മുംബൈ: പൃഥ്വിരാജ് നായകനായ ഹീറോ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ മുഖം കാണിച്ച പ്രശസ്ത ബോളിവുഡ് താരം യാമി ഗൗതമും ബോളിവുഡ് സംവിധായകൻ ആദിത്യ ധറും വിവാഹിതരായി.

ആദിത്യയുടെ ആദ്യ ചിത്രമായ 'ഉറി: ദി സർജിക്കൽ സ്‌ട്രൈക്കി'ൽ ശ്രദ്ധേയമായ വേഷം ചെയ്ത നടിയാണ് യാമി. 2009ൽ പുറത്തിറങ്ങിയ കന്നഡ ചിത്രമായ 'ഉല്ലാസ ഉത്സാഹ'യാണ് യാമിയുടെ ആദ്യ ചിത്രം.

''അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിൽ ഞങ്ങളുടെ കുടുംബങ്ങളുടെ അനുഗ്രഹത്തോടെ ഇന്ന് ഞങ്ങൾ വിവാഹിതരായി. സ്വകാര്യത ആഗ്രഹിച്ച വ്യക്തികൾ എന്ന നിലയിൽ ഞങ്ങളുടെ ഏറ്റവുമടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും യാത്രയിലേക്ക് കടക്കുന്ന ഈ വേളയിൽ നിങ്ങൾ ഏവരുടെയും പ്രാർത്ഥനകളും ആശംസകളും ആഗ്രഹിക്കുന്നു'' യാമിയും ആദിത്യയും നവമാധ്യമങ്ങളിൽ കുറിച്ചു.

പഞ്ചാബി, തെലുങ്ക്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചിടുള്ള യാമി മലയാളത്തിൽ ഒരു ചിത്രത്തിൽ മാത്രമാണ് അഭിനയിച്ചിട്ടുണ്ട്. ആദിത്യയ്ക്ക് 'ഉറി: ദി സർജിക്കൽ സ്‌ട്രൈക്ക് എന്ന ചിത്രത്തിലൂടെ തന്നെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.