അടിമാലി: വയോജനങ്ങൾക്ക് വിതരണം ചെയ്യാൻ കൊണ്ടുവന്ന കട്ടിലുകൾ സൂപ്പർവൈസർ ഇരുന്ന് ബലപരീക്ഷണം നടത്തിയപ്പോൾ ഒടിഞ്ഞു. അടിമാലി പഞ്ചായത്തിലാണ് സംഭവം. ഇതെത്തുടർന്ന് ടെണ്ടർ റദ്ദാക്കി കട്ടിലുകൾ തിരിച്ചയച്ചു. ഈ ടെണ്ടർ പ്രകാരമാണ് കട്ടിൽ നിർമ്മാണത്തിന് കരാർ നൽകിയിരുന്നത്.

കട്ടിൽ ഒന്നിന് 4350 നിരക്ക് ഇടാക്കാമെന്ന് സർക്കാർ മാർഗ്ഗനിർദ്ദേശം നിലനിൽക്കെ 2800 രൂപയ്ക്കാണ് പഞ്ചായത്തിവേയ്ക്കുള്ള കട്ടിൽ നിർമ്മാണം കരാറുകാരൻ ഏറ്റെടുത്തിട്ടുള്ളത്. കരാറുകാരൻ സാമ്പിൾ കട്ടിൽ കൊണ്ടുവന്നിരുന്നെന്നും ഇതിന് ഗുണനിലവാരം ഉണ്ടെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കരാർ ഉറപ്പിച്ചതെന്നും ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സി ഡി ഷാജി പറഞ്ഞു.

ഉൽഘാടനത്തിന് വിതരണം ചെയ്യുന്നതിനായി ഇതെ കരാറുകാരൻ 160-ൽപ്പരം കട്ടിലുകൾ എത്തിച്ചിരുന്നു.ഈ കട്ടിലുകളെക്കുറിച്ച് പരാതി ഉയർന്നിരുന്നില്ല.ഇന്ന് എത്തിച്ച 150 -പ്പരം കട്ടിലുകൾ പരിശോധിച്ചപ്പോഴാണ് ഗുണനിലവാരം ഇല്ലന്ന് വ്യക്തമായത്.സൂപ്പർ വൈസർ ഇരുന്ന് ബലം പരീക്ഷിച്ചപ്പോൾ തന്നെ കേടുപാടുകൾ കണ്ടെത്തി.ഇതെത്തുടർന്ന് ടെണ്ടർ റദ്ദാക്കാൻ പഞ്ചായത്ത് കമ്മറ്റി തീരുമാനിക്കുകയായിരുന്നു.ഷാജി കൂട്ടിച്ചേർത്തു.

സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി യൂഡിഎഫ് രംഗത്തുവന്നിട്ടുണ്ട്.കട്ടിൽ വിതരണത്തിൽ അഴിമതി ഉണ്ടായിട്ടുണ്ടെന്നും ഇതെക്കുറിച്ച് ആന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നേതാക്കളായ ബാബു പി കുര്യക്കോസ് അനസ് ഇബ്രാഹീം എന്നിവർ ആവശ്യപ്പെട്ടു.