അടിമാലി: പണിക്കൻകുടിയിൽ അയൽവാസി വീട്ടമ്മയെ കൊലപ്പെടുത്തിയത് സംശയരോഗം മൂലമെന്ന് തെളിയുന്നു. തന്റെ വീടിന് അയൽ പക്കത്ത് സിന്ധുവിനെ കൊണ്ടുവന്ന് താമസിപ്പിച്ച ബിനോയി മറ്റെങ്ങും പോകാനും അനുവദിച്ചിരുന്നില്ല. സിന്ധുവിന്റെ സഹോദരന്റെ കേസുമായി ബന്ധപ്പെട്ട് 6 വർഷം മുൻപ് കോടതിയിൽ എത്തിയപ്പോഴാണ് സിന്ധുവുമായി ബിനോയി അടുപ്പത്തിലായത്. ഈ സമയം മറ്റൊരു ക്രിമിനൽ കേസിൽ ബിനോയി കോടതിയിൽ എത്തിയതായിരുന്നു. ആ പരിചയം വളർന്ന് സൗഹൃദമായി, അടുത്തടുത്ത് താമസമായി.ഭർത്താവുമായിട്ടുള്ള അകൽച്ച മുതലെടുത്ത് സിന്ധുവിനെ സ്വന്തം നിലക്ക് ബിനോയി തന്റെ വീടിനോട് ചേർന്ന് വാടക വീടെടുത്ത് താമസിപ്പിച്ചു. ഈ സമയം ഇളയ മകൻ മാത്രമാണ് സിന്ധുവിനൊപ്പം ഉണ്ടായിരുന്നത്. ഭാര്യയുമായി 2013 ൽ ബിനോയി ബന്ധം വേർപ്പെടുത്തിയിരുന്നു.

സിന്ധുവിന്റെ ഭർത്താവായ പെരിഞ്ചാംകുട്ടി താമഠത്തിൽ ബാബുവിന് അടുത്തിടെ കാൻസർ ബാധിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. രോഗബാധിതനായതോടെ, അകൽച്ച കണക്കാക്കാതെ സിന്ധു ഭർത്താവിനെ കാണാൻ ആശുപത്രിയിൽ പോയി. ഇത് ബിനോയിക്ക് ഇഷ്ടമായില്ല. വിലക്കുകയും ചെയ്തു. തിരിച്ച് വന്നത് മുതൽ സിന്ധുവുമായി ബിനോയി തർക്കവും വഴക്കുമായി.ഇതിനിടയിൽ ബാബു പെരിഞ്ചാംകുട്ടിയിലെ വീട്ടിലെത്തി. ഇവിടെയും സിന്ധു പോകാൻ ശ്രമിച്ചിരുന്നു. ഇതോടെ, തന്നിൽ നിന്ന് സിന്ധു അകലുകയാണെന്ന് ബിനോയിക്ക് തോന്നി. ഇളയ മകനെ ബിനോയിയുടെ സഹോദരിയുടെ അടുക്കൽ രാത്രി കൂട്ട് കിടക്കാൻ പറഞ്ഞ് വിട്ടശേഷം സിന്ധുവിനെ കൊലപ്പെടുത്തി അടുക്കളയിൽ കുഴിച്ചിടുകയായിരുന്നു.

തെളിവ് നശിപ്പിക്കാനും വിരുത്

.മൃതദേഹം കുഴിച്ചിട്ട ശേഷം ചാണകം ഉപയോഗിച്ച് തറ മെഴുകി. മുകളിൽ അടുപ്പ് പണിതു. ഇതിന് മുകളിൽ ജാതിപത്രി ഉണക്കാൻ ഇട്ടിരുന്നു. തെളിവ് നശിപ്പിക്കുകയെന്ന ലക്ഷമായിരുന്നു ഇതിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. അടുക്കളയിൽ നാലടിയോളം താഴ്ചയിലുള്ള കുഴിയിൽ ചമ്രംപടിഞ്ഞ് ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വസ്ത്രങ്ങൾ ഇല്ലായിരുന്നു. തലയിലൂടെ പ്ലാസ്റ്റിക് കവർ ഇട്ടിരുന്നു. ചെറിയ അടുക്കള ആയതിനാൽ ഭീത്തി പൊളിച്ച് മാറ്റിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. ശനിയാഴ്ച രാവിലെ 8.30 ന് വെള്ളത്തൂവൽ സിഐ ആർ. കുമാറിന്റെയും ഇടുക്കി തഹസിൽദാർ വിൻസെന്റ് ജോസഫിന്റെയും നേത്യത്വത്തിലാണ് മൃതദേഹം പുറത്തെടുക്കാൻ ശ്രമമാരംഭിച്ചത്. 11 മണിയോടെ പുറത്തെടുത്തു. മൂക്കൂത്തിയും പല്ലും കണ്ട് സിന്ധുവിന്റെ മകനാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

തഹസിൽദാരുടെ നേത്യത്വത്തിൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സയന്റിഫിക് ഫോറൻസിക് വിദഗ്ധരെത്തി വിശദമായ തെളിവെടുപ്പ് നടത്തി. മൃതദേഹത്തിന് സമീപത്ത് നിന്നും വറ്റൽ മുളക് വിതറിയ നിലയിൽ കണ്ടെത്തി.

സിന്ധുവിനെ കഴിഞ്ഞ ഓഗസ്റ്റ് 12 മുതലാണ് കാണാതായത്. ഓഗസ്റ്റ് 11ന് രാത്രി 13 വയസുള്ള സിന്ധുവിന്റെ മകൻ അഖിലിനെ ബിനോയിയുടെ സഹോദരിയുടെ വീട്ടിലേക്ക് കൂട്ട് കിടക്കാൻ വിട്ടിരുന്നു. 12ന് മകൻ വീട്ടിലെത്തിയപ്പോൾ സിന്ധുവിനെ കണ്ടില്ല. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.

15ന് വെള്ളത്തൂവൽ പൊലീസ് കേസ് എടുത്തു. ബിനോയിയെ 16 ന് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതോടെ ഇയാൾ ഒളിവിൽ പോവുകയും ചെയ്തു. ഇരുവരെയും കണ്ടെത്താൻ പൊലീസ് സ്പെഷ്യൽ സ്‌ക്വാഡ് രൂപീകരിച്ച് മറ്റ് സംസ്ഥാനങ്ങളിലടക്കം അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടെയാണ് വെള്ളിയാഴ്ച അഖിൽ പറഞ്ഞതനുസരിച്ച് സിന്ധുവിന്റെ സഹോദരങ്ങൾ ബിനോയിയുടെ വീട്ടിൽ പരിശോധന നടത്തിയത്.

അടുക്കളയിൽ അടുപ്പിന് സമീപത്ത് നിന്നും മണ്ണ് നീക്കിയപ്പോൾ കൈയും വിരലുകളും കണ്ടു. ബിനോയി പല ക്രിമിനൽ കേസുകളിലും പ്രതിയാണെന്നും കണ്ടെത്താൻ ഊർജ്ജിത അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.ഇടുക്കി ഡി.വൈ.എസ്‌പി ഇമ്മാനുവേൽ പോൾ, വെള്ളത്തൂവൽ സിഐ ആർ. കുമാർ , എസ്‌ഐ മാരായ രാജേഷ് കുമാർ , സജി.എൻ. പോൾ എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ ടീമാണ് കേസിൽ അന്വേഷണം നടത്തുന്നത്.