- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യം തേടി മാസ്‌കും സാന്നിറ്റൈസറും ഇല്ലാതെ കിക്ക് തേടി നടന്ന രണ്ട് ആദിവാസി യുവാക്കൾ; കണ്ട പാടെ കാറു നിർത്തി ബോധവൽക്കരണം; കോളനിയിലുള്ളവരേയും എല്ലാം പറഞ്ഞു മനസ്സിലാക്കാൻ ഉപദേശം; എങ്കിൽ കളക്ടർ സാറും വരണമെന്ന് മനുവും; കറങ്ങി നടന്നവരെ ഊരിലെത്തിച്ച് താരമായി വയനാട് കളക്ടർ അദിലാ അബ്ദുള്ള
പുൽപള്ളി: വാറ്റു ചാരായമാണ് വയനാട്ടിന്റെ ഇന്നത്തെ ഭീതി. ചാരായക്കച്ചവടക്കാരിലൂടെ കോവിഡ് പടരുകയാണ്. ബാർ അടച്ചതോടെയാണ് ഈ കച്ചവടം പൊടിപൊടിക്കുന്നതും. ഇത് മനസ്സിലാക്കിയാണ് വയനാട് ജില്ലാ കളക്ടർ അദിലാ അബ്ദുള്ളയുടെ നിരീക്ഷണ യാത്രകൾ. കള്ളചാരയക്കാരെ കണ്ടെത്തുക. അങ്ങനെ പോകുമ്പോൾ കളക്ടറുടെ മുന്നിലെത്തിയത് രണ്ട് യുവാക്കളും.
അടിച്ചു പൂസാകാൻ വല്ലതും കിട്ടുമോ എന്ന് അറിയാൻ വീട്ടിൽ നിന്ന് ഇറങ്ങി നടന്നവർ. നടന്നു ക്ഷീണിച്ചിട്ടും അവർക്ക് സാധനം കിട്ടിയില്ല. മാസ്‌കും സാനിറ്റൈസറും ഒന്നുമില്ലാതെ കാടിന് ഓരം പറ്റിയുള്ള യാത്ര. ഇതിനിടെയാണ് കളക്ടറുടെ വാഹനം ഈ യുവാക്കളെ കണ്ട് നിർത്തുന്നത്. പിന്നെ സംഭവിച്ചതെല്ലാം മാതൃകാപരം. ആദിവാസി ഊരിലെ കഷ്ടത മനസ്സിലാക്കിയുള്ള കളക്ടറുടെ ഇടപെടൽ.
കേരള-കർണാടക അതിർത്തിപ്രദേശമായ വയനാട് മുള്ളൻകൊല്ലിയിലെ പെരിക്കല്ലൂരില്ലായിരുന്നു സംഭവം. ജില്ല കലക്ടർ ഡോ. അദീല അബ്ദുള്ള യുവാക്കളെ ആശ്വസിപ്പിച്ച് വീട്ടിലെത്തിച്ചു. വെള്ളിയാഴ്ച സന്ദർശനം നടത്തുന്നതിനിടെയാണ് രണ്ട് ആദിവാസി യുവാക്കൾ റോഡിലൂടെ പോകുന്നത് കലക്ടറുടെ ശ്രദ്ധയിൽപെട്ടത്. ഒരാൾക്ക് മാസ്‌ക് പോലുമില്ലായിരുന്നു. കാർനിർത്തി ഇരുവർക്കും കോവിഡ് ബോധവത്കരണം നൽകിയ കലക്ടർ അവർക്ക് മാസ്‌കും സാനിറ്റൈസറും നൽകി.
കോളനികളിലുള്ളവരെ കൂടി കോവിഡിന്റെ സാഹചര്യം പറഞ്ഞ് മനസ്സിലാക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ കലക്ടറും ഒപ്പം വരണമെന്നായിരുന്നു നെയ്ക്കുപ്പ ചങ്ങനമൂല കോളനിയിലെ മനുവിന്റെ ആഗ്രഹം. പിന്നീട് സ്വന്തം വാഹനത്തിൽ മനുവിനെ കയറ്റി വീട്ടിലെത്തിക്കുകയും കോളനി സന്ദർശിച്ച് ബോധവത്കരണം നടത്തുകയും ചെയ്തു.
ഒരാൾ പെരിക്കല്ലൂർ സ്വദേശിയും മറ്റൊരാൾ നെയ്ക്കുപ്പ ചങ്ങനമൂല കോളനിവാസിയുമായിരുന്നു. മദ്യം തേടിയെത്തിയതായിരുന്നു ഇരുവരും. കോവിഡ് മഹാമാരി വ്യാപിക്കുന്ന സാഹചര്യവും മദ്യത്തിന്റെ ദൂഷ്യഫലങ്ങളും യുവാക്കളെ കലക്ടർ പറഞ്ഞുമനസ്സിലാക്കി. ലോക്ഡൗൺ കാലത്ത് കോളനികളിൽ ഭക്ഷണസാധനങ്ങളടക്കം എത്തിക്കുമെന്നും കലക്ടർ പറഞ്ഞു.
പെരിക്കല്ലൂരിൽനിന്ന് കർണാടകയിൽ പോയി മടങ്ങിയെത്തുന്നത് ശ്രദ്ധയിൽപെട്ടാൽ അവർക്കെതിരെ പകർച്ചവ്യാധി നിയമപ്രകാരം കേസെടുത്ത് കർശന നടപടി സ്വീകരിക്കുമെന്ന് കലക്ടർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