അട്ടപ്പാടി: ആദിവാസി യുവാവിനെ നാട്ടുകാർ തല്ലിക്കൊന്ന സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. മകനെ നാട്ടുകാർ തല്ലിക്കൊന്നതാണെന്ന് ആരോപിച്ച് മധുവിന്റെ അമ്മയും രംഗത്തെത്തി. ആശുപത്രി പടിക്കൽ അലമുറയിട്ടു കരയുന്ന ഈ അമ്മയുടെ വേദന ആരെയും കണ്ണീരണിയിക്കുന്നതാണ്. അതേസമയം പ്രതികളെ പിടികൂടാതെ മൃതദേഹം മോർച്ചറിയിൽ നിന്ന് പോസ്റ്റ്‌മോർട്ടത്തിന് കൊണ്ടു പോവാനാവില്ലെന്ന് പറഞ്ഞ് മധുവിന്റെ ബന്ധുക്കൾ ആശുപത്രിയിൽ കുത്തിയിരിക്കുകയാണ്.

മാനസികാസ്വാസ്ഥ്യമുള്ള മധുവിനെ ഉടുത്തിരുന്ന മുണ്ട് ഉരിഞ്ഞ് കെട്ടിയിട്ട ശേഷമാണ് നാട്ടുകാർ തല്ലിച്ചതച്ചത്. സംഭവത്തിൽ ഇന്ന് രാവിലെ പൊലീസ് മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തു. പോസ്റ്റ്മാർട്ടം നടപടികൾ പൂർത്തിയാകുന്നതോടെ പ്രതികളുടെ അറസ്റ്റ് ഉണ്ടാവും. ജനം നിയമം കയ്യിലെടുത്തെന്ന് ഡിജിപി ലോക് നാഥ് ബെഹ്‌റ പറഞ്ഞു.

ഉത്തരേന്ത്യയെ പോലും നാണിപ്പിക്കുന്ന വിധത്തിലുള്ള കൊലപാതകമാണ് ഇന്നലെ അട്ടപ്പാടിയിൽ നടന്നത്. മധുവിനെ മർദ്ദിച്ച നാട്ടുകാരുടെ വീഡിയോ ദൃശ്യം ലഭിച്ചിട്ടും കണ്ണടച്ചിരിട്ടാക്കുകയാണ് പൊലീസ് ചെയ്തതെന്ന് ഇന്നലെ ജനം ആരോപിച്ചു. പൊലീസിന് പ്രതികളെ പിടികൂടാനുള്ള എല്ലാ തുമ്പും ഉണ്ടാക്കി നൽകിയിരിക്കുകയാണ് സോഷ്യൽ മീഡിയ. മധുവിനെ നാട്ടുകൂട്ടം വിചാരണ ചെയ്യുമ്പോൾ സെൽഫി എടുത്ത ആളെയാണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്. ഇയാൾ സ്ഥലം എംഎൽഎയും ലീഗ് നേതാവുമായ ഷംസുദ്ദീന്റെ പ്രചരണ വാഹനത്തിൽ യാത്ര ചെയ്യുന്നതുൾപ്പടെയുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.