തിരുവനന്തപുരം: കർഷകരുടെ ആവശ്യത്തിനു ചെവികൊടുക്കാതിരിക്കുന്നത് നമ്മുടെ ജനാധിപത്യത്തിന് വലിയ ദോഷം ചെയ്യുമെന്ന് വിഖ്യാത സിനിമാ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ . കാർഷിക നിയമം നല്ലതാണോ ചീത്തയാണോ, വേണ്ടതാണോ വേണ്ടാത്തതാണോ എന്നു പറയേണ്ടത് ഭൂമിയിൽ കൃഷി ചെയ്യുന്നവരാണ്, അവർക്കുവേണ്ട എന്നു പറഞ്ഞാൽ എന്താണ് സംശയം. പിന്നെ ആർക്കുവേണ്ടിയാണ് ഈ നിയമം നടപ്പാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഡൽഹിയിലെ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹത്തിന്റെ നാലാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്നാഴ്‌ച്ചയായി ഗാന്ധിയൻ മാതൃകയിലാണ് കർഷകർ ഡൽഹിയിൽ സമരമിരിക്കുന്നത്. അവർക്കിത് ജീവന്മരണ പ്രശ്‌നമാണ്. രാജ്യത്തിനുവേണ്ടി ഒരുപാട് ചോര ഒഴുക്കിയവരും ജീവത്യാഗം ചെയ്തവരുമാണവർ.

നിയമം പിൻവലിക്കണം, അതിൽകുറഞ്ഞൊന്നും സ്വീകര്യമല്ലെന്ന് അവർ പറയുമ്പോൾ അതിനു ചെവികൊടുക്കാതിരിക്കരുത്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ മുതലെടുപ്പിനു വേണ്ടിയുള്ള സമരമല്ലിത്. എല്ലാ രാഷ്ട്രീയ പരിഗണനകൾക്കും മുകളിലാണത്. സമരമിരിക്കുന്നവരാരും തന്നെ ദേശദ്രോഹികളല്ല, മറിച്ച്, ദേശത്തെ ഏറ്റവും സേവിച്ചവരും ജീവൻ ബലികഴിപ്പിച്ചവരുമാണ്. നമ്മുടെ ജനാധിപത്യത്തിന്റെ അടിത്തറതന്നെ ഉറപ്പിക്കേണ്ട സമയമാണിത്. ഐക്യരാഷ്ട്രസഭപോലും ഇന്ത്യയെ നോക്കി ശാസിക്കുന്നു എന്നു വരുന്നത് വളരെ ലജ്ജാകരമാണ്.

വൈകിയവേളയിലെങ്കിലും വിവേകമുദിച്ച് പ്രശ്‌നത്തിനു പരിഹാരം കാണണം. ഭരണകക്ഷിയിലുള്ളവരും ഈ ആവശ്യം ഉന്നയിക്കണം. പൗരനെ നിലയിൽ ഒരുപാട് ആശങ്കങ്കളുള്ളതുകൊണ്ടാണ് ഈ സമരത്തിൽ പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.