ബാലിയിലെ അഗങ് അഗ്നി പർവ്വതം ഏതു നിമിഷവും പൊട്ടിത്തെറിക്കാമെന്ന മുന്നറിയിപ്പിനെത്തുടർന്ന് വിമാനത്താവളം അടച്ചതോടെ വിനോദ സഞ്ചാരത്തിനായി ബാലിയിലേക്കു പോയ ആയിരക്കണക്കിനു പേർ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നു. അഡിലൈഡ്- ബാലി സർവ്വീസുകൾ റദ്ദാക്കിയോതൊടെ വിനോദയാത്രക്കായി തിരിച്ച നിരവധി യാത്രക്കാർ യാത്ര പാതിവഴിയിൽ അവസാനിപ്പിച്ചിരിക്കുകയാണ്.

അഗ്നിപർവതത്തിൽനിന്നുള്ള ചാരം ബാലി രാജ്യാന്തര വിമാനത്താവളത്തിനു സമീപം എത്തിയതോടെയാണ് വിമാനത്താവളം അടച്ചത്. ഇതാണ് യാത്രക്കാർ കുടുങ്ങാൻ കാരണം.ജാഗ്രതാ നിർദേശത്തെ തുടർന്ന് നൂറോളം വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ഏഴു വിമാനങ്ങൾ ജക്കാർത്ത, സുരബായ, സിംഗപ്പൂർ വഴി തിരിച്ചിവിട്ടതായി അധികൃതർ അറിയിച്ചു.

അഗ്നിപർവതത്തിന്റെ പത്തു കിലോമീറ്റർ ചുറ്റളവിലുള്ളവരോടു മാറിത്താമസിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 24 മണിക്കൂറത്തേക്ക് അടച്ചിരിക്കുന്ന വിമാനത്താവളം സ്ഥിതിഗതികൾ വിലയിരുത്തിയതിനുശേഷം ചൊവ്വാഴ്ച തുറക്കും.