ന്യൂഡൽഹി: സ്വകാര്യത മൗലികാവശമാണെന്ന സുപ്രീം കോടതി വിധിയോടെ ചോദ്യചിഹ്നമായത് ആധാർ കാർഡിന്റെ ഭാവിയാണ്. എന്തിനും ഏതിനും ആധാർ കാർഡിനെ ആശ്രയിക്കുന്ന രാജ്യത്ത്, ആധാറിന്റെ നിലനിൽപ്പിനെത്തന്നെ ചോദ്യം ചെയ്‌തേക്കാവുന്ന വിധിയാണ് സുപ്രീം കോടതിയിൽനിന്നുണ്ടായത്. ആധാർ കാർഡിൽ നൽകിയിട്ടുള്ള വ്യക്തിവിവരങ്ങൾ സ്വകാര്യ ഏജൻസികൾക്ക് കൈമാറുന്നതിനെ ചോദ്യം ചെയ്തുകൊണ്ട് നൽകിയ ഹർജികളാണ് സ്വകാര്യത മൗലികാവകാശമാണോ എന്ന ചർച്ചയിലേക്ക് നയിച്ചതും ഭരണഘടനാ ബെഞ്ചിൽനിന്ന് ഇത്തരമൊരു വിധിയുണ്ടായതും.

സ്വകാര്യത മൗലികാവകാശമാണെന്ന വിധി, ആധാർ കേസിനെയും വാട്‌സാപ്പ് പ്രൈവസി കേസിനെയും ബാധിക്കുമെന്നുറപ്പാണ്. ആധാർ കേസ് അഞ്ചംഗ ബെഞ്ചാണ് പരിഗണിക്കുന്നത്. വ്യക്തിവിവരങ്ങൾ സംരക്ഷിക്കുന്നതിന് ശക്തമായ നിയമം വേണമെന്ന സുപ്രീം കോടതി വിധിയിലെ പരാമർശം ഈ രണ്ട് കേസുകളെയും നേരിട്ട് ബാധിക്കുന്നതാണ്. ഭരണകൂടങ്ങൾ മാത്രമല്ല, ഇക്കാര്യത്തിൽ സ്വകാര്യസ്ഥാപനങ്ങൾക്കും ബാധ്യതയുണ്ടെന്ന സുപ്രീം കോടതിയുടെ നിരീക്ഷണവും നിർണായകമാണ്.

ഉപഭോക്താക്കളെക്കുറിച്ചുള്ള വിവരങ്ങൾ(ഡേറ്റ) കൈകാര്യം ചെയ്യുന്നതിൽ, സാങ്കേതിക വിദ്യയുടെ ഇക്കാലത്ത് കൂടുതൽ കരുതൽ വേണമെന്നാണ് സ്വകാര്യതയ്ക്കുവേണ്ടി വാദിച്ചിരുന്നവർ ആവശ്യപ്പെട്ടിരുന്നത്. ഫേസ്‌ബുക്കും വാട്‌സാപ്പും ഗൂഗിളും മൈക്രോസോഫ്റ്റുമൊക്കെ ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. സ്വകാര്യസ്ഥാപനങ്ങളുടെ നിർവചനത്തിൽ ഇത്തരം സോഷ്യൽ മീഡിയകളും ഇന്റർനെറ്റ് ഭീമന്മാരുമൊക്കെ വരും.

ആധാർ കേസിലും ഈ വിധി നിർണായകമാകും. മൗലികാവകാശമായ സ്വകാര്യത സംരക്ഷിക്കുന്നതിൽ ആധാർ വിജയിച്ചിട്ടുണ്ടോ എന്നാകും ഇനിയുള്ള വാദമുഖങ്ങൾ. റിലയൻസിന്റെ ജിയോ ഫോണിനുവേണ്ടി ഉപഭോക്താക്കളുടെ ആധാർ വിവരങ്ങൾ കൈമാറിയതടക്കമുള്ള കാര്യങ്ങൾ ചർച്ചയിലേക്ക് വരും. ആധുനിക കാലത്ത് ഇത്തരം വിവരശേഖരണങ്ങൾ ഒഴിവാക്കാനാവാത്ത ഒന്നാണെങ്കിലും അതിൽ സ്വകാര്യതയെന്ന ഘടകം എത്രത്തോളം സംരക്ഷിക്കപ്പെടുന്നുണ്ടെന്നാകും ചർച്ച ചെയ്യപ്പെടുക.

ആധാറിന്റെ നിലനിൽപ്പിനെ ബാധിക്കുമെന്ന ആശങ്ക പങ്കുവെച്ചുകൊണ്ടാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതി വിധിയെ സമീപിച്ചതെന്ന് വ്യക്തമാണ്. സ്വകാര്യത മൗലികാവകാശമാണെന്ന് അംഗീകരിക്കുമ്പോൾത്തന്നെ പരമമായ അവകാശമല്ലെന്നാണ് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് പ്രതികരിച്ചത്. സ്വകാര്യതയുടെ എല്ലാ വശങ്ങളും മൗലികാവകാശമായി കാണാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഒമ്പതംഗ ഭരണഘടനാ ബെഞ്ച് രൂപവൽക്കരിക്കുന്നതിന് മുമ്പുതന്നെ ആധാർ കേസിൽ കേന്ദ്രം സമാനമായ നിലപാടെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞത് വരാനിരിക്കുന്ന നാളുകളിലെ ചർച്ചകൾ മുൻകൂട്ടിക്കണ്ടുകൊണ്ടാണ്.

സ്വകാര്യത സംബന്ധിച്ച വിധിയെ ആധാറുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നാണ് സർക്കാരിന്റെ നിലപാട്. എല്ലാ ഇടപാടുകൾക്കും ഇപ്പോൾത്തന്നെ ആധാർ നിർബന്ധമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ നാടായ ഗുജറാത്തിൽ ഗർഭിണികൾക്കുള്ള സ്‌കാനിങ്ങിനുപോലും ആധാർ നിർബന്ധമാക്കിയ ദിവസമാണ് സുപ്രീം കോടതിയിൽനിന്ന് ചരിത്രവിധിയുണ്ടായതെന്നത് കൗതുകകരമാണം്. സ്വകാര്യത പരമമായ അവകാശമല്ലെന്ന ചട്ടക്കൂടിൽനിന്നാകും സർക്കാർ ഇനിയുള്ള നീക്കങ്ങൾ നടത്തുകയെന്നാണ് വിലയിരുത്തപ്പെടുന്നത്.