ചെന്നൈ: ജനപ്രിയ സിനിമാ സംവിധായകൻ ഐ.വി.ശശിക്ക് നാടിന്റെ അന്ത്യാഞ്ജലി. വൈകിട്ട് അഞ്ചിന് ചെന്നൈ പൊരൂർ വൈദ്യുതി ശ്മശാനത്തിൽ നടന്ന സംസ്‌കാര ചടങ്ങിൽ മകൻ അനി ചിതയ്ക്കു തീകൊളുത്തി. ഓസ്‌ട്രേലിയയിലായിരുന്ന മകൾ അനുവും ഭർത്താവ് മിലൻ നായരും പേരക്കുട്ടി ആരവും എത്തിയതിനു ശേഷം വൈകിട്ടു നാലിനു വിലാപയാത്രയായാണു മൃതദേഹം പൊരൂർ ശ്മശാനത്തിൽ എത്തിച്ചത്.

ചെന്നൈ സാലിഗ്രാമിലെ വസതിയിൽ പൊതുദർശനത്തിനു വെച്ച മൃതദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ നടന്മാരായ മമ്മൂട്ടി, സുരേഷ് ഗോപി, റഹ്മാൻ, അശോകൻ, പ്രതാപ് പോത്തൻ, വിനീത്, സിദ്ദീഖ്, വിജയകുമാർ, നടിമാരായ മേനക, രേവതി, അംബിക, ഷീല, ചിത്ര, ഡബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി, ഗായികമാരായ ചിത്ര, സുജാത, സംവിധായകരായ ഹരിഹരൻ, സിബി മലയിൽ, പ്രിയദർശൻ, കമൽ, രഞ്ജിത്, വി എം.വിനു, ലെനിൻ രാജേന്ദ്രൻ തിരക്കഥാകൃത്ത് എം.പത്മകുമാർ, ഛായാഗ്രാഹകൻ മധു അമ്പാട്ട്, സംഗീത സംവിധായകൻ ഔസേപ്പച്ചൻ, നിർമ്മാതാക്കളായ ലിബർട്ടി ബഷീർ, പി.വി.ഗംഗാധരൻ, സുരേഷ് കുമാർ എന്നിവർ എത്തിയിരുന്നു.