ലോകഫുട്‌ബോളിൽ ഇന്ത്യൻ വംശജരായ താരങ്ങൾക്ക് കാര്യമായ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ല. മുൻനിര ലീഗുകളിലും ഇന്ത്യൻ താരങ്ങളാരുമില്ല. എന്നാൽ, അതിഥി ചൗഹാൻ എന്ന ഡൽഹിക്കാരി ഈ പരാതികൾക്ക് പരിഹാരം തേടുകയാണ്. ഇന്ത്യൻ ഗോൾകീപ്പർ കൂടിയായ അതിതി ചൗഹാൻ ഇംഗ്ലീഷ് വനിതാ പ്രീമിയർ ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യക്കാരിയായി. വെസ്റ്റാം ലേഡീസിന്റെ ഗോൾവല കാത്തുകൊണ്ടാണ് അതിഥി തന്റെ പുതിയ കരിയറിന് തുടക്കമിട്ടത്.

ആദ്യ മത്സരത്തിൽ കവൻട്രി യുണൈറ്റഡിനോട് മറുപടിയില്ലാത്ത അഞ്ചുഗോളുകൾക്ക് വെസ്റ്റാം തോറ്റെങ്കിലും അതിഥിയുടെ അരങ്ങേറ്റത്തിന്റെ സവിശേഷതകൾ അത് ഇല്ലാതാക്കുന്നില്ല. ഇന്ത്യൻ ദേശീയ ടീമിൽ കളിച്ച ഒരു താരം ആദ്യമായാണ് വനിതാ ലീഗിൽ കളിക്കുന്നത്. ലെസ്റ്റർഷയറിലെ ലോബറോ സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന അതിഥിയെ ഒരുവർഷത്തെ കരാറിലാണ് വെസ്റ്റാം ലേഡീസ് ടീമിലെടുത്തത്.

സ്പോർട്സ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദ ധാരിയാണ് ഈ 22-കാരി. ലോബറോയ്ക്കുവേണ്ടി കാഴ്ചവച്ച പ്രകടനമാണ് കുറേക്കൂടി വലിയ ക്ലബ്ബിലേക്ക് അതിഥിക്ക് അവസരം നേടിക്കൊടുത്തത്. വലിയ താരങ്ങൾക്കൊപ്പം കളിക്കുന്നത് തന്റെ പ്രകടനത്തെ മെച്ചപ്പെടുത്തുമെന്ന് അതിഥി പറയുന്നു. വെസ്റ്റാമിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുന്നത് കാത്തിരിക്കുകയാണ് അതിഥി.

ഇംഗ്ലീഷ് ക്ലബ്ബിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വംശജയല്ല അതിഥി. ഡൽഹിയിൽ ജനിച്ച തൻവീ ഹാൻസ് ടോട്ടനം ഹോട്‌സ്പറിന്റെ റിസർവ് ടീമിനുവേണ്ടി കളിച്ചിട്ടുണ്ട്. പിന്നീട് ഫുള്ളാം ഫൗണ്ടേഷനുവേണ്ടിയും തൻവി കളിച്ചു. എന്നാൽ, പ്രമുഖ ലീഗിൽ കളിക്കുന്ന ആദ്യതാരം അതിഥിയാണ്. ലോകഫുട്‌ബോളിൽ ജർമനിയുടെ ഗോൾകീപ്പർ മാനുവൽ നൂയറാണ് അതിഥിയുടെ ഇഷ്ടതാരം. മറ്റൊരാൾ അർജന്റീനയുടെ ലയണൽ മെസ്സിയും.