അടൂർ: സിപിഎം ഏരിയാ സമ്മേളനം ഇന്ന് തുടങ്ങും. കിളിവയൽ മയൂരം ഓഡിറ്റോറിയമാണ് സമ്മേളന വേദി. നിലവിലുള്ള ഏരിയാ സെക്രട്ടറി അഡ്വ. എസ്. മനോജിനെ വിചാരണ ചെയ്യാനുള്ള വേദി കൂടിയായി മാറും സമ്മേളനം. പ്രതിനിധികളിൽ ഭൂരിഭാഗവും മനോജിന്റെ വഴി വിട്ട നീക്കങ്ങളും അനധികൃത സ്വത്തു സമ്പാദനവും ചോദ്യം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിലാണ്. പാർട്ടിക്ക് കൂടി നാണക്കേട് വരുത്തി വച്ചതിന്റെ പേരിലാണ് മനോജിനെതിരേ സമ്മേളനം പ്രക്ഷുബ്ധമാകുന്നത്.

ഏകാധിപതിയെപ്പോലെ പ്രവർത്തിച്ച ഏരിയാ സെക്രട്ടറി കഴിഞ്ഞ നാലു വർഷത്തിനിടെ കാട്ടിക്കൂട്ടിയ അഴിമതിക്കും ക്രമക്കേടുകൾക്കുമെല്ലാം മറുപടി നൽകേണ്ടി വരുമെന്ന് സമ്മേളന പ്രതിനിധികൾ പറഞ്ഞു. മനോജ് അടക്കമുള്ള നേതാക്കളുളെ സ്പിരിറ്റ് മാഫിയ ബന്ധവും അവിശുദ്ധ കൂട്ടുകെട്ടും ചോദ്യം ചെയ്ത മാഞ്ഞാലിക്കാരൻ വിനോദ്കുമാറിനെ തല്ലിക്കൊന്ന് തോട്ടിൽ തള്ളിയ കേസിൽ മനോജ് ആരോപണ വിധേയനാണ്. വിനോദിന്റെ മാതാവും സഹോദരനും ഇതു സംബന്ധിച്ച് ഹൈക്കോടതിയിൽ കേസ് നൽകിയിരുന്നു.

കോടതി നിർദേശ പ്രകാരം നടന്ന ക്രൈംബ്രാഞ്ച് അന്വേഷണം പാർട്ടി ഇടപെട്ട് മരവിപ്പിച്ചിരിക്കുകയാണ്. മൂന്നു മാസത്തിനകം പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് ജസ്റ്റിസ് കമാൽ പാഷയ്ക്ക് മുമ്പാകെ ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ട് മൂന്നു വർഷം കഴിഞ്ഞു. ഈ അന്വേഷണം മനോജിലേക്കും മറ്റു മൂന്നു പേരിലേക്കും നീളുമെന്ന് വന്നതോടെയാണ് അട്ടിമറിക്കപ്പെട്ടത്. മനോജാണ് വിനോദിനെ കൊന്നതെന്ന് മാതാവും സഹോദരനും ആവർത്തിച്ച് പറയുന്നു. പക്ഷേ, ഈ കേസ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ ക്രൈംബ്രാഞ്ചിന് താൽപര്യമില്ല. ഈ വിവരം ഹൈക്കോടതിയെ അറിയിക്കാനായി വിനോദിന്റെ അമ്മയും സഹോദരനും ഹർജി നൽകാൻ തയ്യാറെടുക്കുകയാണ്.

