- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിക്ഷേപിക്കുന്ന തുകയുടെ ഇരട്ടി 10 മാസം കൊണ്ട് കിട്ടും; വാട്സാപ്പ് ഗ്രൂപ്പുവഴി ഓഫറുകളും സമ്മാനങ്ങളും; ഒരു കമ്പനിയിൽ നിന്ന് പരമാവധി തുക കിട്ടിയാൽ അത് നിർത്തി മറ്റൊരു കമ്പനിയും പുതിയ ഇരകളും; അടിമാലി തട്ടിപ്പ് കേസിൽ ചെറുമീനുകൾ അകത്തായപ്പോൾ വില്ലൻ പുറത്തുതന്നെ
ഇടുക്കി: കഴിഞ്ഞ ദിവസം അടിമാലിയിൽ പിടിയിലായത് തട്ടിപ്പ് കേസിലെ ചെറുകണ്ണികളെന്നും തൃശ്ശൂർ സ്വദേശികളായ രണ്ട് പേരാണ് മുഖ്യസൂത്രധാരകരെന്നും തട്ടിപ്പ് ശതകോടികൾ വരുമെന്നും സൂചന. ഇക്കാര്യം പരാതിക്കാർക്കും പൊലീസിനും അറിയാമായിരുന്നെന്നും തങ്ങളെ മനപ്പൂർവ്വം കേസിൽ കൂടുക്കി പീഡിപ്പിക്കുകയായിരുന്നെന്നുമാണ് ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രതികളുടെ ആരോപണം. തങ്ങളെ അറസ്റ്റുചെയ്ത വിവരം മാത്രം മാധ്യമങ്ങൾക്ക് നൽകി, യഥാർത്ഥത്തിൽ പണം തട്ടിയ വിരുതന്മാരെ പൊലീസ് മറച്ചുപിടിച്ച് സംരക്ഷിക്കുകയായിരുന്നെന്നും ഇവർ ആരോപിക്കുന്നു.
കേസിന്റെ പിന്നാമ്പുറത്തെക്കുറിച്ച് മറുനാടൻ നടത്തിയ അന്വേഷണത്തിൽ അമ്പരപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചിട്ടുള്ളത്. കമ്പനി രൂപീകരിച്ച് തൃശൂർ സ്വദേശി ആസുത്രിതമായ തട്ടിപ്പാണ് നടത്തിവന്നിരുന്നതെന്നും ഇതിന് സിനിമ നടനും ഹൈക്കോടതി അഭിഭാഷകനും അടക്കമുള്ളവർ പിൻതുണ നൽകിയിരുന്നെന്നുമാണ് മറുനാടന് ലഭിച്ച വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്. ഒരു കമ്പനി രൂപീകരിച്ച്, അതുവഴി പരമാവധി തുക സമാഹരിച്ച ശേഷം ഈ കമ്പനി നിർത്തലാക്കുകയും മറ്റൊരു കമ്പനി രൂപീകരിച്ച് വീണ്ടും പുതിയ ഇരകളെ തേടുന്നതുമാണ് ഈ വിരുതന്റെ രീതി.
അടിമാലി കേസിൽ അറസ്റ്റിലായവർ അടക്കം 40-ളം നിക്ഷേപകർ മാസങ്ങൾക്ക് മുമ്പ ഇയാൾക്കും കൂട്ടാളികൾക്കും എതിരെ മുഖ്യമന്ത്രി, ഡിജിപി എന്നിവർക്ക് പരാതി നൽകിയെങ്കിലും യാതൊരുനപടിയും ഉണ്ടായില്ല എന്നാണ് അറിയുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരിൽ ചിലരുമായും നല്ല അടുപ്പം പുലർത്തുന്ന ഈ തട്ടിപ്പുകാരൻ ഇപ്പോൾ മറ്റൊരു കമ്പനി രൂപീകരിച്ച് തമിഴ്‌നാട്ടിൽ വേരുറപ്പിച്ചുകഴിഞ്ഞതായിട്ടാണ് വഞ്ചിതരായ നിക്ഷേപകരിൽ ചിലർ മറുനാടനുമായി പങ്കിട്ട വിവരം.
