പത്തനംതിട്ട: ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ സിപിഐഎം പതിനെട്ടടവും പയറ്റുകയാണ്. അതിന്റെ ഭാഗമാണ് പാലിയേറ്റീവ് കെയറും അഷ്ടമിരോഹിണി ആഘോഷവും. നിരീശ്വരവാദവും ദേവാലയ വിരോധവും കൊണ്ട് ഇനി വരുന്ന നാളുകൾ പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് മനസിലാക്കിയായിരുന്ന പാർട്ടിയുടെ ചുവടു മാറ്റം.

അത്തരത്തിലുള്ള മാറ്റങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്ന് റാന്നിയിൽ നിന്ന് വരുന്നു. മറ്റൊന്നുമല്ല, റാന്നി താലൂക്കിലെ ആദിവാസി കുടുംബങ്ങളെ സിപിഐഎം ദത്തെടുക്കുന്നു. യുവനേതാവും ഏരിയാ സെക്രട്ടറിയുമായ റോഷൻ റോയി മാത്യുവിന്റെ തലയിൽ ഉദിച്ച ആശയമാണ് പ്രാവർത്തികമാകുന്നത്. ആദിവാസി ഊരുകളെ പാർട്ടി ഗ്രാമമാക്കാനുള്ള ശ്രമമാണ് സിപിഐഎം നടത്തുന്നത് എന്ന് ആരോപിക്കുന്നവരുണ്ട്. ഇതിന് കൃത്യമായ മറുപടിയും നേതാക്കൾ നൽകുന്നു.

ആദിവാസികളുടെ സംരക്ഷണം, ഭക്ഷണം, വസ്ത്രം, മരുന്ന്, കുട്ടികളുടെ വിദ്യാഭ്യാസം എന്നീ കാര്യങ്ങളുടെ ചുമതല ഓരോ മാസവും ഒരോ ലോക്കൽ കമ്മറ്റികൾക്കായി നിശ്ചയിച്ചു നൽകി. സ്വന്തമായി ഒരു തുണ്ടു ഭൂമിയോ ഉറപ്പുള്ള പാർപ്പിടമോ ഇല്ലാതെ വനാന്തരങ്ങളിൽ വന്യമൃഗങ്ങളോടു മല്ലടിച്ച് കഴിയുന്ന 224 വനവാസികളാണ് താലൂക്കിലുള്ളതെന്നാണ് റോഷന്റെ നേതൃത്വത്തിൽ നടത്തിയ സർവേയിൽ കണ്ടെത്തിയത്. ഇവരെ രണ്ടു സെക്ടറുകളായി തിരിച്ച് പരിപാലിക്കും.

സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി മുഴുവൻ വനവാസി കുടുംബങ്ങൾക്കും വനമേഖലയോടു ചേർന്ന് വീടും ഭൂമിയും ഉറപ്പാക്കും. അടുത്തമാസം മുതൽ ഡിസംബർ വരെ ആദിവാസി മേഖലയിൽ നടപ്പാക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് നേതൃത്വം പദ്ധതി തയാറാക്കി. ചാലക്കയം, പമ്പ, സന്നിധാനം, നിലയ്ക്കൽ, ളാഹ, ഗുരുനാഥന്മണ്ണ്, മൂഴിയാർ, ഗവി പ്രദേശങ്ങളിലായി താമസിക്കുന്ന ആദിവാസികളുടെ സംരക്ഷണമാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടമായി ഇവർക്കാവശ്യത്തിനുള്ള ഭക്ഷണ കിറ്റുകൾ, വസ്ത്രങ്ങൾ, പോഷകാഹാരം എന്നിവ മുടങ്ങാതെ എത്തിക്കും.

എല്ലാ മാസവും താലൂക്കു കമ്മറ്റി നിശ്ചയിക്കുന്ന വിദഗ്ധ മെഡിക്കൽ സംഘം വനത്തിനുള്ളിൽ എത്തി വനവാസികളെ പരിശോധിച്ച് വൈദ്യസഹായം നൽകും. രണ്ടാം ഘട്ടമായി വനവാസി കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും. ഈ അധ്യയന വർഷം തന്നെ കഴിയുന്നിടത്തോളം കുട്ടികളെ സ്‌കൂളുകളിൽ എത്തിക്കാനാണ് ശ്രമിക്കുന്നത്. സെക്ടർ ഒന്നിൽ ചാലക്കയം, പമ്പ, സന്നിധാനം, നിലയ്ക്കൽ, ളാഹ വനപ്രദേശങ്ങളിലെ 25 കുടുംബങ്ങളിലായുള്ള 89 വനവാസികളാണുള്ളത്. ഇവരെ അടുത്തമാസം സിപിഐഎം പെരുനാട് ലോക്കൽ കമ്മറ്റിയുടെ ചുമതലയിലാണ് ദത്തെടുക്കുന്നത്. ജൂലായിൽ നാറാണംമൂഴി, ഓഗസ്റ്റിൽ പമ്പാവാലി, സെപ്റ്റംബറിൽ വെച്ചൂച്ചിറ, ഒക്ടോബറിൽ കൊല്ലമുള, നവംബറിൽ മന്ദമരുതി, ഡിസംബറിൽ വലിയകുളം ലോക്കൽ കമ്മറ്റികളും ദത്തെടുക്കും.

സെക്ടർ രണ്ടിൽ പെടുത്തിയിട്ടുള്ള ഗുരുനാഥന്മണ്ണ്, മൂഴിയാർ, ഗവി വനമേഖലയിലെ 33 കുടുംബങ്ങളിൽ നിന്നുള്ള 135 വനവാസികളെ അടുത്തമാസം സീതത്തോട്, ജൂലൈയിൽ ചിറ്റാർ, ഓഗസ്റ്റിൽ വടശേരിക്കര, സെപ്റ്റംബറിൽ റാന്നി, ഒക്ടോബറിൽ പഴവങ്ങാടി, നവംബറിൽ അങ്ങാടി, ഡിസംബറിൽ സീതത്തോട് ലോക്കൽ കമ്മറ്റികളും ദത്തെടുക്കും.