ചെന്നൈ: സർക്കാരിനെ കുരുക്കിലാക്കിയ ശബ്ദ സന്ദേശമാണ് ഇപ്പോൾ തമിഴ്‌നാട്ടിലെ ചൂടേറിയ ചർച്ച. യുവതിയോട് ഗർഭച്ഛിദ്രം നടത്തണമെന്ന് ആവശ്യപ്പെടുന്ന ശബ്ദസന്ദേശം പ്രചരിച്ചതോടെ അണ്ണാ ഡിഎംകെ- ദിനകര പക്ഷങ്ങൾ തമ്മിൽ വാക്‌പോരും ശക്തമാവുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് സന്ദേശം സമൂഹ മാധ്യമത്തിൽ പ്രചരിക്കാൻ തുടങ്ങിയത്. ഇതിന് പിന്നാലെ സന്ദേശത്തിൽ പ്രചരിക്കുന്നത് മന്ത്രി ഡി.ജയകുമാറിന്റെ ശബ്ദമാണെന്നും അദ്ദേഹം ഉടൻ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ദിനകരപക്ഷം മുറവിളി കൂട്ടുന്ന കാഴ്‌ച്ചയാണ് ഇപ്പോൾ തമിഴ്‌നാട്ടിലുള്ളത്.

ഓഡിയോ ക്ലിപ്പിനു പിന്നിൽ ശശികല കുടുംബമാണെന്നും ഇതു വ്യാജമാണെന്നു തെളിയിക്കാൻ ശബ്ദ പരിശോധനയ്ക്കു തയാറാണെന്നും മന്ത്രി ഡി.ജയകുമാർ പറഞ്ഞു. ഡിഎംകെയുൾപ്പെടെ മറ്റു കക്ഷികൾ ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ദിനകരപക്ഷത്തിന്റെ ചാനലായ ജയ ടിവി ഓഡിയോ ക്ലിപ് പുറത്തുവിട്ടതോടെയാണു വിവാദത്തിനു തുടക്കമായത്.

ഗർഭിണിയായ യുവതിയുടെ അമ്മയോടു ജയകുമാറിന്റെ ശബ്ദത്തോടു സാമ്യമുള്ളയാൾ സംസാരിക്കുന്നതാണ് ഓഡിയോയിലുള്ളത്. യുവതിയോടു ഗർഭച്ഛിദ്രം നടത്താൻ പറയണമെന്നും ആശുപത്രിയിൽ താൻ സൗകര്യമൊരുക്കാമെന്നും ഓഡിയോയിൽ പറയുന്നതു കേൾക്കാം. പിതാവിന്റെ സ്ഥാനത്തു ഡി.ജയകുമാർ എന്നെഴുതിയ ജനന സർട്ടിഫിക്കറ്റ് വാട്‌സാപ്പ്
വഴി പ്രചരിക്കുകയും ചെയ്തു.