമായി മാറിയതോടെ ജോലിക്ക് പോകാൻ പറ്റാത്ത സാഹചര്യത്തിലായിരുന്നു.
ശിക്ഷാ വിധി വന്നതോടെ കാര്യങ്ങൾ അവസാനിച്ചെന്ന് കരുതുന്നില്ല രാജു. പ്രതി ഭാഗത്ത് ഉണ്ടായിരുന്ന സമൂഹത്തിലെ ഉന്നതരും പ്രബല രാഷ്ട്രീയ നേതൃത്വങ്ങളും പൊലീസ് ഉദ്രോഗസ്ഥരും പരോക്ഷമായി കത്തോലിക്ക സഭയും ആയതിനാൽ ഭീഷണികൾ ഇനിയും തന്നെ തേടി വരും എന്ന് രാജുവിന് ബോധ്യമുണ്ട്. മറുനാടനോട് മനസ്സ് തുറന്ന രാജു ക്രൈം ബ്രാഞ്ച് കേസിൽ നിന്ന് ഒഴിവാകാൻ ആദ്യം കൊലകുറ്റം ചുമത്തും എന്ന് ഭീഷണിയും വഴങ്ങാതെ വന്നപ്പോൾ ഒരു ലക്ഷം രൂപയും മക്കൾക്ക് നല്ല വിദ്യാഭാസവും ഭാര്യയ്ക്ക് ജോലിയും വാഗ്ദാനം ചെയ്തതായി പറഞ്ഞു. എന്നാൽ ശാപം പിടിച്ച പൈസ തനിക്ക് വേണ്ടെന്നും അതുകൊണ്ട് കുടുംബം രക്ഷപ്പെട്ടാൽ സ്വസ്ഥത ഉണ്ടാകില്ലെന്നുമുള്ള ഉറച്ച ബോധ്യത്തിലായിരുന്നു രാജു.
അറുപത് വയസ്സ് പിന്നിട്ട രാജു കോട്ടയത്തെ വീട്ടിൽ മക്കളും പേരക്കുട്ടികളുമൊക്കെയായി ക്രിസ്തുമസ് ആഘോഷിക്കാനുള്ള തിരക്കിലാണ്. തന്റെ കുഞ്ഞിന് നീതി ലഭിച്ചതിലെ സന്തോഷം ആ മുഖത്ത് കാണുമ്പോൾ സത്യം പുറത്ത് വരാൻ അതിന്റെ എല്ലാ സാധ്യതകളും പുറത്തെടുക്കുമെന്ന നീതി വാക്യമാണ് ഓർമ വരുക. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത സിസ്റ്റർ അഭയയിൽ സ്വന്തം മക്കളെയും അയൽപ്പക്കത്തെ പെൺകുട്ടികളെയും കണ്ട മോഷ്ടാവ് വിശുദ്ധനാക്കപ്പെടുകയാണ്. സ്നേഹം കെട്ടിപ്പൊക്കിയ പള്ളി മേടകളിലും മനുഷ്യത്വം വിശുദ്ധമായ തിരുവസ്ത്രം ധരിച്ച് ഉള്ളിൽ കപട ആത്മീയതയും ആയി നടക്കുന്ന ചില പുരോഹിതന്മാരിലും അല്ലെന്നും രാജുവിന്റെ എല്ലാം നിറഞ്ഞ ചിരിയിൽ നമ്മുക്ക് ദൃശ്യമാകു