തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ നടത്തിപ്പുകാരായ കമലിനും ബീനാപോളിനും അഭിനന്ദനം ചൊരിഞ്ഞ് വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ഏറ്റവും മികച്ച രാജ്യാന്തര ചലച്ചിത്രമേളയാണ് ഈ വർഷം നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ മേള കുറ്റമറ്റതായി സംഘടിപ്പിച്ച കമലിനും ബീനാ പോളിനും സംഘത്തിനും അഭിനന്ദനം അറിയിക്കുന്നു.

മേളയുടെ മൂന്നാം ദിവസമായ ഞായറാഴ്ചയും നടത്തിപ്പ് സംബന്ധിച്ച് ഒരുവധി പരാതികളും ഉയർന്നിട്ടില്ല. ഈ മികവിനെയാണ് ചലച്ചിത്ര അക്കാദമിയുടെ മുൻ അധ്യക്ഷൻ കൂടിയായ അടൂർ ഗോപാലകൃഷ്ണൻ അഭിനന്ദിച്ചത്. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന സുവർണ ചകോരത്തിന്റെ കഥയെന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടൂർ ഉൾപ്പെടെയുള്ള ചലച്ചിത്ര അക്കാദമിയിലെ മുൻഗാമികളെ പിന്തുടരുക മാത്രമാണ് തങ്ങൾ ചെയ്തതെന്ന് പുസ്തകം ഏറ്റുവാങ്ങിയ കമൽ പ്രതികരിച്ചു.

അടൂരിൽ നിന്ന് ഇങ്ങനെ വാക്കുകൾ കേൾക്കാനായത് അഭിമാനകരവും സന്തോഷകരവുമാണ്. ചരിത്രരേഖകൾ സൂക്ഷിക്കുകയെന്ന ഉത്തരവാദിത്തം പലപ്പോളും നിർവഹിക്കാൻ പലപ്പോഴും അക്കാദമിക്ക് കഴിയാറില്ലെന്നും അത് തിരുത്തുമെന്നും കമൽ പറഞ്ഞു.

പ്രമുഖ എഴുത്തുകാരനായ ശാന്തനാണ് 20 വർഷത്തെ മേളയുടെ ചരിത്രത്തെക്കുറിച്ച് പുസ്തകം എഴുതിയത്. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. കാർത്തികേയൻ നായരും എഴുത്തുകാരൻ ശാന്തനും അക്കാദമി അംഗം വികെ ജോസഫും പരിപാടിയിൽ സംസാരിച്ചു.