അബുദാബി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ ചാഞ്ചാട്ടം എൽപിജി സിലിണ്ടർ വിലയിലും പ്രകടമായി. തുടർച്ചയായി രണ്ടാം മാസവും എൽപിജി ഗ്യാസ് സിലിണ്ടറിന്റെ വില വർധിപ്പിച്ചുകൊണ്ട് അഡ്‌നോക്ക് ഡിസ്ട്രിബ്യൂഷൻ പ്രഖ്യാപനമിറക്കി. 25 എൽബി സിലിണ്ടറിന് രണ്ടു ദിർഹവും 50 എൽബി സിലിണ്ടറിന് നാലു ദിർഹവുമാണ് റീഫില്ലിംഗിന് വില വർധിപ്പിച്ചിരിക്കുന്നത്.

നവംബറിലും ഇതേ വില വർധനയാണ് അഡ്‌നോക്ക് ഡിസ്ട്രിബ്യൂഷൻ പ്രഖ്യാപിച്ചത്. അതേസമയം സബ്‌സിഡി ഉള്ള ഗ്യാസ് സിലിണ്ടറുകൾ വാങ്ങുന്നവർക്ക് വില വർധന ബാധകമല്ല. റഹൽ ഇ കാർഡ് വഴി ഭൂരിപക്ഷം ഉപയോക്താക്കളും എൽപിജി വാങ്ങുന്നതിനാൽ പഴയ നിരക്കിൽ തന്നെ സിലിണ്ടറുകൾ റീഫിൽ ചെയ്യാം. സബ്‌സിഡി ഇല്ലാതെ വാങ്ങുന്നവർക്ക് നിരക്ക് വർധന ബാധകമാണ്.

അബുദാബി, നോർത്തേൺ എമിറേറ്റ്‌സ് എന്നിവിടങ്ങളിൽ അടുത്ത കാലത്ത് റഹൽ ഇ-കാർഡ് സ്വന്തമാക്കിയവർക്ക് 25 എൽബി സിലിണ്ടർ 20 ദിർഹത്തിനും 50 എൽബി സിലിണ്ടർ 30 ദിർഹത്തിനും ലഭിക്കും. എല്ലാ മാസവും പത്താം തിയതിയാണ് അഡ്‌നോക്ക് എൽപിജി സിലിണ്ടറുകളുടെ നിരക്ക് പുതുക്കി നിശ്ചയിക്കുന്നത്. യുഎഇ മിനിസ്ട്രി ഓഫ് എനർജീസ്  കമ്മീഷൻ പെട്രോളിയം വില പുതുക്കി നിശ്ചയിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് അഡ്‌നോക് എൽപിജി സിലിണ്ടറുകളുടെ വിലയും പുതുക്കുന്നത്.