- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് ചികിത്സയ്ക്ക് പരിശോധനാഫലവും തിരിച്ചറിയൽ കാർഡും നിർബന്ധമില്ല; ഒരു രോഗിക്കും സേവനങ്ങൾ നിരസിക്കാൻ പാടില്ല; ചികിത്സാ മാനദണ്ഡം പുതുക്കി കേന്ദ്രആരോഗ്യ മന്ത്രാലയം; പുതിയ നിർദ്ദേശങ്ങൾ സ്വകാര്യ ആശുപത്രികൾക്കും ബാധകം; കർശനമായി നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ചികിത്സാ മാനദണ്ഡം പരിഷ്കരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആശുപത്രികളിൽ കോവിഡ് ചികിത്സ തേടുന്നതിന് പോസിറ്റീവ് പരിശോധനാഫലം നിർബന്ധമില്ല. ഒരു രോഗിക്കും സേവനങ്ങൾ നിരസിക്കാൻ പാടില്ലെന്നതും പുതുക്കിയ മാനദണ്ഡത്തിൽ പറയുന്നു.
കോവിഡ് പോസിറ്റീവ് റിസർട്ട് ഇല്ലാത്തവരെയും ആശുപത്രികളിലും സിഎഫ്എൽടിസികളിലും പ്രവേശിപ്പിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാർഗനിർദ്ദേശത്തിൽ പറയുന്നു. രോഗികൾക്ക് ഉടനടിയും ഫലപ്രദവുമായ ചികിത്സ ഉറപ്പാക്കാനാണ് പരിഷ്കരണമെന്നും മന്ത്രാലയം കൂട്ടിച്ചേർക്കുന്നു.
സ്വകാര്യ ആശുപത്രികളിലടക്കം പുതിയ നിർദ്ദേശങ്ങൾ നടപ്പിലാക്കേണ്ടി വരും. പുതുക്കിയ മാനദണ്ഡങ്ങൾ സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പോസിറ്റീവ് റിസൾട്ട് ഇല്ലാതെ നിരവധിപേർ ആശുപത്രികളിൽ എത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സർക്കാർ നടപടി.
കോവിഡ് ചികിത്സയ്ക്ക് പരിശോധനാഫലം ആവശ്യമില്ല എന്നതാണ് പ്രധാനം. രോഗലക്ഷണങ്ങൾ കണ്ടെത്തുന്ന ഏത് രോഗിക്കും കോവിഡ് ആരോഗ്യ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താം. ആശുപത്രികളിൽ അഡ്മിറ്റ് ചെയ്യുന്നതിനും സർട്ടിഫിക്കറ്റ് തടസ്സമാകില്ല.
രോഗമുള്ളതായി സംശയിക്കുന്നെങ്കിൽ കോവിഡ് കെയർ സെന്ററുകൾ, ഡെഡിക്കേറ്റഡ് കോവിഡ് ഹെൽത്ത് സെന്ററുകൾ (ഡിസിഎച്ച്സി) എന്നിവിടങ്ങളിൽ പോസിറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ പ്രവേശിക്കാവുന്നതാണ്.
ഒരു രോഗിക്കും ഏത് പ്രദേശത്തുകാരനാണെങ്കിലും സേവനം നിഷേധിക്കപ്പെടരുത് എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട പരിഷ്കാരം. ഓക്സിജൻ, മറ്റു അവശ്യമരുന്നുകൾ തുടങ്ങിയ സേവനങ്ങളെല്ലാം ഇതിൽ ഉൾപ്പെടുന്നു.
ആശുപത്രി സ്ഥിതി ചെയ്യുന്ന നഗരത്തിൽ ഉൾപ്പെടുന്ന ആളെല്ലെന്ന് പറഞ്ഞ് ചികിത്സയും സേവനവും നിഷേധിക്കാൻ പാടില്ല. നിലവിൽ ചില ആശുപത്രികളിൽ ആ പ്രദേശത്തുക്കാരനാണെന്ന തിരിച്ചറിയൽ രേഖ ഹാജരാക്കിയാലെ പ്രവേശനം നടത്തുന്നുണ്ടായിരുന്നുള്ളൂ.
അതേസമയം, ആവശ്യത്തെ അടിസ്ഥാനമാക്കി മാത്രമാകണം ആശുപത്രികളിലെ പ്രവേശനമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആശുപത്രി പ്രവേശനം ആവശ്യമില്ലാത്ത വ്യക്തികൾക്ക് കിടക്കകൾ നൽകിയിട്ടില്ലെന്ന് ഉറപ്പാക്കണം.
ചെറിയ രോഗലക്ഷണങ്ങൾ മാത്രമുള്ളവർക്ക് പരിചരണം നൽകുന്നതിന് കോവിഡ് കെയർ സെന്ററുകൾ, പോതു-സ്വകാര്യ ഹോസ്റ്റലുകൾ, ഹോട്ടലുകൾ, സ്കൂളുകൾ, സ്റ്റേഡിയങ്ങൾ, ലോഡ്ജുകൾ എന്നിവിടങ്ങളിൽ സൗകര്യമൊരുക്കണം. ഗുരുതര ലക്ഷണം ഉള്ളവരെ ഡെഡിക്കേറ്റഡ് കോവിഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നും നിർദ്ദേശിക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 4,01,078 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,18,609 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചത് 2,18,92,676 പേർക്ക്. ഇതിൽ 1,79,30,960 പേർ രോഗമുക്തരായി. 2,38,270 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്.ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് രാജ്യത്ത് 16,73,46,544 പേർ വാക്സിൻ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.