മിക്കയിടത്തും നിക്ഷേപകരെ കൂട്ടാൻ പള്ളിയിലെ കപ്യാരായിരുന്ന ഇയാളുടെ അടുത്ത സഹായിയും എത്തിയിരുന്നെന്നാണ് അറിയുന്നത്.
കപ്യാരുടെ നയതന്ത്രത്തിലാണ് ഹൈറേഞ്ച് മേഖലയിൽ നിന്നുള്ളവരിൽ ഏറെയും കമ്പനിയിൽ നിക്ഷേപമിറക്കിയത്. വാട്സാപ്പ് ഗ്രൂപ്പുവഴി ഓഫറുകളും സമ്മാനങ്ങളും പ്രഖ്യാപിച്ച് തട്ടിപ്പുകാരൻ നിക്ഷേപകരിൽ പരമാവധി തൂക ഊറ്റിയിരുന്നു. വരും ദിവസങ്ങളിൽ നിക്ഷേപകരിൽ ഒരു വിഭാഗം കോടതി വഴി നിയമനടപടികളിലേയ്ക്ക് നീങ്ങാൻ തയ്യാറെടുക്കുകയാണ്. 1500 കോടിയിൽപ്പരം രൂപ ഇയാൾ തട്ടിപ്പ് വഴി സമാഹരിച്ചിട്ടുണ്ടെന്നാണ് നിക്ഷേപകരുടെ പക്ഷം.
അടിമാലി പൊളിഞ്ഞപാലം പുറപ്പാറയിൽ സരിത എൽദോസ് (29), കോട്ടയം, കാണക്കാരി പട്ടിത്താനം ചെരുവിൽ ശ്യാമളകുമാരി പുഷ്‌കരൻ (സുജ - 55), മകൻ വിമൽ പുഷ്‌കരൻ (29) ,സാഹോദരൻ ജയകുമാർ (42) എന്നിവരെയാണ് അടിമാലി പൊലീസ് പണം നഷ്ടപ്പെട്ടവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റുചെയ്തത്. ഇതിൽ സരിത എൽദോസിനെ ഒന്നാം പ്രതിയാക്കിയാണ് കേസ് എടുത്തിട്ടുള്ളത്.
20 ലക്ഷത്തിന്റെ തട്ടിപ്പ് കേസാണ് ഇവരുടെ പേരിൽ ചാർജ്ജ് ചെയ്തിരുന്നത്. ദേവികുളം കോടതിയിൽ ഹാജരാക്കിയ അന്നുതന്നെ പൊലീസ് 4 പേർക്കും ജാമ്യം അനുവദിച്ചിരുന്നു. സുജയും സരിതയും ജയകുമാറും കമ്പനിയിലെ നിക്ഷേപകർ കൂടിയാണ്.
അടിമാലിയിൽ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സരിത ഒഴിവ് സമയങ്ങളിൽ ഓട്ടോ ഓടിക്കാറുമുണ്ട്. ഭർത്താവും ഓട്ടോ ഓടിക്കുന്നു. രണ്ടുമക്കളുണ്ട്. ഇടക്കാലത്ത് മൈക്ലബ്ബ് എന്ന കമ്പനിക്ക് വേണ്ടിയും സരിത പ്രവർത്തിച്ചിരുന്നു. കട്ടപ്പന സ്വദേശിനി ഓമനയും തൃശ്ശൂർ സ്വദേശി ഫ്രാണ്ടോയും കൂടിയാണ് സരിതയെ കമ്പനിയെക്കുറിച്ചുള്ള വിവരങ്ങൾ അറിയിക്കുന്നത്. ഇവർ അടിമാലിയിൽ സരിതയുടെ വീട്ടിലെത്തി മീറ്റിങ് സംഘടിപ്പിച്ചു. നിക്ഷേപിക്കുന്ന തുകയുടെ ഇരട്ടി 10 മാസം കൊണ്ട് ലഭിക്കുമെന്നായിരുന്നു ഇവരുടെ പ്രധാന വാഗ്ദാനം.
