- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യം അകത്തു ചെല്ലുമ്പോൾ മകനെ ഐഎഎസ് ആക്കണം; കുട്ടിയെ ചട്ടുകം വച്ചു പൊള്ളിച്ചത് രണ്ടു തവണ; മാതാവ് കണ്ടത് ചെറിയ ശിക്ഷയായി; വെള്ളം ഉള്ളിൽ ചെന്നാൽ മാതാവിനും മകനും പൊതിരെ തല്ല്: അടൂരിൽ മൂന്നാം ക്ലാസുകാരനെ പീഡിപ്പിച്ച പിതാവിന്റെ രീതികൾ ഇതൊക്കെ
അടൂർ: മദ്യം ഉള്ളിൽ ചെല്ലുമ്പോൾ മകൻ ഐഎഎസുകാരനാകണമെന്ന് ആഗ്രഹിക്കുന്ന പിതാവ്. പാഠഭാഗത്തിലെ ചോദ്യങ്ങൾക്ക് ശരിയുത്തരം കിട്ടിയില്ലെങ്കിൽ ക്രൂരമർദനം. ചട്ടുകം ചൂടാക്കി പൊള്ളിക്കും. തടയാൻ ശ്രമിക്കുന്ന മാതാവും തൊഴി വാങ്ങി കൂട്ടും. മദ്യമില്ലെങ്കിൽ മാന്യൻ. കൂലിപ്പണി ചെയ്തു കുടുംബം പുലർത്തുന്നു. അടൂരിൽ മൂന്നാം ക്ലാസിൽ പഠിക്കുന്ന എട്ടു വയസുകാരനെ ചട്ടുകം പൊള്ളിച്ച കേസിൽ അറസ്റ്റിലായ പിതാവിന്റെ രീതികൾ ഇതൊക്കെയാണ്.
മദ്യലഹരിയിലാണ് അച്ഛൻ കുട്ടിയെ ശിക്ഷിച്ചതെന്ന് ചൈൽഡ് വെൽഫയർ കമ്മറ്റി ചെയർപേഴ്സൺ ദീപാ ഹരി പറഞ്ഞു. രണ്ടു തവണയായിട്ടാണ് കടുത്ത ശിക്ഷ കുട്ടിക്ക് പിതാവ് നൽകിയത്. അച്ഛൻ റിമാൻഡിലാണ്. മാതാവ് ചൈൽഡ് ലൈനിൽ പരാതിപ്പെട്ടതിനെ തുടർന്നായിരുന്നു അറസ്റ്റ്. മൂന്നു തവണ തന്നെ പിതാവ് ഉപദ്രവിച്ചുവെന്നാണ് കുട്ടിയുടെ മൊഴി. വിദഗ്ധ പരിശോധനയിൽ രണ്ടു തവണ പൊള്ളിച്ചതായി കണ്ടെത്തി. ഒരു പൊള്ളൽ തുടയിലാണ്. അത് ഭേദമായി വരുമ്പോഴാണ് കഴിഞ്ഞ 30 ന് വീണ്ടും പൊള്ളിച്ചത്.
കുട്ടിയെ മനഃപൂർവം ഉപദ്രവിക്കണമെന്ന ഉദ്ദേശം അച്ഛന് ഇല്ലായിരുന്നുവെന്ന് ചൈൽഡ് വെൽഫയർ കമ്മറ്റി ചെയർപേഴ്സൺ പറയുന്നു. മദ്യം ഉള്ളിൽ ചെല്ലുമ്പോൾ മകനെ പഠിപ്പിക്കാനെത്തും. ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാത്തപ്പോഴാണ് മർദനവും പീഡനവും. തനിക്ക് പഠിച്ച് ഒന്നുമാകാൻ കഴിഞ്ഞില്ല. മകനെ പഠിപ്പിച്ച് ഐഎഎസുകാരനാക്കണമെന്ന ചിന്ത പൊന്തി വരുന്നത് മദ്യം ഉള്ളിൽ ചെല്ലുമ്പോഴാണ്. അപ്പോൾ പഠിപ്പിക്കാനിറങ്ങും. പിന്നെ മർദനം തുടങ്ങും.
സ്‌കൂളില്ലാത്തതിനാൽ കുട്ടിയെ സമീപത്തെ വീട്ടിൽ ട്യൂഷന് അയയ്ക്കുന്നുണ്ട്. അച്ഛൻ ജോലിക്ക് പോയപ്പോൾ കുറച്ച് പാഠഭാഗങ്ങൾ മകനെ പഠിക്കാൻ ഏൽപിച്ചിരുന്നു. വൈകിട്ട് തിരിച്ചു വന്ന് എഴുതിച്ചപ്പോൾ അറിയാതെ വന്നപ്പോൾ ചട്ടുകം പൊള്ളിച്ച് വയ്ക്കുകയായിരുന്നു. ജോലി കഴിഞ്ഞ് മടങ്ങി എത്തിയ അമ്മ കുട്ടിയുടെ പൊള്ളൽ കണ്ടെങ്കിലും കാര്യമാക്കിയില്ല. പൊള്ളലേറ്റ ഭാഗത്ത് ടൂത്ത് പേസ്റ്റ് തേച്ചു കൊടുത്തു.
പിറ്റേന്ന് ജോലി ചെയ്യുന്ന ഹോട്ടലിൽ വച്ച് ഉടമയോടും മറ്റും ഇക്കാര്യം പറഞ്ഞു. അവരാണ് വിവരം ചൈൽഡ് ലൈനിനെ അറിയിക്കാൻ പറഞ്ഞത്. തുടർന്ന് ചൈൽഡ് വെൽഫയർ കമ്മറ്റി മാതാവിനെയും മകനെയും വിളിച്ചു വരുത്തി മൊഴി എടുത്ത് പൊലീസിന് കൈമാറുകയായിരുന്നു. ചൈൽഡ് ലൈനിന്റെ സംരക്ഷണയിലുള്ള കുട്ടി റാന്നി താലൂക്കാശുപത്രിയിലാണ് ഇപ്പോഴുള്ളത്.
സംരക്ഷണം നൽകാൻ ബുദ്ധിമുട്ടുണ്ടെന്ന് മാതാവ് അറിയിച്ചിട്ടുണ്ട്. വാർഡ് മെമ്പർ അടക്കമുള്ളവർ കുട്ടിയെ അടൂർ വിവേകാനന്ദ ബാലാശ്രമത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് നിയമ തടസമൊന്നുമില്ലെന്ന് ചെയർപേഴ്സൺ പറഞ്ഞു. കുട്ടി ഇപ്പോൾ നല്ല മാനസികാവസ്ഥയിലാണുള്ളതെന്നും ചെയർപേഴ്സൺ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