സമാനമായ രീതിയിലാണ് ജോയൽ എന്ന ഡിവൈഎഫ്ഐ നേതാവിനെയും വകവരുത്തിയത്. വ്യാജരേഖ ചമച്ച് കെടിഡിസിയിൽ അടക്കം നിയമന ഉത്തരവ് നൽകി മൂന്നുകോടിയോളം തട്ടിയ ജയസൂര്യ പ്രകാശ് എന്ന ഡിവൈഎഫ്ഐക്കാരിയുടെ ഡ്രൈവർ ആയിരുന്നു ജോയൽ. ഏരിയാ സെക്രട്ടറി മനോജും മറ്റ് ജില്ലാ നേതാക്കളുമായി തട്ടിപ്പുകാരിക്ക് അടുത്ത ബന്ധമായിരുന്നു. കൊല്ലം പൊലീസ് ജയസൂര്യയെ അറസ്റ്റ് ചെയ്തപ്പോൾ മനോജ് അടക്കമുള്ളവർ അവിടെയെത്തി തങ്ങളുടെ പേര് പുറത്തു പറയരുതെന്ന് അഭ്യർത്ഥിച്ചിരുന്നു. അടൂരിലെ സിപിഎമ്മിന്റെ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ബ്രാൻഡ് അംബാസിഡർ ആയിരുന്നു ജയസൂര്യ.

തട്ടിപ്പ് നടത്തിയ പണം ഇവിടെ സംഭാവനയായും നൽകി. ഈ വിവരം അറിയാമായിരുന്ന ജോയൽ അത് മറ്റ് ചിലരോടൊക്കെ സൂചിപ്പിച്ചു. ജോയലിന്റെ വെളിപ്പെടുത്തലുകൾ തങ്ങൾക്ക് എതിരാകുമെന്ന് വന്നതോടെ അടൂർ ഇൻസ്പെക്ടർ ആയിരുന്ന യു. ബിജുവിനെ കൊണ്ട് അയാളെ ക്രൂരമായി മർദിക്കുകയായിരുന്നു. കൃത്യം മൂന്നാം മാസം ജോയൽ മരിച്ചു. ഇതിനെതിരേ ജോയലിന്റെ പിതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഒടുവിൽ അവർ ഹൈക്കോടതിയിൽ കേസ് നൽകിയിരിക്കുകയാണ്. ഇതിലും പ്രതിസ്ഥാനത്ത് ഏരിയാ സെക്രട്ടറിയുണ്ട്. കോടികളുടെ വീടാണ് ഏരിയാ സെക്രട്ടറി പണി കഴിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഉറവിടം വ്യക്തമാക്കണമെന്നുള്ള ആവശ്യവും ഉയരുന്നുണ്ട്. പറക്കോട് സർവീസ് സഹകരണ ബാങ്ക്, പഴകുളം സർവീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ നടന്ന ക്രമക്കേടുകളിൽ ഏരിയാ നേതൃത്വത്തിന്റെ പങ്ക് വ്യക്തമാണ്. ഇതിനെതിരേ നിലപാട് എടുത്ത സിപിഐ നേതാവിനെ പെണ്ണുകേസിൽ കുടുക്കി തങ്ങൾക്കൊപ്പമാക്കിയിരിക്കുകയാണ് ഏരിയാ നേതൃത്വം.