ഡോക്ടർമാർ, എഞ്ചിനിയർമാർ, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ, അഭിഭാഷകർ, സിനിമ താരങ്ങൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലയിൽ നിന്നുള്ളവർ കമ്പനിയിൽ പണം നിക്ഷേപിച്ചിട്ടുണ്ടെന്നും പണം ബാങ്കിൽ ഇടുന്നതുപോലെ സുരക്ഷിതമാണെന്നും ഇവർ കുടുംബത്തെ ബോദ്ധ്യപ്പെടുത്തി.ട
ഇക്കാര്യം വ്യക്തമാക്കുന്ന ചില രേഖകളും ഫോട്ടോകളും മറ്റും ഇവർ മീറ്റിംഗിൽ പങ്കെടുത്തവരെ കാണിക്കുകയും ചെയ്തു. ഇതിൽ ആകൃഷ്ടരായ സരിതയും ഭർത്താവ് എൽദോസും ചേർന്ന് കമ്പനിയിൽ ഒരു ലക്ഷത്തിൽപ്പരം രൂപ നിക്ഷേപിച്ചു. കമ്പനിക്കാർ പറഞ്ഞിരുന്ന പ്രകാരം 10 ശതമാനം തുക മാസം തോറും ബാങ്ക് അക്കൗണ്ടിൽ എത്തുകയും ചെയ്തു. ഇതോടെ കമ്പനിയിൽ ഇവർക്ക് വിശ്വാസമായി.
ഒരാളെ ചേർത്താൽ കമ്മീഷൻ നൽകുമെന്നും കമ്പനി അറിയിച്ചിരുന്നു. ഇതുപ്രകാരം ഇവർ കമ്പനിയുടെ പ്രവർത്തനത്തെക്കുറിച്ച് പരിചയക്കാരിൽ ചിലരെ ദമ്പതികൾ അറിയിക്കുകയും ചെയ്തിരുന്നു. മൂന്നാറിൽ കമ്പനി പ്രതിനിധികൾ മീറ്റിംഗിൽ സംഘടിപ്പിച്ചപ്പോൾ സരിതയിൽ നിന്നും വിവരങ്ങൾ അറിഞ്ഞവരും പങ്കെടുത്തു.
തുടർന്ന് ഇവരിൽ ഏതാനും പേരും കമ്പ നിയിൽ പണം നിക്ഷേപിച്ചു. ഇവർ അടച്ച പണത്തിന് കമ്പനി പറഞ്ഞപ്രകാരമുള്ള തുക 5 മാസം ലഭിക്കുകയും ചെയ്തു. പിന്നീട് മാസങ്ങളോളം ഒരു രൂപ പോലും നിക്ഷേപകർക്ക് ലഭിച്ചില്ല. സരിതയുടെ കുടുംബത്തെ വീഴ്‌ത്തിയ അതെ തന്ത്രം പ്രയോജനപ്പെടുത്തിയാണ് കമ്പനി പ്രതിനിധികൾ സുജയെയും സഹോദരൻ ജയകുമാറിനെയും വീഴ്‌ത്തിയത്്. ഉണ്ടായിരുന്ന കാറും ആടുമാടുകളെയും കൈയിലുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങളും വിറ്റാണ് ഇവർ ലക്ഷങ്ങൾ കമ്പനിയിൽ നിക്ഷേപിച്ചത്. ഇവർക്ക് പുറമെ സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി നിരവധി പേർ കമ്പനിയിൽ പണം ഇറക്കിയിട്ടുണ്ട്. ഇതിൽ അടിമാലി മേഖലയിൽ ഉള്ളവർ നൽകിയ പരാതിയിലാണ് ഇപ്പോൾ അറസ്റ്റ് ഉണ്ടായിട്ടുള്ളത്.
പരാതിക്കാരുടെ ആവശ്യങ്ങൾ നടപ്പാക്കാൻ പൊലീസുകാർ അമിത ആവേശം പ്രകടിപ്പിച്ചെന്നും മുദ്രപത്രത്തിലും വെള്ളപേപ്പറിലും പൊലീസ് നിർബന്ധിപ്പിച്ച് ഒപ്പ് വാങ്ങിയെന്നും നിവൃത്തികേടുകൊണ്ട് തങ്ങൾ പൊലീസ് പറഞ്ഞത് അനുസരിക്കുകയായിരുന്നെന്നും സരിതയും സുജയും ജയകുമാറും പറഞ്ഞു
മറുനാടന് മലയാളി ലേഖകന്.