അടിമാലി: കൈയിൽ ചുറ്റികയുമായി ഷാൻ എത്തിയത് പുലർച്ചെ 3 മണിയോടെ. ആദ്യം ആക്രമിച്ചത് വാതിൽത്തുറന്നെത്തിയ സഫിയയെ. പിന്നാലെ മകൻ അൽത്താഫിനെ തലയ്ക്കടിച്ചു വീഴ്തി. ഇരുവരും നിലംപതിച്ചതോടെ സമീപത്തെ വീട്ടിലെത്തി സഫിയയുടെ ഉമ്മ സൈനബയെയും ആക്രമിച്ചു. ആക്രമണ പരമ്പരിയിൽ പരിക്കേൽക്കാതെ രക്ഷപെട്ടത് മൂത്തമ്മയെ ആക്രമിക്കുന്നതുകണ്ട് ,ഭയന്ന് ഇരുളിലേയ്ക്ക് ഓടിമറഞ്ഞ ഇവരുടെ കൊച്ചുമകൾ റോഷിനി മാത്രം.

ഇന്ന് പുലർച്ചെ 6 മണിയോടടുത്താണ് ആനച്ചാൽ ആമക്കണ്ടത്ത് 7 വയസ്സുകാരന്റെ മരണത്തിനും മാതാവിനും മുത്തശ്ശിയുമടക്കം മറ്റ് 2 പേർക്ക് ഗുരുതരമായി പരിക്കേൽക്കുന്നതിനും ഇടയാക്കിയ ആക്രണപരമ്പരയെക്കുറിച്ചുള്ള വിവരം പുറത്തുവരുന്നത്. വടക്കേത്താഴെ സഫിയ(32)മകൻ അത്താഫ്(7)സഫിയയുടെ ഉമ്മ സൈനബ(70) എന്നിവരെയാണ് സഫിയയുടെ സഹോദരി ഷൈലയ്ക്കൊപ്പം താമസിച്ചിരുന്ന ഷാൻ ആക്രമിച്ചത്. സഫിയയുടെ മൂത്തമകൾ റോഷ്നിയാണ് നേരം പുലർന്ന ശേഷം വിവരം നാട്ടുകാരെ അറിയിച്ചത്. അയൽവാസികളെത്തി ഉടൻതന്നെ മൂന്നുപേരെയും അടിമാലിയിലെ ആശുപത്രിയിലേയ്ക്ക് മാറ്റി. ഡോക്ടറുടെ പരിശോധനയിലാണ് അൽത്താഫിന്റെ മരണം സ്ഥിരീകരിച്ചത്.

സഫിയയെയും മാതാവ് സൈനബയെയും വിദഗ്ധചികത്സയ്ക്കായി കോതമംഗലം മാർബസേലിയോസ് ആശുപത്രിയിലേയ്ക്ക് മാറ്റി.ഷാൻ സംഭവത്തിന് ശേഷം സ്ഥലംവിട്ടതായിട്ടാണ് പ്രഥാമീക പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. വണ്ടിപ്പെരിയാർ സ്വദേശിയായ സുനിൽകുമാർ ആണ് കൃത്യം നടത്തിയതെന്നും ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചാണ് ഇയാൾ ഷാൻ എന്നപേര് സ്വീകരിച്ച് വർഷങ്ങൾക്ക് മുമ്പ് സഫിയയുടെ സഹോദരി ഷൈലയോടൊപ്പം ആമക്കണ്ടത്ത് താമസം ആരംഭിച്ചതെന്നുമാണ് പുറത്തുവന്നിട്ടുള്ള വിവരം.

സഫിയയും സഹോദരിയും ഉമ്മയും താമസിച്ചിരുന്നത് അടുത്തവീടുകളിലാണ്. ഇതിൽ ഭേദപ്പെട്ട വീട് സഫിയയുടേത് മാത്രമാണ്. അഭിപ്രായഭിന്നതകളെത്തുടർന്ന് ഷൈലയും ഷാനും നിരന്തരം വഴക്കട്ടിരുന്നെന്നും അടുത്തകാലത്ത് ഇവർ ഇരുവരും വേർപിരിഞ്ഞ് താമസം ആരംഭിച്ചിരുന്നെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

സഫിയയും ഷൈലയും തമ്മിൽ അതിർത്തിതർക്കം നിലനിന്നിരുന്നെന്നും ഇതിൽ ഷാൻ ഇടപെട്ടിരുന്നെന്നും ഇത് സഫിയയും ഉമ്മയും ചോദ്യം ചെയ്തെന്നും ഇതായിരിക്കാം ഇയാൾക്ക് ഇവരോടുള്ള വൈരാഗ്യത്തിന് കാരണമെന്നുമാണ് സമീപവാസികളുടെ സംശയം.
പുലർച്ചെ മൂന്നുമണിയോടുത്താണ് ആക്രണമുണ്ടായതെന്ന് സഫിയയുടെ മൂത്തമകൾ 15-കാരി, റോഷിനിയിൽ നിന്നാണ് അയൽവാസികൾക്കും പൊലീസിനും അറിവ് ലഭിച്ചത്.

സൈനബ ഒറ്റയ്ക്കാണ് താമസിച്ചിരുന്നതിനാൽ രാത്രി കൂട്ടുകിടക്കാൻ സഫിയ മൂത്തമകൾ റോഷ്നിയെ അയക്കുമായിരുന്നു. സഫിയയെ ചുറ്റികയ്ക്കിടിച്ചും ചവിട്ടിയും കുത്തിയുമെല്ലാം പരിക്കേൽപ്പിച്ചിട്ടുണ്ടെന്നാണ് ആശുപത്രിയിൽ നടത്തിയ പരിശോധനകളിൽ വ്യക്തമായിട്ടുള്ളത്.സൈനബയുടെ പരിക്കും ഗുരുതരമാണ്.

സഫിയയുടെ ഭർത്താവ് റിയാസ് മൂന്നാർ ചെണ്ടുവര എസ്റ്റേറ്റിലെ ജീവനക്കാരനാണ്.എസ്റ്റേറ്റ് ലയത്തിൽലാണ് ഇയാൾ താമസിച്ചുവന്നിരുന്നത്.കഴിഞ്ഞ ദിവസം റിയാസ് വീട്ടിലെത്തി ,ജോലിസ്ഥലത്തേയ്ക്ക് മടങ്ങിയിരുന്നു.ഇതും മനസ്സിലാക്കിയാണ് ഷാൻ ആക്രമിക്കാൻ എത്തിയതെന്നാണ് പൊലീസ് അനുമാനം.