അടൂർ താലൂക്കിലെ മണ്ണു കടത്തലിന്റെ മൊത്തവ്യാപാരം സിപിഎം ഏരിയാ നേതാക്കൾക്കാണ്. ഇതിന് കൃത്യമായ പടി മണ്ണുമാഫിയയിൽ നിന്ന് കൈപ്പറ്റുന്നു. ഏരിയാ സെക്രട്ടറിയും ജില്ലാ സെക്രട്ടറിയേറ്റ് അംഗവും പാസ്പോർട്ട് സംഘടിപ്പിച്ചത് ക്രിമിനൽ കേസുകൾ നിലനിൽക്കുന്നുവെന്ന വിവരം മറച്ചു വച്ചാണ്. ഏരിയാ സെക്രട്ടറിക്ക് അനുകൂലമായി, ക്രിമിനൽ കേസുകൾ മറച്ചു വച്ച് പാസ്പോർട്ട് വേരിഫിക്കേഷൻ നടത്തിക്കൊടുത്ത ബിജു എന്ന പൊലീസുകാരൻ വകുപ്പുതല അന്വേഷണം നേരിടുകയാണ്. ഏരിയാ നേതൃത്വത്തിന്റെ പ്രവൃത്തികൾക്ക് ഒത്താശ ചെയ്യുന്ന ജില്ലാ സെക്രട്ടറിക്കും മറ്റു നേതാക്കൾക്കും എതിരേ ശക്തമായ വിമർശനം ഉയരും. നിലവിലെ ഏരിയാ നേതൃത്വം തുടരാനാണ് ഭാവമെങ്കിൽ കടമ്പനാട്, പള്ളിക്കൽ, ഏറത്ത് പഞ്ചായത്തുകളിൽ നിന്ന് കൂട്ടത്തോടെ പ്രവർത്തകർ പാർട്ടി വിട്ട് സിപിഐയിൽ ചേരാനും തീരുമാനമെടുത്തിട്ടുണ്ട്.

ഏരിയാ സെക്രട്ടറിയുടെ അനധികൃത സമ്പാദ്യവും ക്രിമിനൽ പശ്ചാത്തലവും വാർത്തയാക്കിയ മാധ്യമ പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കാൻ നടത്തിയ നീക്കവും തിരിച്ചടിച്ചു. തനിക്കെതിരായ വാർത്തകൾ തെറ്റാണെന്നാണ് ഏരിയാ സെക്രട്ടറി പറയുന്നത്. അങ്ങനെയെങ്കിൽ മാനനഷ്ടക്കേസ് കൊടുക്കുകയാണ് വേണ്ടത്. അതിന് പകരം ബ്ലാക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചുവെന്നൊരു വ്യാജപരാതി അടൂർ പൊലീസിൽ നൽകുകയാണ് മനോജ് ചെയ്തത്. അടൂർ ഡിവൈഎസ്‌പി, പൊലീസ് ഇൻസ്പെക്ടർ എന്നിവർ ഒത്താശ ചെയ്ത് എഫ്ഐആർ ഇട്ടെങ്കിലും തുടരന്വേഷണത്തിന് അവർ തയാറായില്ല.

കേസ് കെട്ടിച്ചമച്ചതാണെന്ന് മറ്റാരേക്കാളും നന്നായി അറിയാവുന്ന അവർ പിന്നീട് വരാവുന്ന ഭവിഷത്ത് ഓർത്താണ് പിന്മാറിയത്. ഇതോടെ കേസ് ജില്ലാ സി ബ്രാഞ്ചിന് കൈമാറി. ഇത് കള്ളക്കേസാണെന്ന് ഒറ്റനോട്ടത്തിൽ മനസിലായ ഡിവൈഎസ്‌പി വിജെ ജോഫി എഴുതി തള്ളാൻ റിപ്പോർട്ട് നൽകി. കള്ളക്കേസ് തനിക്ക് തിരിച്ചടിക്കുമെന്ന് വ്യക്തമായ മനോജ് ഭരണ സ്വാധീനം ഉപയോഗിച്ച് ജോഫിയെ മാറ്റി പകരം തന്റെ സ്വന്തം ആളായ ഉമേഷ്‌കുമാറിനെ കൊണ്ടു വന്നു. ഒരു തെളിവുമില്ലാത്തതിനാൽ ക്രൈംബ്രാഞ്ച് സംഘം ഇരുട്ടിൽത്തപ്പുന്നു. ഇതെല്ലാം പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയ സംഗതികളാണ്. ഇതിന് പുറമേ നിരവധി ആരോപണങ്ങൾ ഏരിയാ സെക്രട്ടറിക്ക് എതിരേ നിലനിൽക്കുകയാണ്. സമ്മേളന പ്രതിനിധികളിൽ വലിയൊരു വിഭാഗം ഇത് ഇന്ന് ഉന്നയിക്കും.